പുത്തൻ പ്രതീക്ഷകളുമായി കേരളത്തിലെ വിദ്യാലയങ്ങൾ വീണ്ടുമൊരു അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഏകദേശം 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് നാളെ മുതൽ അറിവിന്റെ പുതിയ പാഠങ്ങൾ തേടി സ്കൂളുകളിലേക്ക് എത്തുന്നത്. ഇതിൽ ഒന്നാം ക്ലാസിലേക്ക് മാത്രം മൂന്ന് ലക്ഷത്തിലധികം കുരുന്നുകൾ പ്രവേശനം നേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് സർക്കാർ നേതൃത്വം നൽകുന്ന സംസ്ഥാനതല പ്രവേശനോത്സവം നാളെ രാവിലെ 9.30-ന് തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ പ്രവേശനോത്സവത്തിന് കൂടുതൽ നിറം പകരാൻ സാങ്കേതികവിദ്യയുടെ കരുത്തോടെയുള്ള ദൃശ്യാവിഷ്കാരവുമുണ്ട്.

