താരസംഘടനയായ അമ്മയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. സാമ്പത്തിക നേട്ടത്തിനായി അശ്ലീല സിനിമകളില്‍ അഭിനയിച്ചു എന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിനെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാര്‍ട്ടിന്‍ മേനാച്ചേരി എന്നായാളുടെ പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയ സിജെഎമ്മിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ശ്വേത ഹൈക്കോടതിയെ സമീപിച്ചത്. രാജ്യത്തെ നിയമം അനുസരിച്ച് സെന്‍സര്‍ ചെയ്ത സിനിമകളിലാണ് അഭിനയിച്ചത്. അവയെല്ലാം പുരസ്‌കാരങ്ങള്‍ നേടിയവയുമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്വേത ഹര്‍ജിയില്‍ വ്യക്തമാക്കി. ഹൈക്കോടതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
ഓഗസ്റ്റ് 15ന് അമ്മയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേസ് വന്നിരിക്കുന്നത്. ഇതിനുപിന്നില്‍ അമ്മയിലെ തന്നെ ഒരു വിഭാമാണെന്ന ആരോപണം ഉയരുന്നുണ്ട്. നടി മലാ പാര്‍വതി തന്നെ ഇന്ന് ഇത്തരമൊരു പരാമര്‍ശവുമായി രംഗത്ത് എത്തിയിരുന്നു.

