PRAVASI

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; നടതുറക്കുന്ന നാളെ മാത്രം 30,000 പേർ ദർശനത്തിനെത്തും

Blog Image

പമ്പ: തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ വൻ ഭക്തജന പ്രവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സന്നിധാനം. നട തുറക്കുന്ന നാളെ (ഒക്‌ടോബർ 17) മാത്രം ദർശനത്തിനായി 30,000-ത്തോളം തീർത്ഥാടകരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുള്ളത്. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. തുലാം ഒന്നായ ഒക്ടോബർ 18-ന് 50,000 പേരും, ഒക്ടോബർ 19-ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു കഴിഞ്ഞു. ബുക്കിങ് ഇപ്പോഴും തുടരുന്നതിനാൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകാനാണ് സാധ്യത.

ശബരിമലയിലെത്തുന്ന ഭക്തർക്ക് ആശ്വാസമായി, സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ ശുചിമുറികളും കുളിമുറികളും തികച്ചും സൗജന്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി. പണം ഈടാക്കി നടത്തിയിരുന്ന ഈ സംവിധാനങ്ങളുടെ നിലവാരക്കുറവിനെതിരെയും വ്യാപകമായ പണപ്പിരിവിനെതിരെയും പരാതികൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് ഈ വിപ്ലവകരമായ തീരുമാനം. അതേസമയം, താത്പര്യമുള്ള ഭക്തർക്ക് സംഭാവനയായി പണം നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ, ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മെസ്സ് ഗ്രാൻ്റ് പ്രതിദിനം 79 രൂപയിൽ നിന്ന് 90 രൂപയായി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.