PRAVASI

ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ കേരളാ തിരഞ്ഞെടുപ്പ് വിജയാഘോഷം

Blog Image

ഫിലഡൽഫിയ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വമ്പൻ വിജയത്തെ ആസ്പദമാക്കി ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ സംഘടിപ്പിച്ച വിജയാഘോഷം ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു. ഫിലഡൽഫിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് അനുകൂലികളും പ്രവാസി മലയാളികളും വലിയ തോതിൽ പങ്കെടുത്തു. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നേടിയ ശക്തമായ തിരിച്ചുവരവിൽ അംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതികരണങ്ങളും ആശങ്കയോടെയാണ് ചർച്ച ചെയ്യപ്പെട്ടത്.
കേരള നിയമസഭയിൽ 102 സീറ്റുകൾ നേടി കോൺഗ്രസ് മുന്നണി നേടിയ ചരിത്രവിജയം പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസവും ആവേശവും സൃഷ്ടിച്ചതായി നേതാക്കൾ അഭിപ്രായപ്പെട്ടു. “ജനാധിപത്യ മൂല്യങ്ങളിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവാണ് ഈ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നത്” എന്നായിരുന്നു നേതാക്കളുടെ പൊതുവായ വിലയിരുത്തൽ. ആഘോഷ ഹാൾ മുഴുവൻ മുദ്രാവാക്യങ്ങളാലും കൈയടികളാലും ആവേശഭരിതമായി.
എന്നാൽ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ കാലതാമസവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നതും അംഗങ്ങളിൽ ആശങ്കയ്ക്കിടയാക്കി. പാർട്ടി നേതൃത്വത്തിന് വ്യക്തവും വേഗത്തിലുള്ളതുമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. സംഘടനാ ഐക്യം സംരക്ഷിക്കപ്പെടണമെന്നും വിജയത്തിന്റെ ആത്മാവ് നഷ്ടപ്പെടരുതെന്നും പ്രസംഗകർ ഓർമ്മിപ്പിച്ചു.
പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന് ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാരായ ജോർജ് ഓലിക്കൽ, ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകളെക്കുറിച്ചും നേതാക്കൾ വിശദമായി സംസാരിച്ചു.

മുഖ്യപ്രഭാഷകരായ പ്രൊഫ്. കോശി തലക്കലും പ്രൊഫ്. സാം പനംകുന്നേലും കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലവും കോൺഗ്രസ് മുന്നണിയുടെ വിജയകാരണങ്ങളും വിശകലനം ചെയ്തു. 

ചർച്ചയിൽ അലക്സ് തോമസ്, കൊച്ചുമോൻ വയലത്ത്, കുര്യൻ രാജൻ, എൽദോ വർഗീസ്, ജെയിംസ് പീറ്റർ, തോമസ്കുട്ടി വർഗീസ്, നൈനാൻ മത്തായി, പോൾ വർക്കി കൊടിയാട്ട്, ജോൺ ചാക്കോ, കോര ചെറിയാൻ, ഗീവർഗീസ് ജോൺ, സ്റ്റാൻലി ജോർജ്, ജോൺ പണിക്കർ, ജോബി ജോൺ, അലക്സ് അലക്സാണ്ടർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. യുവജനങ്ങളുടെയും മധ്യവർഗത്തിന്റെയും പിന്തുണയാണ് വിജയത്തിന്റെ നിർണായക ഘടകമായതെന്ന് അവർ ചൂണ്ടിക്കാട്ടി.

കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി കൂടുതൽ ജനകീയ സമീപനം സ്വീകരിക്കണമെന്ന ആവശ്യവും പലരും ഉന്നയിച്ചു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സ്ഥിരതയും ഭാവിയും ഉറപ്പാക്കണമെങ്കിൽ, യോഗ്യരായ തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ലഭ്യമായിരിക്കെ കേരളത്തിൽ നിന്ന് ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരാളെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന് യോഗത്തിൽ ശക്തമായ അഭിപ്രായം ഉയർന്നു. അതിന് വിരുദ്ധമായ തീരുമാനം പാർട്ടിയുടെ ഭാവിയെ തന്നെ ബാധിക്കാമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ജനവിധിക്കെതിരായ തീരുമാനങ്ങൾ മൂലം മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് നേരിട്ട തിരിച്ചടികൾ എല്ലാവർക്കും പാഠമാണെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടപ്പെട്ടു. എം.പിമാർ എം.എൽ.എ സ്ഥാനത്തേക്കും എം.എൽ.എമാർ എം.പി സ്ഥാനത്തേക്കും മത്സരിച്ചതിലൂടെ പാർട്ടിക്ക് നിരവധി സീറ്റുകൾ നഷ്ടമായ അനുഭവങ്ങളും നേതാക്കൾ ഓർമ്മിപ്പിച്ചു. പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങൾ സംസ്ഥാന-കേന്ദ്ര നേതൃത്വ ഒഴിവാക്കണമെന്ന് അംഗങ്ങൾ അഭ്യർത്ഥിച്ചു.

പരിപാടിയുടെ ഭാഗമായി പ്രൊഫ്. സാം പനംകുന്നേൽ രചിച്ച ആത്മകഥയായ “ദേശാടന കിളികൾ കരയാറില്ല” എന്ന ഗ്രന്ഥം പ്രൊഫ്. കോശി തലക്കൽ ഡോ. ഈപ്പൻ ഡാനിയേലിനു സമർപ്പിച്ചു. പ്രൊഫ് സാം പനംകുന്നേലിന്റെ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ സ്നേഹസ്പർശവും നിറഞ്ഞ ഈ കൃതിയെക്കുറിച്ച് പങ്കെടുത്തവർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. സാഹിത്യവും സാമൂഹിക പ്രവർത്തനവും കൈകോർക്കുന്ന ഒരു മനോഹര നിമിഷമായിരുന്നു പുസ്തക സമർപ്പണച്ചടങ്ങ്.

പരിപാടിയുടെ അവസാനത്തിൽ വിജയാഘോഷ സൽക്കാരത്തിൽ പരസ്പരം അഭിനന്ദനങ്ങൾ നേർന്നും പ്രവർത്തകർ ആഘോഷം പങ്കിട്ടു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ചർച്ചകളും നിറഞ്ഞ ഒരു സംഗമമായിരുന്നു ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ ഈ വിജയാഘോഷം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.