ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് പരിക്കേറ്റപ്പോൾ, എറണാകുളം പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയം പൂർണമായി തകർന്നുവീണു. വിദ്യാർഥികൾ സ്കൂൾ വിട്ടുപോയ ശേഷമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചാലക്കുടിയിലും മരങ്ങൾ കടപുഴകിയും വൈദ്യുതി പോസ്റ്റുകൾ തകർന്നും വീടുകളുടെയും കടകളുടെയും ഷീറ്റുകൾ പറന്നും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോഴിക്കോട് ഗ്രാമീണ, മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. ബാലുശ്ശേരി പനങ്ങാട്ടാണ് വീടിന് മുകളിൽ മരം വീണത്. പനങ്ങാട് സ്വദേശി ഭാസ്‌കരന്റെ ഭാര്യയും തൊഴിലുറപ്പ് തൊഴിലാളിയുമായ പ്രേമയ്ക്കാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റിൽ മരം വീടിന് മുകളിലേക്ക് കടപുഴകി വീഴുകയും ഓട് തകർന്ന് പ്രേമയുടെ തലയിൽ വീഴുകയുമായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂർ ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഡിറ്റോറിയമാണ് തകർന്നത്. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. അതിന് മുമ്പ് കുട്ടികൾ സ്കൂൾ വിട്ടുപോയതിനാൽ വിദ്യാർഥികളാരും പരിസരത്ത് ഉണ്ടായിരുന്നില്ല. സ്കൂളിനോട് ചേർന്ന് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ചിരുന്ന ഓഡിറ്റോറിയത്തിന്റെ തൂണുകളും മേൽക്കൂരയും പൂർണമായി തകർന്നുവീണു. ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം നഗരം എന്നിവിടങ്ങളിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു.
ചാലക്കുടിയിലും ഉച്ചയ്ക്ക് ശേഷം ഉണ്ടായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ചാലക്കുടി സിദ്ധാർഥ ഹോട്ടലിന് മുന്നിലെ മരം ഹോട്ടൽ കോമ്പൗണ്ടിലേക്ക് വീണ് ഉടമയുടെ കാർ തകർന്നു. സെന്റ് ജെയിംസ് അക്കാദമി റോഡിൽ മരം വൈദ്യുതി പോസ്റ്റിലേക്ക് വീണ് പോസ്റ്റ് മറിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആർടിസി സ്റ്റാൻഡിൽ ഗേറ്റിന് സമീപം മരം റോഡിന് കുറുകെ വീണും ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ചാലക്കുടിപ്പുഴയോരത്തെ വലിയ പരസ്യബോർഡുകൾ കാറ്റിൽ നിലംപൊത്തി. പലയിടത്തും വീടുകളുടെയും കടകളുടെയും മേൽക്കൂരകളിലെ ഷീറ്റുകളും പറന്നുപോയി. മൂന്നരയോടെയാണ് ചാലക്കുടിയിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.

