ദൈവശാസ്ത്ര അധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമായ ഫാ. ഡോ. ജസ്റ്റിൻ പനക്കൽ (91) അന്തരിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങളിൽ ഒന്നായ 'പൈതലാം യേശുവേ' എന്ന ഗാനത്തിന് ഈണം നൽകിയത് അദ്ദേഹമാണ്. യേശുദാസിന്റെ സംഗീത കമ്പനിയായ തരംഗിണിയുടെ സുവർണ്ണകാലത്ത് പുറത്തിറങ്ങിയ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം തുടങ്ങിയ പ്രശസ്തമായ ആൽബങ്ങളിലൂടെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സംഗീതപ്രതിഭയായിരുന്നു അദ്ദേഹം.
ഫാദര്‍ ജോസഫ് പാറാങ്കുഴി നെയ്യാറ്റിന്‍കര രചിച്ച കെ.എസ്. ചിത്ര ആലപിച്ച 'പൈതലാം യേശുവേ' എന്ന ഗാനത്തിന് പുറമെ, കെ.ജെ. യേശുദാസ് പാടിയ ഇരുപത്തിയഞ്ചോളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
1935-ൽ കൊച്ചിയിലെ കുമ്പളങ്ങിയിൽ ജനിച്ച ജസ്റ്റിൻ പനക്കൽ, റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. സംഗീതത്തോടൊപ്പം തന്നെ അധ്യാപനരംഗത്തും അദ്ദേഹം സജീവമായിരുന്നു. മംഗലപ്പുഴ സെമിനാരിയിൽ കാൽനൂറ്റാണ്ടുകാലം അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.എൻ ജീവിതമാം ഈ മരക്കൊമ്പിൽ... മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന... നവ്യമായൊരു കൽപ്പന... കർത്താവാം യേശുവേ മർത്യവിമോചകാ... നായകാ ജീവദായകാ... സ്നേഹസ്വരൂപാ തവദർശനം..എന്നീ ശ്രദ്ധേയമായ ചില ഗാനങ്ങളിലൂടെ മലയാള ഭക്തിഗാന ശാഖയ്ക്ക് ഈണങ്ങളിലൂടെ മിഴിവും ആഴവും നൽകിയ പ്രതിഭയായിരുന്നു ഫാ. ജസ്റ്റിൻ പനക്കൽ.

കുമ്പളങ്ങി സ്വദേശിയായ ഇദ്ദേഹം 1952ലാണ് കര്‍മലീത്ത സഭയുടെ അംഗമാകുന്നത്. 1962ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായി സേവനം ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് എറണാകുളം മഞ്ഞുമ്മൽ കര്‍മ്മലീത്ത ആശ്രമ ദേവാലയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. 6ാം തീയതി രാവിലെ 7 മണി മുതൽ ആശ്രമത്തിൽ പൊതുദര്‍ശനമുണ്ടാകും.

