PRAVASI

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ കൊണ്ടാടപ്പെട്ടു

Blog Image

 

സൗത്ത്ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ ആഗസ്റ്റ് 23-ന് ഡബ്ല്യു. ചാർൾസ് ഫ്ലാനഗൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായി അരങ്ങേറി. മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷിക്കുന്ന വിവിധ പരിപാടികളാൽ സമ്പന്നമായിരുന്നു ഓണാഘോഷം. ‘കലഞ്ചിയം’ എന്ന വാക്കിന്റെ അർത്ഥം പോലെ, ഏറ്റവും മികച്ചത് സൂക്ഷിച്ചുവയ്ക്കുന്ന ധാന്യസംഭരണിയായി മാറിയ ‘കലഞ്ചിയം 2026’ ഓണാഘോഷം വിവിധ കലാ-സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരുന്നു.

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് നോയൽ മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിശിഷ്ട അതിഥികളായി പെംബ്രോക്ക് പൈൻസ് സിറ്റി മേയർ ആഞ്ചലോ കാസ്റ്റലോ, ഫോമാ (2026–2028) പ്രസിഡന്റ് ശ്രീ. ബിജു തോണിക്കടവിൽ, ഫോമാ സെക്രട്ടറി ശ്രീ. ബൈജു വർഗീസ് എന്നിവർ സന്നിഹിതരായി ചടങ്ങിന് ആശംസകൾ നേർന്നു. സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കൾ, മതനേതാക്കൾ, പുരോഹിതർ സാംസ്കാരികവും സാമൂഹികവുമായ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ഈ ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി. കേരളീയ പാരമ്പര്യവും ഓണത്തിന്റെ സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനച്ചടങ്ങ്. സന്നിഹിതരായ എല്ലാവർക്കും സെക്രട്ടറി ശ്രീ:സഞ്ജയ് നടുപറമ്പിൽ സ്വാഗതവും, ജോ: സെക്രട്ടറി ശ്രീ: ദീപക് ഗോപാലകൃഷ്ണൻ കൃതജ്ഞതയും അർപ്പിച്ചു

പരമ്പരാഗത കേരളീയ കലാരൂപങ്ങളും മാവേലി മന്നനും, തലപ്പൊലിയേന്തിയ മലയാളി മങ്കമാരോടു കൂടിയ സാംസ്കാരിക ഘോഷയാത്രയും സംഗീതവും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ എന്നിവ ഈ ആഘോഷത്തിന് മാറ്റുകൂട്ടി. വിവിധ പ്രായത്തിലുള്ളവർ ആവേശപൂർവം പങ്കെടുത്ത പരിപാടികൾ മലയാളികളുടെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും മനോഹരമായ വേദിയായി മാറി.

ഓണത്തിന്റെ പ്രധാന ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വലിയ ജന പങ്കാളിത്തമായിരുന്നു ഓണസദ്യയിൽ. കുടുംബസമേതം എത്തിയവർക്ക് പരമ്പരാഗത ഓണസദ്യയുടെ രുചി ആസ്വദിക്കാനും പരസ്പരം സൗഹൃദം പുതുക്കാനും ഈ ആഘോഷം അവസരമൊരുക്കി. കേരളസമാജം അവതരിപ്പിച്ച ഡിജിറ്റൽ മെംബർഷിപ്പ് എൻട്രി എന്ന നൂതനമായ സംവിധാനത്തിന്റെ ഫലപ്രദമായ പരിശോധനയും സമയക്രമീകരണവും വഴി ഓണസദ്യയിൽ സാധാരണയായി ഉണ്ടാകുമായിരുന്ന തിരക്ക് പരമാവധി കുറയ്ക്കുവാൻ സംഘാടകർക്കു കഴിഞ്ഞു. ഏർലി രജിസ്ട്രേഷൻ സംവിധാനത്തിലൂടെ യാതൊരു അപാകതകളുമില്ലാതെ 1200 -ൽ അധികം പേർക്ക് ഓണസദ്യയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരു വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.


കേരളത്തിന്റെ തനിമയും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ വർഷംതോറും ഓണാഘോഷം സംഘടിപ്പിക്കുന്നത്. അതോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ദിയുടെ ഓർമ്മകൾ പുതുക്കിയ ദേശഭക്തി നിഴലിക്കുന്ന കലാപരിപാടികളൂo കലഞ്ചിയം 2026 -ന് മാറ്റ് കൂട്ടി . കലാമണ്ഡലം ഹരി മാരാരുടെയും, അഖിൽ മാരാരുടെയും ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ചുകൊണ്ടിരുന്ന 18 കുട്ടികൾക്ക് ഈ നിറഞ്ഞ സദസ്സിനുമുൻപിൽ അവരുടെ അരങ്ങേറ്റം നടത്തുവാൻ കഴിഞ്ഞു എന്നത് ഒരു സാംസ്കാരിക സംഘടന സമൂഹത്തിന് കൊടുത്ത സംഭാവനയായി വിലയിരുത്തേണ്ടതാണ്. അതോടൊപ്പം യൂത്ത് ഫോറം അവതരിപ്പിച്ച ഭാരതീയ നൃത്ത നൃത്യ കലാരൂപങ്ങളുടെ സമന്വയമായ ഒരു ഫാഷൻ ഷോ സദസ്സിന്റെ നിലക്കാത്ത കയ്യടികൾക്ക് സാക്ഷ്യപത്രമായി.

43 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ഈ സംഘടനക്ക് വടക്കേ അമേരിക്കയിലും കാനഡയിലുമായി പ്രവർത്തിക്കുന്ന 101 സമാന്തര സംഘടനകളിൽ വച്ച് ഏറ്റവും മികച്ച സംഘടനയായി ഫോമാ 2026 കൺവൻഷനിൽ വച്ച്തി രഞ്ഞെടുക്കപ്പെട്ടത്തിനു ലഭിച്ച ട്രോഫി, ഫോമ ഭാരവാഹികളുടെയും മുൻ പ്രസിഡന്റുമാരുടെയും, നിറഞ്ഞ സദസ്സിന്റെയും സാന്നിദ്ധ്യത്തിൽ കേരളസമാജത്തിനു വേണ്ടി പ്രസിഡന്റ് ഏറ്റുവാങ്ങിയത് എല്ലാ കേരളസമാജാംഗങ്ങൾക്കും ഒരു അഭിമാന നിമിഷമായി.

ഈ പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളോടൊപ്പം Women’s/ Youth Forums കൂടാതെ അനവധി സന്നദ്ധപ്രവർത്തകരുടെയും അശ്രാന്തപരിശ്രമം ഉണ്ടായിരുന്നു എന്നത് വളരെ പ്രകടമായിരുന്നു. ഈ കൂട്ടായ പ്രവർത്തനമാണ് ‘കലഞ്ചിയം 2026’ ഇത്രയും വിജയകരമായത് എന്നത് തന്റെ അധ്യക്ഷപ്രസംഗത്തിൽ കേരളസമാജം പ്രസിഡന്റ് നന്ദിപൂർവ്വം അനുസ്മരിച്ചു. ദക്ഷിണ ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ഏറെ ശ്രദ്ധേയമായി.

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2026 -ലെ ഭരണസമിതി

നോയൽ മാത്യു (പ്രസിഡന്റ്)

ചെറിയാൻ എബ്രഹാം (വൈസ് പ്രസിഡന്റ്)

സഞ്ജയ് നടുപറമ്പിൽ (സെക്രട്ടറി)

നിധീഷ് ജോസഫ് (ട്രഷറർ)

ദീപക് ഗോപാലകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി)

വിനോദ് നായർ (ജോയിന്റ് ട്രഷറർ )

അജി വർഗീസ്

ഷിബു ജോസഫ്

നിക്സൺ ജോസഫ്

ബിജു ബെനിയാം

ജെയ്സൺ ജെയിംസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.