PRAVASI

ചരിത്രം തിരുത്താൻ ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ കൌൺസിൽ. ഡോ. രഞ്ജിത് പിള്ള പ്രസിഡണ്ട്, ജെയിംസ് ചാക്കോ സെക്രട്ടറി, ബോബി ജോസഫ് ട്രെഷറർ

Blog Image

ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഇന്ത്യക്കാരുടെ രാഷ്ട്രീയ ദർശനങ്ങൾക്ക് പുതിയ ദിശാബോധവുമായി ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ കൌൺസിൽ നിലവിൽവന്നു. അമേരിക്കയിലെ ഇന്ത്യക്കാരും വരും തലമുറയും ജീവിതം കെട്ടിപ്പടുക്കേണ്ട ഈ നാടിൻറെ സുരക്ഷയും സമാധാന ജീവിതവും മുന്നിൽകണ്ട് ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് പിന്തുണകൊടുക്കാനും യൂറോപ്പിലെ പലരാജ്യങ്ങളും ഇന്നഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ അമേരിക്കയിലുണ്ടാകാതെ കാക്കുവാനും പ്രതിജ്ഞാബദ്ധമായ ഒരു സാമൂഹിക ക്രമം ഉണ്ടാകത്തക്കവണ്ണം പ്രവർത്തിക്കാനും തീരുമാനമെടുത്ത ഇന്ത്യക്കാരുടെ കൂട്ടായ്മ എന്ന നിലയിലാണ് ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറം നിലവിൽ വന്നത്. ഇതിനു മുന്നോടിയായി മുന്നോറോളം ആളുകൾ പങ്കെടുത്ത  സ്ഥാനാർഥികളെ പരിചയയപ്പെടുത്തുന്ന ഒരു യോഗത്തിനു ഇവർ വേദിയൊരുക്കിയിരുന്നു. 

മിസോറി സിറ്റിയിലെ അപ്ന ബസാർ ഓഡിറ്റോറിയത്തിൽ കൂടിയ ആദ്യയോഗത്തിൽ അൻപതോളം അംഗങ്ങൾ പങ്കെടുത്ത ജനറൽ കൗൺസിലിൽ നിന്ന് ഇരുപത്തിയഞ്ചു അംഗങ്ങളുള്ള ഒരു ഗവേർണിംഗ് ബോഡിയെ തിരഞ്ഞെടുത്തു . അതിൽ നിന്ന്  ഒൻപതു പേരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കൗണ്സിലിനെയും തിരഞ്ഞെടുത്തു. ഡോ രഞ്ജിത് പിള്ള പ്രസിഡണ്ട്, ജെയിംസ് ചാക്കോ സെക്രട്ടറി, ബോബി ജോസഫ് ട്രെഷറർ, ബിജു ഇട്ടൻ, ഫാൻസിമോൾ പള്ളാത്തുമഠം എന്നിവർ വൈസ് പ്രസിഡന്റുമാർ,  ആലീസ് തോമസ്,  സന്തോഷ് ഐപ്പ് എന്നിവർ ജോയിന്റ് സെക്രെട്ടറിമാരും ഡോ. ബിജു പിള്ള അസ്സോസിയേറ്റ് ട്രെഷററും ആയിരിക്കും. 'നേർകാഴ്ച' ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ മീഡിയ പബ്ലിക് റിലേഷൻസ് ഡയറക്ടറും ആയിരിക്കും.

ഇതിനു പുറമെ ഒൻപതുപേരടങ്ങുന്ന അഡ്വൈസറി കൗൺസിലും ഉണ്ടാകും. കെ പി ജോർജ്‌,  അനിൽ ആറന്മുള, ജോസഫ് ജെയിംസ്, പൊന്നു പിള്ള, ജോസഫ് ഓലിക്കൻ, മനു പൂപ്പാറയിൽ, ജി കെ പിള്ള, എന്നിവരെ അഡ്വൈസറി കൌൺസിൽ അംഗങ്ങളായി തെരഞ്ഞെടുത്തു. 

മലയാളികളും ഇന്ത്യക്കാരുമടങ്ങുന്ന ധാരാളം സംഘടനകളുള്ളപ്പോൾ മറ്റൊരു സംഘടനയായി പ്രവർത്തിക്കാൻ തങ്ങൾ താല്പര്യപ്പെടുന്നില്ല മറിച് സമാന കാഴ്ചപ്പാടുള്ള എല്ലാ എല്ലാ സംഘടനകളെയും ഒരുമിച്ചു കൊണ്ടുവരുന്ന ഒരു കൌൺസിൽ ആണ് തങ്ങളുടെ ലക്‌ഷ്യം എന്ന് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള പറഞ്ഞു. ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളായുള്ള സ്ഥാനാർഥികളെ വിജയത്തിലെത്തിക്കാനും ഭരണം നടത്തുന്ന പാർട്ടിയിൽ നിന്നും  നിന്നും ഇന്ത്യൻ പ്രത്യേകിച്ചും മലയാളി സമൂഹത്ത്തിനു വേണ്ടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കൌൺസിൽ പ്രവർത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ ആശയങ്ങളിൽ വിശ്വസിക്കുന്ന എല്ലാ മലയാളികളും കൗണ്സിലുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

ഇതേ ആവേശത്തിൽ പ്രവർത്തിക്കുകയാണങ്കിൽ ഫോർട്ട് ബെൻഡ് കൗണ്ടിയുടെ ചരിത്രം തിരുത്തി കുറിക്കാൻ ഇൻഡോ അമേരിക്കൻ റിപ്പബ്ളിക്കൻ കൗൺസിലിനു കഴിയുമെന്നും ഇന്ത്യാക്കാരുടെ ആവശ്യങ്ങളും അവകാശങ്ളും കണ്ടില്ലെന്നു നടിക്കാൻ പാർട്ടിക്കാവില്ലെന്നും ഫോർട്ട്ബെൻഡ് കൗണ്ടി ജിഒപി ചെയറായി സ്ഥാനമേൽക്കുന്ന ഗ്രഗ് ബാൺസ് പറഞ്ഞു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ കൗൺസിൽ പ്രവർത്തകർക്ക്മാർഗ നിർദ്ദേശം നൽകാനായി 

സെക്കൻഡ് ചെയർ ക്രയ്‌ഗ്‌ ലൂ ടെല്ലിയെ ലെയ്‌സണായി ചുമതലപ്പെടുത്തുകയാണന്നും ഗ്രഗ് ബാൺസ് പ്രഖ്യാപിച്ചു.  സ്ഥാനാർഥികളായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി  ജോർജ്,ലിൻഡ ഹോവെൽ, ജോൺ പ്ലാസെറ്റ്, മാത്യു വൈരമൺ, ഷാരോൺ എന്നിവർ പുതുതായി രൂപം കൊണ്ട കൗൺസിലിന് ആശംസകൾ നേർന്നു സംസാരിച്ചു. 

റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗീകാരത്തിനായി സംഘടനയുടെ ചാർട്ടറും ഭരണഘടനയുമടങ്ങുന്ന ഡോക്കറ്റ് രഞ്ജിത് പിള്ളയിൽ നിന്നും ഗ്രെഗ് ബാൺസ് സ്വീകരിച്ചതോടെ കൌൺസിൽ ഔദ്യഗികമായി നിലവിൽ വന്നതായി പ്രഖ്യാപിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.