9 മാസം പ്രായമുള്ള ആലിൻ എബ്രഹാമിൻറെ അവയവങ്ങളുമായി ആംബുലൻസ് ചീറിപ്പാഞ്ഞുപോകുമ്പോൾ ടി വി സ്‌ക്രീനിൽ കണ്ടിരുന്നവരുടെ പോലും ഹൃദയമിടിപ്പ് അനുനിമിഷം വർദ്ധിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഈ അവയവ ദാതാവ് മല്ലപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റജി ശാമുവേലിൻറെ മകൻ്റെ കുഞ്ഞാണെന്നുള്ളത് നമ്മെ കൂടുതൽ ആകാംക്ഷാഭരിതരാക്കി. ആ പിഞ്ചുകുഞ്ഞിൻറെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ഈ വിഷമ സന്ധിയിലും മനസ്സാന്നിധ്യം കൈവിടാതെ അവയവദാനമെന്ന വലിയ തീരുമാനത്തിയതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഇതിനിടയിൽ ആരൊക്കെയോ ന്യായമായ ഒരു സംശയം പ്രകടിപ്പിച്ചു, ഇതുപോലൊരു അടിയന്തിരഘട്ടത്തിൽ ഹെലികോപ്റ്റർ ഉപയോഗിക്കാമായിരുന്നില്ലേ, എന്തുകൊണ്ട് റോഡ് മാർഗ്ഗം? എന്ന്. പോയിന്റ് A യിൽ നിന്ന് പോയിൻറ് B യിലേക്കുള്ള ഒരു യാത്ര എന്നമട്ടിൽ നോക്കിയാൽ ഒരുപക്ഷേ ഹെലികോപ്റ്ററായിരുന്നു മെച്ചം എന്ന് തോന്നിയേക്കാം. പക്ഷേ ഫ്ളയിങ് ടൈം മാത്രമല്ല. നൈറ്റ് റേറ്റിങ്ങുള്ള ഹെലികോപ്ടറിന്റെയും പൈലറ്റിൻറെയും ലഭ്യത, ആശുപത്രിയിൽ നിന്ന് ഹെലിപാഡിലേക്കുള്ള മാറ്റം, സിവിൽ ഏവിയേഷൻ രാത്രികാല പറക്കൽ അനുമതികൾ, അനുകൂല കാലാവസ്ഥ, ലക്ഷ്യസ്ഥാനത്തെ ലാൻഡിംഗ് സൗകര്യം, അവിടെനിന്നും അടുത്ത ആശുപത്രിയിലേക്കുള്ള മാറ്റം… ഇതെല്ലാം പരിഗണിച്ചുവേണം സമയം കണക്കുകൂട്ടാൻ.
അതേസമയം, കേരളത്തിലെ ഗ്രീൻ കോറിഡോർ സംവിധാനം (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ അഥവാ K-SOTTO) യും പോലീസും ചേർന്ന് സിഗ്നലുകൾ നിയന്ത്രിച്ച്, റോഡുകൾ ക്ലിയർ ചെയ്ത് കൊച്ചി-തിരുവനന്തപുരം യാത്ര ഏകദേശം 3 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ഹാർവെസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവയങ്ങൾക്ക് ഓരോന്നിനും ഓരോ സമയപരിധിയുണ്ട്. ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് 4-6 മണിക്കൂർ, കരൾ: 8-12 മണിക്കൂർ, കിഡ്‌നി 24-36 മണിക്കൂർ ഇങ്ങനെയാണെന്നു തോന്നുന്നു. അതിനുള്ളിൽ അത് എത്തേണ്ടിടത്ത് എത്തിക്കുക എന്നതാണു പ്രധാനം. ഇന്നത്തെ യാത്ര റോഡ് മാർഗ്ഗമാക്കിയത് ആലോചിച്ചെടുത്തതു തന്നെ എന്നുവേണം കരുതാൻ.
പൊലീസിൻറെ കൃത്യമായ ഏകോപനവും പൊതുജനങ്ങളുടെ ഹൃദയപൂർവ്വമായ സഹകരണവും മാധ്യമങ്ങളുടെ സമയോചിതമായ ഇടപെടലും ഇന്നത്തെ മിഷൻ വിജയിപ്പിച്ചതിൽ നിർണ്ണയായകമായിരുന്നു. മരണപ്പെട്ട പൈതലിൻറെ മാതാപിതാക്കളും ബന്ധുജനങ്ങളും, ഡോക്ടർമാരും, ആംബുലൻസ് ഓടിച്ച ഡ്രൈവറും ട്രാഫിക് നിയന്ത്രിച്ച പോലീസും, പ്രാർത്ഥനയോടെ നിറകണ്ണുകളോടെ നിന്ന ആയിരങ്ങളുമെല്ലാം ഈ മഹാദൗത്യത്തിൽ പങ്കാളികളായിരുന്നു എന്നോർക്കാം.

