PRAVASI

ഫൊക്കാനാ വിമൻസ് ഫോറം ഉദ്ഘാടനം ഒക്ടോബർ 11ന്

Blog Image

ന്യൂയോർക്ക്:അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 11 ഞായറാഴ്ച രാത്രി എട്ടിന് നടക്കുമെന്ന് ഫൊക്കാനാ വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ഷൈനി രാജു  അറിയിച്ചു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ബ്രെസ്റ്റ് ക്യാൻസർ അവയർനസ് സെമിനാറും സംഘടിപ്പിക്കും. ഡോ. മൻപ്രീത് മാൻ, ഡോ. നിഷാ നിഗിൽ ഹാരൂൺ(MD,DipNB, Msc, DM) എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷകരാകും. സ്തനാർബുദത്തെക്കുറിച്ച് സ്ത്രീകളിൽ അവബോധം വളർത്തുക, രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുക എന്നിവയെ ആധാരമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

വനിതകൾക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നൽകിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫൊക്കാന. അമേരിക്കൻ മലയാളി വനിതകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ ഉന്നമനത്തിനായി ഫൊക്കാന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ നഴ്സിങ് മേഖലയിലുള്ളവർക്കും വിവിധ പ്രൊഫഷണൽ മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ നൽകുന്നതിലൂടെ നിരവധി പേരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഫൊക്കാന വിമൻസ് ഫോറം പിന്തുണ നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തിനും വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിൽ പ്രത്യേക അംഗീകാരം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ  വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനം ഒരു ഔപചാരിക ചടങ്ങ് മാത്രമല്ല, വനിതകളുടെ ശാക്തീകരണത്തിനും സേവനപ്രവർത്തനങ്ങൾക്കും പുതിയ ഊർജം പകരുന്ന ചരിത്രപ്രധാനമായ ചുവടുവയ്പ്പു കൂടിയാണെന്ന് വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. ഷൈനി രാജു അറിയിച്ചു.
വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കാൻസർ അവബോധ സെമിനാറും സംഘടിപ്പിക്കാൻ സാധിച്ചത് വിമൻസ് ഫോറത്തിന് അഭിമാനിക്കാവുന്ന വസ്തുതയാണെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
സ്തനാർബുദത്തെക്കുറിച്ചുള്ള ശരിയായ അറിവും കൃത്യസമയത്തുള്ള പരിശോധനയും രോഗം നേരത്തേ കണ്ടെത്തുന്നതിൽ നിർണായകമാണ്. രോഗത്തെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും മാറ്റി സ്ത്രീകളെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ബോധവതികളാക്കാനും ആവശ്യമായ പരിശോധനകൾക്ക് പ്രോത്സാഹിപ്പിക്കാനും ഇത്തരം സെമിനാറുകൾ സഹായിക്കും. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഫൊക്കാനയുടെ ഈ സംരംഭം സമൂഹത്തിൽ ക്യാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും സഹായകമാകും.

 പരിപാടി വൻ വിജയമാക്കുവാൻ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു എന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,ജനറൽ  സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട്,  അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ഡോ. അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ് , ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.സജിമോൻ ആന്റണി എന്നിവർ അഭ്യർത്ഥിച്ചു.

ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ആയി ഡോ. ഷൈനി രാജു, സെക്രട്ടറിയായി ഡോ. പ്രിയ ലൂയിസ്, കോ ചെയർപേഴ്‌സണായി ലിസി തോമസ്, ട്രെഷററായി ഉഷ ചാക്കോ, ജോയിന്റ് സെക്രെട്ടറിയായി ആശ റാണി അദാർഷ്, ജോയിന്റ് ട്രെഷററായി ലിസി ഫിലിപ്പ് എന്നിവരും, അഡ്വൈസേർസ് ആയി ഡോ. ലത മേനോൻ, മിലി ഫിലിപ്പ്, ഡോ. ബ്രിഡ്‌ജറ് ജോർജ് എന്നിവരും പ്രവർത്തിക്കുന്നു.
ഡോ. പ്രിയ ലൂയിസ്, ഡോ. ലത മേനോൻ എന്നിവർ മോഡറേറ്ററന്മാരാകും .
സൂം മീറ്റിംഗ് 314 281 2181, പാസ്സ്‌കോഡ് fk2628 കൂടി ഏവർക്കും പങ്കുചേരാവുന്നതാണ്.      

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.