തൃശ്ശൂർ: അമേരിക്കൻ മലയാളിയും , ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ സിജോ വടക്കനെ മുഖം ഗ്ലോബൽ മാഗസിൻ ആദരിച്ചു. തൃശൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബീന ആർ ചന്ദ്രൻ സിജോ വടക്കന് മുഖം മൊമെൻ്റോ നൽകി.
മലയാള ചലച്ചിത്ര രംഗത്തെ വേറിട്ട വ്യക്തിത്വമാണ് സിജോ വടക്കനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ബീന ആർ ചന്ദ്രൻ പറഞ്ഞു. ഉദാഹരണം സുജാത മുതൽ പണി വരെയുള്ള മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിക്കാൻ മികച്ച ഒരു നിർമ്മാതാവ് കടന്നു വന്നതാണ് ഈ സിനിമകളുടെ വിജയത്തിനാധാരം. കലാമൂല്യമുള്ള ഒരു മനസ്സ് ഉണ്ടായതു കൊണ്ടാണ് ഇതെല്ലാം അദ്ദേഹത്തിന് സാധിച്ചത്. സിജൊ വടക്കനെ പോലെയുള്ള നിർമ്മാതാക്കാൾ മലയാള സിനിമയുടെ അഭിമാനമാണെന്നും ബീന ആർ ചന്ദ്രൻ പറഞ്ഞു.മുഖം മാഗസിൻ മെയ് ലക്കം ബീനാ ആർ ചന്ദ്രൻ സിജോ വടക്കന് നൽകി പ്രകാശനം ചെയ്തു.
പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ മായ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പുരസ്കാരം നേടിയ ചോല എന്ന സിനിമയുടെ നിർമ്മാതാവായ സിജോ വടക്കൻ ചോല പോലെയുള്ള ഒരു സിനിമ നിർമ്മിക്കുവാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം നിർമ്മിച്ച സിനിമകളെ സദസിന് വിശദമായി പരിചയപ്പെടുത്തി.
മുഖം ഗ്ലോബൽ മാഗസിൻ നൽകിയ ആദരവിനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നതായും , തൃശൂർ പ്രസ് ക്ലബ് തൻ്റെ ആദ്യകാല മാധ്യമ പ്രവർത്തനത്തിൻ്റെ തട്ടകമായിരുന്നുവെന്നും അവിടെ വെച്ച് ഒരു ആദരവ് ലഭിച്ചതിൽ ബഹുമാനവും സന്തോഷവുമുണ്ടെന്നും സിജോ വടക്കൻ പറഞ്ഞു. പ്രവാസി മലയാളികൾ പലർക്കും ജന്മനാട്ടിൽ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല. അവരുടെ അച്ചീവ്മെൻ്റുകൾ ജന്മനാട്ടിലെ ജനങ്ങൾക്കും അഭിമാനമായി മാറണം . പ്രചോദനമാകണം. അതിനായി മുഖം ഗ്ലോബൽ മാഗസിൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നാടിൻ്റെ വികസന പ്രക്രിയയിൽ പങ്കാളികളാവുകയും കേരളത്തിലെ കലാ സാംസ്കാരിക സാഹിത്യ മേഖലയിൽ പ്രവത്തിക്കുന്നവരെ വിദേശരാജ്യങ്ങളിൽ കൊണ്ടു പോവുകയും ആദരിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ജന്മനാട്ടിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. അവരെ കേരളത്തിൻ്റെ സാംസ്കാരിക വേദികളിൽ പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുന്ന ദൗത്യത്തിനാണ് മുഖം ഗ്ലോബൽ മാഗസിൻ നേതൃത്വം നൽകുന്നതെന്ന് മാഗസിൻ എഡിറ്റർ അനിൽ പെണ്ണുക്കര പറഞ്ഞു. അർഹതയുള്ളവരുടെ മുഖം മലയാളത്തിന് മുൻപിൽ അവതരിപ്പിക്കുവാൻ ലഭിക്കുന്ന അവസരം ഒരു ഭാഗ്യമായി കരുതുന്നു. ഇതിനോടകം ഇരുപതിലധികം അമേരിക്കൻ മലയാളികളെ വിവിധ വേദികളിൽ മുഖം ആദരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്യ ചലച്ചിത്ര സംവിധായകൻ വിനോദ് വിശ്വം ,സാഹിത്യകാരന്മാരായ തെന്നൂർ രാമചന്ദ്രൻ , വേണുഗോപാൽ പഴയ കളത്തിൽ , മോഹനൻ കെ. എസ്. കെ , കൊച്ചിൻ ഇൻ്റർനാഷണൽ ബുക്ക് ഫെയർ സെക്രട്ടറി പി. സോമനാഥ് , ഭരത കുമാർ കെ. എം തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സട്ടിഫിക്കറ്റും കാഷ് അവാർഡും ബീന ആർ ചന്ദ്രനും, സിജോ വടക്കനും ചേർന്ന് നൽകി. ഭരതകുമാർ കെ എം മറുമൊഴി പ്രസംഗം നടത്തി.












