PRAVASI

ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി; അനുകൂലിച്ച്‌ എൽഡിഎഫ്

Blog Image

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷമായ എല്‍ഡിഎഫ് അനുകൂലിച്ചു. അതേസമയം, ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. ബിജെപിയുടെ രണ്ട് അംഗങ്ങളും എല്‍ഡിഎഫിന്റെ രണ്ട് അംഗങ്ങളും ഉള്‍പ്പെടെ നാല് ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു.
ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ പ്രതിപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ സമരം നടത്തവെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഇക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരേ നിലപാട് സ്വീകരിച്ചു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കുന്നത്. കേരളത്തിന്റെ പാത പിന്തുടര്‍ന്ന് പ്രതിപക്ഷം ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചേക്കും.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ മാറ്റണം എന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്ന ഫോം 6ല്‍ മാറ്റം വരുത്തിയത്, കമ്മീഷനിലെ മറ്റു രണ്ട് അംഗങ്ങളും ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള കാര്യങ്ങളെല്ലാം പ്രമേയത്തില്‍ പറയുന്നു.വോട്ടര്‍ പട്ടിക തയാറാക്കാന്‍ ഉപയോഗിച്ച സോഫ്റ്റ് വെയര്‍ ചട്ടപ്രകാരം സുതാര്യമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അര്‍ഹരായ എല്ലാവര്‍ക്കും വോട്ടവകാശം ലഭിക്കാന്‍ നടപടി എടുക്കണം. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ നിഷ്പക്ഷമായി കമ്മീഷന്‍ പ്രവര്‍ത്തിക്കണം. ഇപ്പോഴത്തെ കമ്മീഷന്റെ പ്രവര്‍ത്തനം സുതാര്യത നഷ്ടപ്പെടുത്തി. പൗരന്റെ വോട്ടവകാശം കവരുന്നത് ഭരണഘടനാ ലംഘനമാണ്. ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ മാറ്റം വരുത്തിയത് നിഷ്പക്ഷത തകര്‍ത്തു. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണം. എസ്‌ഐആറിലെ അപാകത പരിഹരിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണം- പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.