ഡാളസ്: നോർത്ത് ടെക്സാസിലെ ക്നാനായ സമൂഹത്തിന്റെ സാംസ്കാരിക-സാമൂഹിക സംഘടനയായ ക്നാനായ കാത്തോലിക് അസോസിയേഷൻ ഡാളസ് -ഫോർട്ട് വർത്തു് (KCADFW) 2026-ലെ വിദ്യാഭ്യാസ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. അക്കാദമിക മികവ്, കഠിനാധ്വാനം, ഉന്നത വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത, കൂടാതെ ക്നാനായ സമൂഹത്തിലെ സജീവ പങ്കാളിത്തം എന്നിവയിലൂടെ ശ്രദ്ധേയരായ വിദ്യാർത്ഥികളെയാണ് ഈ വർഷം അവാർഡുകൾക്കായി തെരഞ്ഞെടുത്തത്. അവരുടെ നേട്ടങ്ങൾ മുഴുവൻ ക്നാനായ സമൂഹത്തിനും അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് കെ.സി.എ.ഡി.എഫ്.ഡബ്ല്യു എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
ഈ വർഷത്തെ കെ.സി.എ.ഡി.എഫ്.ഡബ്ല്യു ആനാലിൽ എഞ്ചിനീയറിംഗ് എജുക്കേഷൻ അവാർഡ് ജെയിംസിന്റെയും അനു കുളങ്ങരയുടെയും മകനായ മാത്യു കുളങ്ങരയ്ക്ക് ലഭിച്ചു. വിദ്യാഭ്യാസം, അച്ചടക്കം, ജീവിതകാല പഠനം എന്നിവയ്ക്ക് അതീവ പ്രാധാന്യം നൽകിയിരുന്ന എഞ്ചിനീയർമാരായ പരേതരായ കുര്യാക്കോ (തമ്പി) ആനാലിൽ , ബിബി കെ. ആനാലിൽ എന്നിവരുടെ സ്മരണാർത്ഥമാണ് ഈ അവാർഡ് സ്ഥാപിച്ചിട്ടുള്ളത്. എഞ്ചിനീയറിംഗ് രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം നൽകുന്നത്. രണ്ടായിരം ഡോളർ ആണ് അവാർഡ് മൂല്യം .
അതേസമയം, കെ.സി.എ.ഡി.എഫ്.ഡബ്ല്യു 2026 വിദ്യാഭ്യാസ അവാർഡിൽ ഒന്നാം സ്ഥാനം നേടിയത് പാക്കാട്ടിൽ മാത്യുവിന്റെയും മായയുടെയും മകനായ അലൻ മാത്യു പാക്കട്ടിൽ ആണ്. അലൻ ടെക്സസ് എ & എം യൂണിവേഴ്സിറ്റിയിൽ കെമിക്കൽ എഞ്ചിനീയറിംഗ് പഠനത്തിനായി പ്രവേശനം നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനം ജോർജ് മാത്യൂസിന്റെയും സീമ മാത്യൂസ് അറക്കപ്പറമ്പിലിന്റെയും മകനായ ഇമ്മാനുവൽ അറക്കപ്പറമ്പിൽ കരസ്ഥമാക്കി. ഇമ്മാനുവൽ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസ് (UTD)-ൽ ബിരുദ പഠനത്തിനായി ചേർക്കപ്പെടുകയാണ്.
അവാർഡ് ജേതാക്കളെ അഭിനന്ദിച്ച കെ.സി.എ.ഡി.എഫ്.ഡബ്ല്യു പ്രസിഡന്റ് ബൈജു ആലപ്പാട്ട് സമൂഹത്തിലെ യുവതലമുറയുടെ വിദ്യാഭ്യാസ നേട്ടങ്ങൾ അഭിമാനകരമാണെന്നും ഭാവിയിലും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ തുടരുമെന്നും അറിയിച്ചു.
അവാർഡ് നിർണയ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ.സി.എ.ഡി.എഫ്.ഡബ്ല്യു വിദ്യാഭ്യാസ കമ്മിറ്റി അംഗങ്ങളായ എബി ആനാലിൽ, ടോം ചാക്കോ ചെന്നങ്ങാട്ട്, ആഷ് ലി തറയിൽ എന്നിവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച എല്ലാ ജേതാക്കൾക്കും കെ.സി.എ.ഡി.എഫ്.ഡബ്ല്യുവിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവി ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ ആശംസകളും നേർന്നു.


