PRAVASI

യേശുദേവന്റെ ത്യാഗ സ്മരണകൾ ഉണർത്തി കാൽ കഴുകൾ ശുശ്രൂഷ; നവ്യാനുഭവമായി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹ വ്യാഴാചരണം

Blog Image

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹാ വ്യാഴാചരണവും കാലുകഴുകൽ ശുശ്രൂഷയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് മുഖ്യകാർമികത്വം വഹിച്ചു.
ശുശ്രൂഷയുടെ ഭാഗമായി ബിഷപ്പ് മാർ സ്റ്റേഫാനോസ് ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ ഉദാത്തമായ മാതൃക കാട്ടിത്തന്നതിന്റെ സ്മരണ പുതുക്കിയ ഈ ചടങ്ങ് ഇടവകയുടെ ചരിത്രത്തിൽ ആദ്യമായാണ് നടക്കുന്നത് എന്നത് വിശ്വാസികൾക്ക് സവിശേഷമായ അനുഭവമായി.

പെസഹാ വ്യാഴം വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിപ്പിക്കുന്നു. ഈസ്റ്ററിന് മുന്നോടിയായുള്ള 'ത്രിദിന ശുശ്രൂഷകൾക്ക്' ഇതോടെ തുടക്കമായി.

ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പിന്റെയും പാരിഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.  സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് മാർ സ്റ്റേഫാനോസ് നേതൃത്വം നൽകും.

വിനയവും സേവനവുമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം: മാർ സ്റ്റേഫാനോസ്

പാദക്ഷാളന കർമ്മത്തിന് ശേഷം ബിഷപ്പ് നൽകിയ സന്ദേശത്തിൽ, വിനയത്തിലും സേവനത്തിലും അധിഷ്ഠിതമായ ജീവിതശൈലി സ്വീകരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു.

"യഥാർത്ഥ ക്രിസ്തീയ നേതൃത്വം എന്നത് അധികാരമല്ല, മറിച്ച് സ്നേഹത്തിലും ആത്മത്യാഗത്തിലും അധിഷ്ഠിതമായ സേവനമാണ്. വിശുദ്ധ കുർബാന സഭയുടെ ആത്മീയ പോഷണത്തിന്റെയും ഐക്യത്തിന്റെയും ഉറവിടമാണ്," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.  ക്രിസ്തുവിന്റെ പുതിയ പ്രമാണം അനുസരിച്ച് പരസ്പര സ്നേഹത്തിലും കരുണയിലും ജീവിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.