PRAVASI

പ്രത്യാശയുടെ പ്രവാസി ഗോപുരം: ഫോമാ ഫാമിലി അസിസ്റ്റന്‍സ് & റിസോഴ്‌സ് സെന്റര്‍, ടീം പ്രോമിസിന്റെ അഞ്ചാമത്തെ വാഗ്ദാനം

Blog Image

ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി സമൂത്തിന്റെ ചരിത്രത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക കൂട്ടായ്മകള്‍ക്കും എന്നും നേതൃത്വം നല്‍കിയിട്ടുള്ള ഫെഡറേഷനാണ് ഫോമാ. കാലത്തിനനുസരിച്ച് അമേരിക്കന്‍ മലയാളികളുടെയും ആവശ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ തിരിച്ചറിവില്‍ നിന്ന് 2026-28 കാലയളവിലേക്ക് ഫോമയുടെ ഭരണസാരഥ്യം ലക്ഷ്യമിട്ട് മത്സരിക്കുന്ന, മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നേതൃത്വം നല്‍കുന്ന 'ടീം പ്രോമിസ്' തങ്ങളുടെ അഞ്ചാമത്തെ വാഗ്ദാനമായി 'ഫോമാ ഫാമിലി അസിസ്റ്റന്‍സ് & റിസോഴ്‌സ് സെന്റര്‍' പ്രഖ്യാപിച്ചിരിക്കുകയാണ്.  'വിദ്യാജ്യോതി' സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെയും 'ആര്‍ദ്രം' കാന്‍സര്‍ കെയര്‍ പ്രോജക്ടിന്റെയും 'കേരള പഠന'ത്തിന്റെയും 'ഫോമാ കെയര്‍' (കരുതല്‍) പദ്ധതിയുടെയും തുടര്‍ച്ചയായാണിത്.

'ഒരു ഫോണ്‍ കോള്‍... ഒരുപാട് പരിഹാരങ്ങള്‍...' എന്ന മുദ്രാവാക്യവുമായി അമേരിക്കയിലെയും കാനഡയിലെയും മലയാളി കുടുംബങ്ങള്‍ക്ക് കരുത്തും തണലുമേകുന്ന ഒരു സുരക്ഷാ കവചമായി ഈ പദ്ധതിയെ വിശേഷിപ്പിക്കാം. അമേരിക്കന്‍ പ്രവാസം ഇന്ന് കേവലം സാമ്പത്തിക ഭദ്രതയ്ക്കുള്ള വഴി മാത്രമല്ല, മറിച്ച് വൈകാരികവും സാമൂഹികവുമായ ഒട്ടനവധി വെല്ലുവിളികള്‍ നിറഞ്ഞ ഒന്നു കൂടിയാണ്. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍, കുടുംബങ്ങളിലെ ഒറ്റപ്പെടലുകള്‍, പുതിയ തലമുറ നേരിടുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങള്‍, വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍, നിയമപരമായ സങ്കീര്‍ണ്ണതകള്‍ എന്നിവ മലയാളികളെ പലപ്പോഴും മാനസികമായ സമ്മര്‍ദ്ദങ്ങളിലേക്ക് നയിക്കാറുണ്ട്. ജന്മനാട്ടില്‍ നിന്ന് അകന്നു കഴിയുന്നവര്‍ക്ക് പെട്ടെന്നൊരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങോട്ട് തിരിയണം എന്നറിയാത്ത അവസ്ഥയുണ്ടാകാം. ഇവിടെയാണ് 'ടീം പ്രോമിസ്' വിഭാവനം ചെയ്യുന്ന ഫാമിലി അസിസ്റ്റന്‍സ് സെന്ററിന്റെ പ്രാധാന്യം.

നാമെല്ലാവരും പത്യേക സാഹചര്യങ്ങളില്‍ ശരിയായ മാര്‍ഗനിര്‍ദ്ദേശവും വിശ്വസനീയമായ സഹായവും തേടാറുണ്ട്. അത്തരം സമയങ്ങളില്‍ ഒരു വിശ്വസനീയ സഹായ കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ മാത്യു വര്‍ഗീസ് വിശദീകരിച്ചു.

* കുടിയേറ്റവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (Immigration Guidance Reosurces)
* മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായവും പിന്തുണയും
* വിദ്യാര്‍ത്ഥികള്‍ക്കുള്ള മെന്ററിംഗും വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശവും
* അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ റഫറല്‍ സേവനങ്ങള്‍
* സമൂഹത്തിലെ വിവിധ സേവനങ്ങളിലേക്കുള്ള കമ്മ്യൂണിറ്റി റിസോഴ്‌സ് കണക്ഷനുകള്‍ തുടങ്ങിയവയാണിവ.

''ഫോമാ ഒരു സംഘടന മാത്രമല്ല, ഒരു കുടുംബമാണ്. ഓരോ കുടുംബത്തിനും ആവശ്യമുള്ള സമയത്ത് വിശ്വസിച്ച് സമീപിക്കാവുന്ന ഒരു കൈത്താങ്ങ് ഉണ്ടാകണം. അതാണ് ടീം പ്രോമിസിന്റെ ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം...'' എന്ന് മാത്യു വര്‍ഗീസ് പറഞ്ഞു. 'സേവനത്തിലൂടെ നേതൃത്വം,  കരുതലിലൂടെ ഐക്യം' എന്ന ആശയത്തോടെയാണ് ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ ഒരു സുവര്‍ണ്ണ അധ്യായമായി എഴുതപ്പെടുന്ന ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.

തങ്ങളുടെ സ്വപ്ന പദ്ധതികളില്‍ അഞ്ചാമത്തെ വാഗ്ദാനമായി ഇതിനെ ഉള്‍പ്പെടുത്തിയത് വഴി, അമേരിക്കന്‍ മലയാളികളുടെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഈ പാനല്‍ തെളിയിക്കുന്നു. അധികാരത്തിലെത്തിയാല്‍ ഈ പ്രോമിസ് കേവലം ഒരു വാക്കിലൊതുങ്ങാതെ പ്രാവര്‍ത്തികമാക്കുമെന്ന ഉറപ്പ് സംഘടനയുടെ ജനകീയ മുഖം വ്യക്തമാക്കുന്നു.  അമേരിക്കയിലെ ഓരോ മലയാളി കുടുംബത്തിനും തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും, തങ്ങളെ താങ്ങാന്‍ തങ്ങളുടെ സ്വന്തം സംഘടനയുണ്ടെന്നുമുള്ള ആത്മവിശ്വാസം നല്‍കാന്‍ 'ഫോമാ ഫാമിലി അസിസ്റ്റന്‍സ് & റിസോഴ്‌സ് സെന്ററി'ന് സാധിക്കുമെന്ന് മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അഭിപ്രായപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.