PRAVASI

ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ ഗ്ലാഡിയേറ്റേഴ്സ് കാനഡായ്ക്ക് അട്ടിമറി ജയം

Blog Image

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ച അന്താരാഷ്ട്ര വടംവലി മത്സരത്തില്‍  ഗ്ലാഡിയേറ്റേഴ്സ് കാനഡായ്ക്ക്  അട്ടിമറി ജയം (സ്പോൺസർ കുളങ്ങര ഫാമിലി).കോട്ടയം ബ്രദേഴ്സ് കാനഡാ രണ്ടാം സ്ഥാനവും (സ്പോൺസർ സിറിയക് കൂവക്കാട്ടിൽ ),തൊടുകൻസ്  യു കെ  മൂന്നാം സ്ഥാനവും (ജോമോൻ തൊടുകയിൽ സ്പോൺസർ ),അരീക്കര അച്ചായൻസ് ചിക്കാഗോ  നാലാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തിൽ ആഹാ ഡാർലിംഗ്സ് ജേതാക്കളായി .ആവേശകരമായ മത്സരങ്ങള്‍ക്ക് ആയിരക്കണക്കിന് കാണികള്‍ ആവേശം പകര്‍ന്നു.


ഒന്നാംസ്ഥാനം നേടിയ ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിച്ചു. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോണ്‍സര്‍. രണ്ടാംസ്ഥാനം നേടിയ ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിച്ചു. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടിയ ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിച്ചത്. അറിയപ്പെടുന്ന സ്ഥാപനമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് ആയിരുന്നു സ്പോണ്‍സര്‍. നാലാംസ്ഥാനം ലഭിച്ച ടീമിന് 1111 ഡോളറായിരുന്നു സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജ്വല്ലറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവര്‍ സ്പോണ്‍സര്‍ ചെയ്തു.


നൂറുകണക്കിന് കായികപ്രേമികളുടെയും ആഗോളതലത്തില്‍ കഴിവ് തെളിയിച്ച വടംവലി ടീമുകളുടെയും സാന്നിദ്ധ്യത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കിയ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് വിജയസമാപ്തി. രാവിലെ മോര്‍ട്ടന്‍ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തില്‍ മുന്‍മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എയും മാണി സി. കാപ്പന്‍ എംഎല്‍എയും സംയുക്തമായി വടംവലി മത്സരം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. ചിക്കാഗോയിലെ കായിക പ്രേമികള്‍ക്കും സോഷ്യല്‍ ക്ലബിനും ഇത് അഭിമാനനിമിഷമാണെന്ന് റൊണാള്‍ഡ് പൂക്കുമ്പേല്‍ പ്രസ്താവിച്ചു. ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ അതിഥികളെ പരിചയപ്പെടുത്തുകയും ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ അണിയറയില്‍ കഠിനാദ്ധ്വാനം ചെയ്ത എല്ലാവരെയും നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു. ഫോമാ മുന്‍ പ്രസിഡണ്ട് ബേബി ഊരാളില്‍, കൈരളി ടിവി യുഎസ്എ ഡയറക്ടര്‍ ജോസ് കാടാപുറം, സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഈ അഭിമാന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി കൃതജ്ഞത പറഞ്ഞു.

കായികരംഗത്തും ജീവകാരുണ്യരംഗത്തും ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് മുന്‍മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് പ്രസ്താവിച്ചു. വമ്പിച്ച ജനപങ്കാളിത്തത്തോടു കൂടി നടത്തപ്പെടുന്ന ഈ അന്താരാഷ്ട്ര വടംവലി മത്സരം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. വിദേശ ടീമുകള്‍ ഇതില്‍ പങ്കെടുക്കുവാന്‍ വരുന്നതുതന്നെ ഈ ടൂര്‍ണമെന്‍റിന്‍റെ പ്രശസ്തിയും പ്രാധാന്യവും എത്രമാത്രം വലുതാണെന്നതിന്‍റെ ഉദാഹരണമാണെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.

ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ വടംവലി മത്സരവേദിയില്‍ എത്തുവാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ പ്രസ്താവിച്ചു. ചെറുപ്പകാലത്ത് ഒരു കായികതാരമെന്ന നിലയില്‍ ലഭിച്ച അംഗീകാരം ഇപ്പോഴും ഓര്‍മ്മകളില്‍ കാത്തുസൂക്ഷിക്കുന്നു. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയിലും കായിക മാമാങ്കങ്ങള്‍ സംഘടിപ്പിക്കുവാന്‍ സമയം കണ്ടെത്തുന്ന അമേരിക്കന്‍ മലയാളികളെ മാണി സി. കാപ്പന്‍ എംഎല്‍എ അഭിനന്ദിച്ചു.
കാനഡ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, യുകെ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഉള്‍പ്പെടെ ഇരുപതോളം ടീമുകളാണ് ഈ കായിക മാമാങ്കത്തില്‍ ഭാഗ്യം പരീക്ഷിച്ചത്. വനിതകള്‍ക്കായി പ്രത്യേക വടംവലി മത്സരവും നടത്തപ്പെട്ടു. ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്മോന്‍ പുറമടം എന്നിവരടങ്ങുന്ന പരിശീലനം ലഭിച്ച റഫറിമാരുടെ ടീമാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. കൃത്യം 9 മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിച്ചു. റൊണാള്‍ഡ് പൂക്കുമ്പേലിന്‍റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവര്‍ കമന്‍ററി രംഗത്തും സജീവമായിരുന്നു.
വൈകുന്നേരം 5 മണിക്ക് ഇന്‍ഡ്യാ ഫുഡ്ടേസ്റ്റ് ഫെസ്റ്റിവല്‍ കേരളാ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ ബിജു കെ. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. 7 മണി മുതല്‍ 10 മണി വരെ അഫ്സലിന്‍റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങേറി. ഈ രണ്ട് പ്രോഗ്രാമുകളും വിജയിപ്പിക്കുവാന്‍ ചെയര്‍പേഴ്സണ്‍ ജോസ് മണക്കാട്ടിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി സജീവമായി രംഗത്തുണ്ടായിരുന്നു. 
പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്‍റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് സോഷ്യല്‍ ക്ലബിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലായിരുന്നു ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം, ഇന്ത്യാ ഫുഡ്ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്‍റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിച്ചു.

ചിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം ചിത്രങ്ങളിലൂടെ...
ഫോട്ടോ: മോനു വര്‍ഗീസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.