2026-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ ഒന്നൊഴിയാതെ ഞാൻ കണ്ടിരുന്നു. ടെലിവിഷനിൽ സൗജന്യമായി ലഭിച്ചിരുന്നതുകൊണ്ട് ആദ്യമൊക്കെ സ്പാനിഷ് ചാനലിലായിരുന്നു കളി കണ്ടിരുന്നത്. സ്പാനിഷ് ഭാഷ ഒട്ടും അറിയില്ലെങ്കിലും, running commentery-യിൽ ഇടയ്ക്കിടെ പറയുന്ന ഒരു വാക്ക് ശ്രദ്ധയിൽപ്പെട്ടു—'കപ്പിത്താൻ'!
അത് നമ്മുടെ മലയാളത്തിലെ അതേ വാക്ക് തന്നെയാണല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീട്, കയ്യിൽ ആ പ്രത്യേക ബാഡ്ജ് അണിഞ്ഞുനിൽക്കുന്ന ടീം ക്യാപ്റ്റൻമാരിലേക്ക് ശ്രദ്ധ തിരിഞ്ഞു.
.png)
കളിക്കളത്തിൽ കണ്ണ് ഉടക്കിയത് സ്പാനിഷ് ടീമിന്റെ മധ്യനിര കളിക്കാരനായ റോഡ്രി(Rodri) യിലായിരുന്നു. 2024-ൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ബാലൺ ദി ഓർ' ( Men's Ballon d'Or) പുരസ്കാരവും, 2026 ലോകകപ്പിലെ മികച്ച താരത്തിനുള്ള 'ഗോൾഡൻ ബോൾ' (World Cup Golden Ball - 790 passes across the tournament with an astonishing accuracy rate of over 93%). ) പട്ടവും സ്വന്തമാക്കിയ ആ നായകൻ, ടൂർണമെന്റിലുടനീളം ഒരൊറ്റ ഗോൾ പോലും അടിച്ചിരുന്നില്ല! സ്വന്തമായി ഗോൾ അടിക്കാൻ എത്രയോ അവസരങ്ങൾ ലഭിച്ചിട്ടും റോഡ്രി അത് ചെയ്തില്ല; പകരം പന്ത് തൊട്ടടുത്ത് മെച്ചപ്പെട്ട പൊസിഷനിൽ നിൽക്കുന്ന ടീമംഗങ്ങൾക്ക് കൈമാറി അവരെക്കൊണ്ട് ഗോൾ അടിപ്പിക്കുകയാണ് ചെയ്തത്.

സ്വയം ഗോൾ അടിച്ച് പ്രശസ്തി നേടുന്നതിനേക്കാൾ ടീമിന്റെ വിജയത്തിനായിരുന്നു റോഡ്രി പ്രാധാന്യം നൽകിയത്.
അതാണ് യഥാർത്ഥ നായകത്വവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം!
കളിക്കളത്തിൽ എപ്പോഴും മുന്നോട്ട് മാത്രം ഓടുകയല്ല റോഡ്രി ചെയ്തത്. പലപ്പോഴും മുന്നോട്ട് ആക്രമിച്ചു കയറുന്നതിനു പകരം, പന്ത് ശാന്തമായി പുറകിലേക്ക് സ്വന്തം ഗോൾകീപ്പർക്ക് പാസ് ചെയ്യുന്നത് കണ്ടപ്പോൾ തുടക്കത്തിൽ അല്പം അമ്പരപ്പ് തോന്നി. എന്നാൽ പിന്നീട് റീപ്ലേ കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്.
എതിരാളികൾ വിങ് സൈഡിൽ നിരന്നുനിന്ന് വലിയ പ്രതിരോധം തീർത്തിരിക്കുകയായിരുന്നു. അതിനെ മറികടക്കാൻ പന്ത് പിന്നിലേക്ക് നൽകി കളി വീണ്ടും പുനഃക്രമീകരിക്കുന്നതായിരുന്നു റോഡ്രിയുടെ ഏറ്റവും ബുദ്ധിപരമായ നീക്കം.
ഇത് കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ശ്രീ ഫിലിപ്പോസ് ഫിലിപ്പിന്റെ ചിത്രമാണ്. സ്പാനിഷ് കപ്പിത്താന്റെ വിവേകവും ദൂരക്കാഴ്ചയുമാണ് ഫിലിപ്പിന്റെ ശൈലിയിൽ നിഴലിക്കുന്നത്. ഫൊക്കാനയിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും കൃത്യമായ ആശയവിനിമയം നടത്താനും അദ്ദേഹത്തിന് സാധിക്കുന്നത് ഇതുകൊണ്ട് മാത്രമാണ്.
ഇവിടെയും നാട്ടിലും നിരവധി നേതാക്കളുമായി അടുത്ത് ഇടപെട്ടിട്ടുണ്ട്. ചിലർക്ക് പത്രങ്ങളിൽ സ്വന്തം ചിത്രം മാത്രം വരണമെന്ന നിർബന്ധമാണ്. മറ്റു ചിലരാകട്ടെ കൂടെയുള്ളവരെ ചിത്രത്തിൽ സമ്മതിക്കുമെങ്കിലും, സ്വന്തം പടം എല്ലാവരുടെയും മുന്നിൽ വേറിട്ടു നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ മൂന്നാമതൊരു കൂട്ടരുണ്ട്; അവർ ക്യാമറയുടെ വശങ്ങളിലേക്ക് മാറിനിന്ന്, സ്വന്തം ടീമംഗങ്ങളെ മുൻനിരയിലേക്ക് നീക്കി നിർത്തി, അവരെ ഉയർത്തിക്കാട്ടുന്നവരാണ്.
പ്രസിഡന്റ് സ്ഥാനാർത്ഥി ശ്രീ ഫിലിപ്പോസ് ഫിലിപ്പ് ഈ മൂന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന നായകനാണ്. നീണ്ട ഇരുപത്തിയെട്ടു വർഷത്തെ അടുത്ത വ്യക്തിബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. ഈ നീണ്ട കാലയളവിനിടയിൽ പല ഘട്ടങ്ങളിലായി ഫൊക്കാനയിലും, എഞ്ചിനീയറിംഗ് അസോസിയേഷനിലും, വിവിധ സഭാ-സമുദായിക പ്രസ്ഥാനങ്ങളിലും പല നിലകളിൽ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും സംഘാടന മികവും എന്നെ എപ്പോഴും ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള ഒന്നാണ്.
'ബിസിനസ് മാനേജ്‌മെന്റിന്റെ' അടിസ്ഥാന തത്വമായ ചുമതല പങ്കുവെക്കൽ (Delegation), അതായത് ഉത്തരവാദിത്തങ്ങൾ അർഹരായവർക്ക് വീതിച്ചുനൽകി അവരെ വളർത്തുന്ന രീതി. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ശ്രീ ഫിലിപ്പോസ് ഫിലിപ്പ്. ഉയർന്ന സ്വപ്നങ്ങളെ ലക്ഷ്യമാക്കി, വഴിയിലെ പ്രതിസന്ധികളെ ഓരോന്നിനെയും വിജയപ്പടവുകളാക്കി മാറ്റുന്ന നിസ്വാർത്ഥമായ പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റേത്.
ഒരു തോണി തുഴയുന്നയാളെപ്പോലെയാണ് അദ്ദേഹം. വള്ളത്തിന്റെ ഏറ്റവും പിറകിലിരുന്നാണ് അമരക്കാരൻ തുഴയുന്നതും തോണിയുടെ ദിശ കൃത്യമായി നിയന്ത്രിക്കുന്നതും. സ്വയം ഗോൾ അടിച്ച് ലൈംലൈറ്റിൽ നിൽക്കാനല്ല, മറിച്ച് അവസരങ്ങൾ മറ്റുള്ളവർക്ക് നൽകി അവരെക്കൊണ്ട് 'ഗോൾ അടിപ്പിക്കാനും', ടീമിലെ ഓരോരുത്തരെയും മുൻനിരയിലേക്ക് നയിക്കുന്നതുമാണ് ഫിലിപ്പിന്റെ പ്രവർത്തന ശൈലി.
മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന സ്പാനിഷ് ക്യാപ്റ്റന്റെ ശാന്തതയോടെ, ആരോപണങ്ങളിൽ പതറാതെ ഉറച്ചുനിന്ന് വഴികാട്ടുന്ന നേതൃപാടവമാണ് ഫിലിപ്പോസ് ഫിലിപ്പ് കാഴ്ചവെക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങൾക്കു പകരം കൃത്യമായ വികസന കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചുകൊണ്ടാണ് അദ്ദേഹം ഫൊക്കാന ഇലക്ഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ഒരു മികച്ച അമരക്കാരന്റെ വിവേകത്തോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും, അനാവശ്യ തിടുക്കങ്ങളില്ലാതെ വിവേകത്തോടെ മുന്നേറാനും അദ്ദേഹത്തിന് സാധിക്കുന്നത് ഈ നേതൃപാടവം കൊണ്ടാണ്.
സ്പാനിഷ് ടീം തങ്ങളുടെ ഒത്തൊരുമയുള്ള ശൈലിയിലൂടെ മെസ്സി നയിച്ചിരുന്ന ശക്തരായ അർജെന്റിന ടീമിനെ പരാജയപ്പെടുത്തി
2026-ലെ ഫിഫ ലോക കപ്പ് ചാമ്പ്യന്മാരായി വിജയിച്ചപോലെ, തന്റെ ടീമിനെ മുന്നിൽ നിർത്തി, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വികസന മാതൃകയിലൂടെ ജനമനസ്സുകൾ കീഴടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീ ഫിലിപ്പോസ് ഫിലിപ്പ് മുന്നോട്ട് പോകുന്നത്.
.jpeg)

ബെന്നി കുര്യൻ, ന്യൂജേഴ്സി

