ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ മകന്‍ മർദ്ദിച്ചു കൊന്നു. 69കാരിയായ കനകമ്മ സോമരാജന്‍ ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 33 കാരനായ മകൻ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
അമ്മയും മകനും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അമ്മയാണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഇന്നലെ മദ്യപിച്ചെത്തിയ കൃഷ്ണദാസ് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് മകന്‍ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് പതിവായി ബഹളം ഉണ്ടാകുന്നതുകൊണ്ട് നാട്ടുകാരും ഇത് ശ്രദ്ധിച്ചില്ല. ഇന്ന് രാവിലെ അമ്മ ഉണരാത്തതിന് പിന്നാലെ യുവാവ് പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. അയല്‍വാസികളും പൊലീസും സ്ഥലത്തെത്തുമ്പോഴെക്കും വയോധികയുടെ മരണം സ്ഥിരികരിച്ചിരുന്നു. മാവേലിക്കര മുന്‍നഗരസഭാ കൗണ്‍സിലറാണ് കനകമ്മ സോമരാജന്‍.

