PRAVASI

ഐക്യവും ദേശഭക്തിയും വിളംബരം ചെയ്ത് ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സ്വാതന്ത്ര്യദിനാഘോഷം; ഖത്തർ ചാപ്റ്ററിന് ഊഷ്മളമായ സ്വാഗതം

Blog Image

ന്യൂയോർക്ക്: “രാഷ്ട്രസേവനം സർക്കാർ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ സായുധസേനയുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരനും പങ്കുവഹിക്കേണ്ട പൊതുകടമയാണ്.” മുൻ കേരള പൊലീസ് മേധാവി ഋഷിരാജ് സിങ് ഐപിഎസ് പറഞ്ഞു.

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യസന്ധത, അച്ചടക്കം, പൗരബോധം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാരതത്തിന്റെ സ്വാതന്ത്ര്യവും സാംസ്കാരിക പൈതൃകവും ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) സംഘടിപ്പിച്ച "ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം" പ്രൗഢഗംഭീരമായ വെർച്വൽ സംഗമമായി നടന്നു. 2026 സെപ്റ്റംബർ 12 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10:00 മുതൽ നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരുടെ ഐക്യവും ദേശീയബോധവും പ്രകടമായി. ഇതോടൊപ്പം പുതുതായി രൂപീകരിച്ച ജി.ഐ.സി ഖത്തർ ചാപ്റ്ററിലെ അംഗങ്ങൾക്ക് ചടങ്ങിൽ ഊഷ്മളമായ സ്വാഗതവും ആശംസിച്ചു.

എം.സി. കോമൾ ഖത്രിയുടെ നേതൃത്വത്തിൽ പരിപാടികൾ ആരംഭിച്ചു. ജി.ഐ.സിയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ആമുഖ വീഡിയോ പ്രദർശനവും കോമളിന്റെ ഹൃദ്യമായ സ്വാഗതവും തുടക്കത്തിൽ തന്നെ പരിപാടിയുടെ അന്തരീക്ഷം ഉന്മേഷഭരിതമാക്കി.

തുടർന്ന് ഭാരതത്തിന്റെയും അമേരിക്കയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. പ്രശസ്ത ഗായിക അശ്വതി രാജേഷ് ആലപിച്ച ഇന്ത്യൻ ദേശീയഗാനം സദസ്സിൽ ദേശഭക്തിയുടെ അലയൊലികൾ സൃഷ്ടിച്ചു. തുടർന്ന് ഇമ്മാനുവൽ വർഗീസ് അമേരിക്കൻ ദേശീയഗാനം ആലപിച്ചു. ആഗോള ഇന്ത്യൻ പ്രവാസി സമൂഹവും അമേരിക്കയും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതീകമായി ഈ സംഗമം മാറി.

ജി.ഐ.സി ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ ഔദ്യോഗിക സ്വാഗത പ്രസംഗം നടത്തി. പങ്കെടുത്ത ഏവർക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച അദ്ദേഹം, ആഗോളതലത്തിൽ പ്രവാസി ഭാരതീയരെ കോർത്തിണക്കുന്നതിൽ ഇത്തരം ആഘോഷങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കി. തുടർന്ന് ജി.ഐ.സി ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു (ഡാളസ്, യു.എസ്.എ) അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു. കൗൺസിലിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ആഗോളതലത്തിൽ ഭാരതീയരുടെ കൂട്ടായ മൂല്യങ്ങളെയും പ്രതീക്ഷകളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.

മുഖ്യാതിഥി റിഷിരാജ് സിംഗിന്റെ സാന്നിധ്യമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ജി.ഐ.സി ഗ്ലോബൽ ട്രഷറർ ഡോ. താരാ ഷാജൻ മുഖ്യാതിഥിയെ സദസ്സിന് സവിസ്തരം പരിചയപ്പെടുത്തി. തുടർന്ന് മുഖ്യാതിഥി റിഷിരാജ് സിംഗ് ചിന്തോദ്ദീപകവും പ്രചോദനാത്മകവുമായ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യയുടെ മുന്നേറ്റം, ആഗോളതലത്തിലുള്ള സ്വാധീനം, പ്രവാസി സമൂഹത്തിന്റെ നിർണ്ണായക പങ്ക് എന്നിവ അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

തുടർന്ന് നടന്ന വിപുലമായ അനുമോദന ചടങ്ങിൽ ജി.ഐ.സിയുടെ ലോകമെമ്പാടുമുള്ള നേതൃനിരയെ ആദരിച്ചു. ഗ്ലോബൽ, ചാപ്റ്റർ, സെന്റർ ഓഫ് എക്സലൻസ് (CoE) തലങ്ങളിലെ ഭാരവാഹികളെ പി.സി. മാത്യു, സുധീർ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. 

ജി.ഐ.സി ഗ്ലോബൽ ഭാരവാഹികളുടെ വിലയേറിയ സംഭാവനകളെ ആദരിക്കുന്നതായിരുന്നു പരിപാടിയുടെ മറ്റൊരു പ്രധാന ഭാഗം. പ്രൊഫ. ജോയ് പല്ലാട്ടുമഠം (ഗ്ലോബൽ വൈസ് പ്രസിഡന്റ്), ഡോ. താരാ ഷാജൻ (ഗ്ലോബൽ ട്രഷറർ), ടോം ജോർജ്ജ് കോലത്ത് (ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ), ഡോ. മാത്യു ജോയ്‌സ് (മീഡിയ & പബ്ലിസിറ്റി ചെയർ), അഡ്വ. ഡോ. യാമിനി രാജേഷ് (അസോസിയേറ്റ് ജനറൽ സെക്രട്ടറി), അഡ്വ. സൂസൻ മാത്യു (ഗ്ലോബൽ ബൈലോസ് ആൻഡ് കംപ്ലയൻസ് ഓഫീസർ), സാന്റി മാത്യു (ഗ്ലോബൽ പബ്ലിക് റിലേഷൻസ് ഓഫീസർ) തുടങ്ങിയ ആഗോള നേതാക്കൾ ആശംസകൾ അർപ്പിച്ചു.
ലൈവ് ചാറ്റിലൂടെ പങ്കെടുത്ത വിശിഷ്ട വ്യക്തികളെയും എം.സി കോമൾ സദസ്സിന് പരിചയപ്പെടുത്തി. 

കർണാടക മുൻ ഡിജിപിയും ജിഐസി ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറുമായ ജിജ ഹരി സിങ് മാധവൻ ഐപിഎസ് (റിട്ട.), ന്യൂഡൽഹിയിൽനിന്നുള്ള സുപ്രീം കോടതി അഭിഭാഷകൻ ജോസ് എബ്രഹാം, ആഫ്രിക്കയിൽനിന്നുള്ള ഡോ. മോഹൻ ലാംബ, പരിസ്ഥിതി പ്രവർത്തകൻ ശിവകുമാർ, ചലച്ചിത്ര പ്രവർത്തകനും സാമൂഹിക നേതാവുമായ ത്രിലോക് മാലിക്,  സനു സാക് തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.
അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ജി.ഐ.സി ഖത്തർ ചാപ്റ്ററിലെ എല്ലാ അംഗങ്ങൾക്കും കൗൺസിൽ ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും നേർന്നു. ഖത്തറിലെ ജിഐസി പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച പി ആർ ഓ സാന്റി മാത്യുവിനെ യോഗത്തിൽ പ്രത്യേകം അനുമോദിച്ചു.

ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ സത്താർ, സെക്രട്ടറി അഡ്വ. മഞ്ജുഷ, വൈസ് പ്രസിഡന്റ് സോണൽ സണ്ണി, ട്രഷറർ ജെസ്‌നി മുളങ്കാട്ടിൽ, സാനു, റെജി തുരുത്തിക്കാട്, ഡോ. അജിൽ അബ്ദുള്ള തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആശംസകൾ നേർന്നു.

വിജയകരമായി സമാപിച്ച ചടങ്ങിൽ ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ ടോം ജോർജ്ജ് കോലത്ത് കൃതജ്ഞത രേഖപ്പെടുത്തി. "ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഖത്തർ ചാപ്റ്ററിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് സംഗമവും" വലിയ വിജയമാക്കാൻ സഹകരിച്ച ഏവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും ആഗോളതലത്തിലുള്ള പ്രവാസി കൂട്ടായ്മയുടെ ഐക്യവും വിളംബരം ചെയ്യുന്ന ഉജ്ജ്വലമായ ചടങ്ങായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സ്വാതന്ത്ര്യദിനാഘോഷം മാറി.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.