റാഞ്ചി: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഒരുമാസമായി ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു. നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അച്ഛനാണ് ഷിബു സോറന്‍.
നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിപോന്നത്.ജെഎംഎം പാര്‍ട്ടിയുടെ സ്ഥാപക രക്ഷാധികാരിയായ ഷിബു സോറനാണ് കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നത്. ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. ‘‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി’’- അച്ഛന്റെ വിയോഗവാർത്ത എക്സിലൂടെ അറിയിച്ച് ഹേമന്ത് സോറൻ കുറിച്ചു.

