PRAVASI

ഫൊക്കാന കേരളാ കൺവൻഷനും ഇന്റർനാഷണൽ കൺവൻഷനും ഡോ.എം.അനിരുദ്ധൻ നഗറിൽ

Blog Image

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ ആഗസ്റ്റ് 1 , 2 , 3 തീയതികളിൽ കോട്ടയം കുമരകം ഗോകുലം ഗ്രാൻ്റ് റിസോർട്ടിൽ നടക്കുമ്പോൾ ഈയിടെ അന്തരിച്ച  ഫൊക്കാനയുടെ പ്രഥമ പ്രസിഡൻ്റ് ഡോ. അനിരുദ്ധന് ഫൊക്കാനയുടെ ശ്രദ്ധാഞ്ജലി. ഫൊക്കാന കേരളാ കൺവൻഷൻ നടക്കുന്ന ഗോകുലം ഗ്രാൻ്റ്  റിസോർട്ടിലെ പ്രധാന വേദിക്ക് ഫൊക്കാന നേതൃത്വം ഡോ. അനിരുദ്ധൻ നഗർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ 2026 ൽ ന്യൂജേഴ്സിയിൽ നടക്കുന്ന ഫൊക്കാന ഇൻ്റർ നാഷണൽ കൺവൻഷൻ നഗറിനും അദ്ദേഹത്തിൻ്റെ പേരാണ് നൽകിയിരിക്കുന്നത്. 
മൂന്ന് തവണ ഫൊക്കാനാ പ്രസിഡൻ്റ് ആയി പ്രവർത്തിക്കുകയും ഫൊക്കാന സ്ഥാപിക്കുകയും നാൽപ്പത്തിരണ്ട് വർഷക്കാലം ഫൊക്കാനയ്ക്കൊപ്പം സഞ്ചരിക്കുകയും ചെയ്ത ഡോ. അനിരുദ്ധന് ഫൊക്കാന നൽകുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയായി ഫൊക്കാനയുടെ രണ്ട് കൺവൻഷനുകളും മാറുമെന്ന് പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ കേരളാ എക്സ്പ്രസിനോട് പറഞ്ഞു. 

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടന്ന മലയാളി സമൂഹത്തിന് ജാതി മത വർഗ സാമൂഹ്യ വിത്യാസമില്ലാതെ ഒരു കൊടിക്കീഴിൽ സാംസ്കാരികമായി ഒന്നിക്കാൻ ഒരു വേദി ഒരുക്കിയ ഡോ. അനിരുദ്ധൻ ആദ്യമായി നടത്തിയ ഫൊക്കാന കേരളാ കൺവൻഷൻ ചരിത്രമാക്കിയ ഫൊക്കാന പ്രസിഡൻ്റ് കൂടിയായിരുന്നു . കൊച്ചി ടാജ് മലബാർ ഹോട്ടലിൽ 2001 ആഗസ്റ്റ് 10, 11 , 12 തീയതികളിൽ നടത്തിയ പ്രഥമ ഫൊക്കാന കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്ത് പ്രശസ്തരായ പ്രതിഭകളെ കൊച്ചി കൺവൻഷനിൽ എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. എ.കെ ആൻ്റണി , കെ. കരുണാകരൻ , ഇ.കെ നായനാർ എന്നിവരെ ഒരു വേദിയിൽ എത്തിക്കുവാൻ അന്ന് അദ്ദേഹത്തിന് സാധിച്ചു. ഫൊക്കാന കേരളാ കൺവൻഷൻ എന്ന ആശയത്തിന് തുടക്കമിടുകയും അതിന് ഒരു രൂപം ഉണ്ടാക്കുവാനും ഡോ. അനിരുദ്ധന് സാധിച്ചു. അന്തർദ്ദേശീയ തലത്തിൽ ഫൊക്കാന എന്ന സംഘടനയ്ക്ക് പേരും പെരുമയും ഉണ്ടാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഫൊക്കാനയുടെ ഭാഷയ്ക്ക് ഒരു ഡോളർ , സാഹിത്യ പുരസ്കാരം എന്നിവ ഭാഷാ കേരളത്തിൻ്റെ തിലകക്കുറിയായി മാറ്റുവാനും അദ്ദേഹത്തിന് സാധിച്ചു.
അദ്ദേഹത്തിൻ്റെ നേതൃത്വപാടവം ഉൾക്കൊണ്ട് ഫൊക്കാനയിലേക്ക് വരികയും ഫൊക്കാനയുടെ നേതൃത്വ രംഗത്തേക്ക് വളർന്ന നിരവധി നേതാക്കളും ഇന്ന് ഫൊക്കാനയ്ക്കുണ്ട്. 

2001 ആഗസ്റ്റിൽ ഫൊക്കാനയുടെ ആദ്യ കേരളാ പ്രവേശത്തിന് തുടക്കം കുറിച്ച ഡോ. അനിരുദ്ധൻ്റെ നാമധേയത്തിൽ 2025 ൽ ഫൊക്കാന കേരളാ പ്രവേശം നടക്കുമ്പോൾ കാലം ഓർമ്മിപ്പിക്കുന്നത് ഡോ. അനിരുദ്ധൻ്റെ 42 വർഷത്തെ ഫൊക്കാന പ്രവർത്തനവും അദ്ദേഹം ഫൊക്കാനയ്ക്ക് നൽകിയ സംഭാവനകളുമായിരിക്കും.

അദ്ദേഹത്തിൻ്റെ മരണശേഷം ഫൊക്കാന നൽകിയ അനുശോചനവും വളരെ ശ്രദ്ധേയമായിരുന്നു എന്നത് എടുത്തു പറയേണ്ടതായിരുന്നു. ആഗോള മലയാളി സമൂഹത്തെ ഒരു പ്ലാറ്റ്ഫോമിൽ എത്തിച്ച് നടത്തിയ അനുസ്മരണ സമ്മേളനം അദ്ദേഹത്തിന് ഫൊക്കാന നൽകിയ ഏറ്റവും വലിയ ആദരവ് ആയിരുന്നു. 
കുമരകം ഫൊക്കാന കേരളാ കൺവൻഷൻ അദ്ദേഹത്തിൻ്റെ ഓർമ്മകളുടെ പങ്കുവെക്കൽ കൂടിയാകുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണി , ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ ജോയി ചാക്കപ്പൻ, കേരളാ കൺവൻഷൻ ചെയർമാൻ ജോയി ഇട്ടൻ, വനിതാ ഫോറം ചെയർ പേഴ്സൺ രേവതി പിള്ള , ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് ഇൻ്റർ നാഷണൽ കൺവൻഷൻ കോ - ഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു 

ഡോ.എം.അനിരുദ്ധൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.