സംസ്ഥാനത്തെ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടന്നപ്പോൾ, പ്രവേശനോത്സവ വേദിയിൽ കുട്ടിക്കാലത്തെ മഴനനഞ്ഞ സ്കൂൾ ദിനങ്ങളും അനുഭവങ്ങളും ആശങ്കകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്കൂൾ തുറക്കുന്ന ദിവസം പോലും മഴയില്ലാത്ത അവസ്ഥ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രതിഫലനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“സ്കൂൾ തുറക്കൽ എന്ന് പറഞ്ഞാൽ മഴയും, പുതിയ പുസ്തകങ്ങളുടെ മണവും, കൂട്ടുകാരുടെ ചിരിയും ആയിരുന്നു ഞങ്ങളുടെ തലമുറയുടെ ഓർമ്മ. ആ മഴ ഇന്ന് കാണാനില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു,” എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ചടങ്ങിന്റെ പ്രധാന സന്ദേശമായി മാറിയത്. സ്കൂൾ തുറക്കുന്ന ദിവസം എന്നത് അന്നത്തെ കുട്ടികൾക്ക് മഴയുടെയും ആഘോഷത്തിന്റെയും ദിനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

