PRAVASI

ബോസ്റ്റൺ പള്ളിയിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം

Blog Image

ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ദേശീയ കൺവെൻഷന്റെ പ്രചാരണത്തിനും കിക്കോഫിനുമായി ജൂബിലി കൺവീനർ ഫാ.ജോൺ മേലേപ്പുറത്തിനോടൊപ്പം സെൻ്റ് തോമസ് സീറോ മലബാർ ദേവാലയം സന്ദർശിച്ച കൺവെൻഷൻ ടീമിന് സ്നേഹപൂർവ്വമായ സ്വീകരണം ഇടവകാംഗങ്ങൾ നൽകി.
ഫാ: ജോൺ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവൻഷനിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിച്ചു.
നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന കൺവെൻഷൻ പരിപാടികളുടെ രൂപരേഖ കൺവൻഷൻ ചെയർമാൻ ബിജി സി മാണി അവതരിപ്പിച്ചു. ബിസിനസ് മാർക്കറ്റിംഗ് കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരനും ഇടവകാംഗങ്ങളുമായി ആശയവിനിമയം നടത്തി. ഇടവകയിൽ നിന്നുള്ള ട്രസ്റ്റിമാരും കൺവെൻഷൻ പ്രതിനിധികളും മനോഹരമായ കൺവെൻഷൻ കിക്കോഫിന് നേതൃത്വം നൽകി. നേതൃത്വം നൽകിയ വർഗീസ് യോഹന്നാൻ, സാജു സിറിയക്ക്, ബോണസ് വർഗീസ്, ഡെപിൻ സുജ, ജോ കൈതമറ്റം എന്നിവർക്ക് കൺവൻഷൻ ടീം പ്രത്യേകം നന്ദി പറഞ്ഞു.
ഇടവകാംഗങ്ങളുടെ ആവേശപൂർണ്ണമായ പങ്കാളിത്തം കൺവെൻഷൻ ടീമിന് വലിയ ആവേശം പകർന്നു.
ഇടവക വികാരി ഫാ: ഡിജോ കോയിക്കര ഇടവകയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം ഏവരെയും ഇതിൽ പങ്കുചേരുവാൻ ക്ഷണിക്കുകയും ചെയ്തു.
ചിക്കാഗോയിലെ അതിപ്രശസ്തവും മനോഹരമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെൻററിലും (McCormick Place) അതിനോട് ചേർന്ന മൂന്ന് ഹോട്ടലുകളിലും ആയിട്ടാണ് സീറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയിൽ പങ്കാളികളായ ഏവരെയും ഈ അവസരത്തിൽ ഓർമ്മിക്കുകയാണ്.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ഈ മഹാസമ്മേളനം, ഏവർക്കും ഒന്നിച്ചു ചേരാനും, സൗഹൃദങ്ങൾ പുതുക്കുവാനും, ആശയങ്ങളും അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുവാനും, പ്രവാസി ലോകത്തെ സഭയുടെ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുവാനും, ഉള്ള ഒരു അവസരം ആയിരിക്കും. ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിവിധ രംഗങ്ങളിൽ നിന്നുള്ള വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും, സംഘടനാ കൂട്ടായ്മകളും, കേരളത്തിൽ നിന്നുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തുന്ന കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു.
യുവജനങ്ങളെയും, മുതിർന്നവരെയും ഒരുപോലെ പങ്കാളികളാക്കി നടത്തുന്ന ഈ വിശ്വാസ കൂട്ടായ്മയിൽ അമേരിക്കയിൽ അങ്ങോളമിങ്ങോളം ഉള്ള എല്ലാ സീറോ മലബാർ വിശ്വാസികളും വന്നുചേരണമെന്നാണ് താൻ കാംക്ഷിക്കുന്നതെന്ന് ഇടവക അധ്യക്ഷൻ മാർജോയ് ആലപ്പാട്ട് രൂപതയിൽ ഏവർക്കും ഉള്ള സന്ദേശത്തിൽ അറിയിക്കുകയുണ്ടായി.
ഓരോ പള്ളിയിലും അവരുടെ പ്രതിനിധികളോട് ചേർന്ന് രജിസ്‌ട്രേഷൻ നടത്തുവാനുള്ള പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മൂന്നേറുന്നു.
കൺവെൻഷൻ ടീം ഈ അംഗങ്ങളുമായി ബന്ധപ്പെടുകയും വിവരങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുന്നതുവഴി രജിസ്ട്രേഷൻ പ്രക്രിയ എളുപ്പുമാക്കുകയും ചെയ്യുന്നു . ഈ സംയോജിത ശ്രമം കൂടുതൽ വിശ്വാസികളെ കൺവെൻഷന്റെ ഭാഗമാക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

ബോസ്റ്റൺ പള്ളിയിലെ അച്ചന്റെയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.