PRAVASI

പ്രിയമുള്ളവര്‍ക്കെല്ലാം ഫോമായുടെ വിഷു ആശംസകള്‍ : ബേബി മണക്കുന്നേല്‍,ഫോമാ പ്രസിഡന്റ്‌

Blog Image

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി മലയാളികളുടെ മനസിലേയക്ക് കൊന്നപ്പൂക്കളുമായി വിഷു എത്തുകയാണ്. വിളവെടുപ്പിന്റെ ഈ മഹനീയ മൂഹൂര്‍ത്തത്തിലേയ്ക്ക് കറയറ്റ സ്‌നേഹത്തിന്റെ കൈനീട്ടവും മാനവികതയുടെ വിളമ്പരവുമായി മേടമാസത്തിലെ ആദ്യ ദിവസം...ഏപ്രില്‍ 15...അത് നാളെയാണ്. അടുത്ത ഒരു വര്‍ഷത്തെ ഫലത്തെക്കുറിച്ച് നാമോരോരുത്തരും പൂത്തുലഞ്ഞ കണിക്കൊന്ന കണക്കെ പ്രതീക്ഷാനിര്‍ഭരമായ മനസോടെ ചിന്തിക്കുന്ന ഉല്‍സവ വേളയാണ് വിഷു. വിഷു സംക്രമ പക്ഷി പാടുന്ന മേടപുലരിയില്‍ നമുക്ക് സമൃദ്ധമായയൊരു കണികണ്ടുണരാം.

ഓട്ടുരുളിയിലൊരുക്കുന്ന വിഷുക്കണി മനം നിറയുന്ന വിവിധ വസ്തുക്കളുടെ മനോഹരമായ ഒരു ക്രമീകരണമാണ്. അരി, പഴങ്ങള്‍, പച്ചക്കറികള്‍, സ്വര്‍ണം, കണിക്കൊന്ന പൂവ്, കണ്ണാടി എന്നിവ ഉള്‍പ്പെടുത്തി വെളുപ്പിന് എഴുന്നേറ്റ് കണ്ണുതുറക്കുമ്പോള്‍ ആദ്യം കാണുന്ന വിധത്തിലാണ് പൂജാമുറിയില്‍ കണിവയ്ക്കുന്നത്. കണികണ്ടാല്‍ വര്‍ഷം മുഴുവന്‍ സമൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്നാണ് പരമ്പരാഗതമായ വിശ്വാസം. 'വിഷുക്കൈനീട്ടം' ഇല്ലാതെ എന്ത് വിഷു.  മുതിര്‍ന്നവര്‍ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണം നല്‍കുന്നതിലൂടെ കുടുംബബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുകയും സന്തോഷം പങ്കിടുന്നതിനുള്ള അവസരമായത് മാറുകയും ചെയ്യുന്നു.

വിഷു ദിനം പ്രത്യേക വിഭവങ്ങളാല്‍ സമ്പന്നമാണ്. വിഷു അടയും സദ്യയും പായസവുമില്ലാതെ വിഷു ആഘോഷമില്ല. കൂടാതെ പടക്കം പൊട്ടിക്കല്‍, ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയവയും വിഷുവിന്റെ ഭാഗമാണ്. വിഷു ഒരു ഉത്സവം മാത്രമല്ല, അത് പുതിയ പ്രതീക്ഷകളുടെയും വരാനിരിക്കുന്ന ശുഭദിനങ്ങളുടെയും തുടക്കമാണ്. ഓരോ വര്‍ഷവും വിഷു നമ്മെ ജീവിതത്തിലെ സന്തോഷങ്ങള്‍ തിരിച്ചറിയാനും പങ്കുവെക്കാനും ഓര്‍മ്മിപ്പിക്കുന്നു.

ശലമോന്റെ ഗീതത്തില്‍ (2:1112) ഇപ്രകാരം കാണാം: ''നോക്കൂ, ഹേമന്തം കഴിഞ്ഞു, മഴക്കാലം പോയി, ഭൂമിയില്‍ പൂക്കള്‍ വിരിഞ്ഞു, ഗാനാലാപനവേള സമാഗതമായി, നമ്മുടെ ഈ ഭൂമിയില്‍ പഞ്ചവര്‍ണക്കിളികള്‍ കുറുകിത്തുടങ്ങി...'' അതേ, വസന്തത്തിന്റെ വരവറിയിച്ച് വിഷുപ്പക്ഷികളും പാടിത്തുടങ്ങി. ഫോമായുടെ കുടുംബാംഗങ്ങള്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും മനംനിറയുന്ന സന്തോഷത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും വിഷു ആശംസകള്‍  എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരില്‍ നേര്‍ന്നുകൊണ്ട്...

സ്‌നേഹാദരങ്ങളോടെ
ബേബി മണക്കുന്നേല്‍
ഫോമാ പ്രസിഡന്റ്‌

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.