PRAVASI

ഏകായനം ( ചെറുകഥ)

Blog Image

"അമ്മയെന്തിനാ എപ്പോഴും ഇങ്ങനെ 
ടി വി വെറുതെ ഓൺ ചെയ്ത് വെച്ചിരിക്കുന്നത്? ഇതെന്താ സീരിയലോ? നല്ല പരിപാടി ഒന്നും ഈ സമയത്ത് ഇല്ലല്ലോ.. ചുമ്മാതല്ല.. ഇതിൻ്റെ ശബ്ദം കൊണ്ടാവും, ഇന്നലെ ഞാൻ ഫോണിൽ വിളിച്ചിട്ട്, റിംഗ് തീരാറായപ്പോഴാണ് അമ്മ കോൾ എടുത്തത്"
ബംഗളൂരുവിൽ ജോലി ചെയ്യുന്ന സേതുലക്ഷ്മി, അവധിക്ക്, നാട്ടിൽ താമസിക്കുന്ന തൻ്റെ അമ്മ സുഭദ്രയുടെ അടുത്ത് എത്തിയപ്പോൾ തന്നെ,  അമ്മയോടുള്ള തൻ്റെ പരാതികളുടെ കൂട തുറന്നു. 
"മോളേ.. ഇവിടെ ഞാൻ ഒറ്റയ്ക്കല്ലേ ഉള്ളൂ. എന്തെങ്കിലും ഒരു ഒച്ചയും അനക്കവും ഒക്കെ വേണ്ടേ വീടായാൽ." 
" അമ്മ എന്തിനാണ് ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നത്. എൻ്റെ കൂടെ ബാംഗ്ലൂരിൽ വന്ന് താമസിക്കാൻ ഞാൻ എത്ര നാളായി പറയുന്നു.  എന്തുകൊണ്ടാണ്  വരാത്തത്. എൻ്റെ ഫ്ലാറ്റിൽ ഞാനും ഒറ്റയ്ക്കല്ലേ. അമ്മ വരുന്നത് കൊണ്ട് എനിക്കും ഒരു കൂട്ടാകും. "
" സേതൂ..നിനക്ക് 30 വയസ്സായി. ഒരു വിവാഹം കഴിക്കാൻ പറയുമ്പോഴൊക്കെ, സ്വാതന്ത്ര്യം വേണം .. ജീവിതം ആർക്കും അടിയറ വയ്ക്കാൻ ഉള്ളതല്ല ..എന്നൊക്കെ പറഞ്ഞ് വിവാഹത്തിൽ നിന്നും നീ ഒഴിഞ്ഞു മാറി നിൽക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി. കുട്ടേട്ടൻ മരിച്ചു പോയിട്ട് എട്ട് വർഷം കഴിഞ്ഞു.  അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നീ അച്ഛനോടും ഇങ്ങനെ പറയുമായിരുന്നോ? "
" അമ്മേ, എൻ്റെ വിവാഹം എന്നത് എൻ്റെ പേഴ്സണൽ കാര്യം അല്ലേ. അതിപ്പോ അച്ഛൻ ഉണ്ടായിരുന്നു എങ്കിലും ഞാൻ ഇതു തന്നെ പറയുമായിരുന്നു. പിന്നെ.. അമ്മ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതും, ഞാൻ വിവാഹം കഴിക്കാതിരിക്കുന്നതുമായി എന്താണ് ബന്ധം? എന്തെങ്കിലും ബന്ധം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല."
" ഒരു ബന്ധവും ഇല്ലേ "
" ഇല്ല. എനിക്ക് വിവാഹം വേണ്ട എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു.  ഒറ്റത്തടിയായി ജീവിക്കുന്നതാണ് എനിക്കിഷ്ടം. അതിനിടയിൽ ഭർത്താവും, കുട്ടികളും.. അതൊന്നും വേണ്ട..എൻ്റെ മിക്ക കൂട്ടുകാരികളും ഞാനും കല്യാണം വേണ്ട എന്ന നിലപാടിൽ തന്നെയാണ്. ഇതൊക്കെ ഞാൻ പല തവണ അമ്മയോട് പറഞ്ഞിട്ടുണ്ടല്ലോ. ഓകെ..ഇനി ഞാൻ അമ്മയെ നിർബന്ധിക്കില്ല. അമ്മയ്ക്ക് എൻ്റെ കൂടെ  വരാൻ ബുദ്ധിമുട്ടാണെങ്കിൽ അമ്മ ഇവിടെ ഒറ്റയ്ക്ക് താമസിച്ചോളൂ. ഞാൻ ഇപ്പോഴത്തെപ്പോലെ ഇടയ്ക്ക് വന്ന് അമ്മയെ കണ്ടോളാം "
അങ്ങനെ അവർ തമ്മിലുള്ള തർക്കം തൽക്കാലം അവസാനിച്ചു. നാളുകളായി അവർ ഇങ്ങനെയാണ്. മാസത്തിൽ രണ്ടു തവണ സേതു, അമ്മയെ കാണാൻ വരും. അപ്പോഴൊക്കെ അമ്മ, മകളുടെ വിവാഹക്കാര്യം എടുത്തിടും. തുടങ്ങുന്നത്, ടിവി കാണുന്ന കാര്യമായാലും, പച്ചക്കറി നുറുക്കുന്ന കാര്യമായാലും ഒടുവിൽ ഇതിലേ വന്നു നിൽക്കൂ. അതു വരെ സ്നേഹത്തിൽ സംസാരിച്ചു കൊണ്ടിരുന്ന മകൾ പെട്ടെന്ന് ഒരു പുലിയാവും. വാഗ്വാദം ഉണ്ടാവും. അല്പം കഴിയുമ്പോൾ താനേ ശാന്തമാകുകയും ചെയ്യും. അയൽപക്കത്ത് ഉള്ളവർക്കൊക്കെ ഇത് കേട്ടു കേട്ട് ഒരു ശീലമായി എന്ന് തോന്നുന്നു. ഇപ്പോൾ ഈ വഴക്കുകൾ ഉയരുമ്പോൾ അവരാരും പണ്ടത്തെപ്പോലെ എത്തി നോക്കാറില്ല. 
ഏതാനും മിനിട്ടുകൾ നീണ്ട നിശബ്ദത അമ്മയാണ് ഭഞ്ജിച്ചത്. 
" മോളേ. വൈകിട്ട് എന്നെ ഇവിടുത്തെ പാർക്കിലൊന്നു കൊണ്ടു പോകുമോ?"
" അതിനെന്താ.. നമുക്ക് പോകാം. വേണമെങ്കിൽ ഒരു സിനിമയും കാണാം. അമ്മ കുറേ നാളായില്ലേ 
സിനിമയൊക്കെ  കണ്ടിട്ട്."
" അതൊന്നും വേണ്ട. സിനിമയും സീരിയലും ടിവിയിൽ വരുമ്പോൾ ഞാൻ കാണാറുണ്ടല്ലോ. അതു മതി"
" ശരി. അമ്മയുടെ ഇഷ്ടം"
അന്നു വൈകിട്ട് സേതുലക്ഷ്മി, സുഭദ്രയേയും കൂട്ടി ടൗണിൽ ഉള്ള  പാർക്കിൽ എത്തി.
ഈവനിംഗ് വാക്കിന് എത്തിയവർ, ഉല്ലാസത്തിന് എത്തിയ കുടുംബങ്ങൾ, കുട്ടികൾ എന്നിങ്ങനെ പാർക്കിൽ വിവിധ ഉദ്ദേശ്യങ്ങളുമായി എത്തിയ ആൾക്കാരുടെ തിരക്കിനിടയിൽ കൂടി അവർ രണ്ടു പേരും സാവധാനം നടന്ന് പാർക്കിൻ്റെ അധികം തിരക്കില്ലാത്ത ഒരു ഭാഗത്ത് എത്തി. അവിടെ ഒഴിഞ്ഞു കിടന്ന ഒരു ചാരുബഞ്ചിൽ അവരിരുവരും ഇരുന്നു.
സായാഹ്നസൂര്യൻ്റെ രശ്മികൾ, മരച്ചില്ലകൾക്കിടയിലൂടെ അവരെ സ്പർശിച്ചു കടന്നു പോയി. 
കൈയിൽ കരുതിയിരുന്ന കുപ്പിവെള്ളത്തിൽ നിന്നും സുഭദ്ര ഒരിറക്ക് വെള്ളം കുടിച്ചു. ബാക്കി സേതുവിൻ്റെ നേരെ നീട്ടി. അവൾ അതിൽ നിന്ന് അല്പം  കുടിച്ചിട്ട് കുപ്പി അടച്ച് തൻ്റെ ബാഗിലേയ്ക്ക് വെച്ചു.
സുഭദ്ര തൻ്റെ ബാഗ് തുറന്ന് ഒരു കടലാസ് കഷണം എടുത്തു സേതുലക്ഷ്മിക്ക് കൊടുത്തു. അതിൽ ഒരു അഡ്രസ്സ് എഴുതിയിരുന്നു.
സേതു ആ അഡ്രസ്  വായിച്ചു.
' Saphalyam ',
 A house for Aged women,
S.N.Nagar, Kottayam.
അവൾക്ക് അത് വായിച്ച് തീർന്നപ്പോൾ ഒരു ഉൾക്കിടിലം ഉണ്ടായി.
" എന്താണ് അമ്മ ഉദ്ദേശിക്കുന്നത്?" 
" ഇനിയുള്ള കാലം ഞാൻ ഈ വൃദ്ധസദനത്തിൽ ആവും ഉണ്ടാവുക. നീ വല്ലപ്പോഴും വരുമ്പോൾ ഇവിടേയ്ക്ക് വന്നാൽ മതി. നമ്മുടെ വീട് നിൻ്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട്." 
സുഭദ്ര തീർത്തും നിസ്സംഗതയോടെയാണ് പറഞ്ഞത്.
" ശ്ശെ.. എന്തൊക്കെയാണ് അമ്മ ഈ പറയുന്നത്"
സേതുവിൻ്റെ വിഷമവും പരിഭ്രമവും ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.
" എൻ്റെ ഈ തീരുമാനത്തിൽ നീ ഇടപെടരുത് . നിനക്ക് ഫ്രീഡം വേണം എന്ന് പറഞ്ഞപ്പോൾ  ഞാൻ അത് അംഗീകരിച്ചു. വിവാഹം എന്നത് നിൻ്റെ മാത്രം പേഴ്സണൽ കാര്യം ആണ് എന്ന് പറഞ്ഞപ്പോഴും ഞാൻ അംഗീകരിച്ചു. അതുപോലെ തന്നെയാണ് ഇതും.  എൻ്റെ ചോയ്സ് ആണിത്. എൻ്റെ ഇനിയുള്ള ജീവിതം 
എങ്ങനെ ജീവിക്കണം എന്നത് നിന്നെപ്പോലെ എനിക്കും സ്വതന്ത്രമായി തീരുമാനിക്കാൻ അവകാശമുണ്ട് "
" ഇല്ല. ഇത് ഞാൻ സമ്മതിച്ചു തരില്ല. അമ്മേ ഞാൻ അമ്മയുടെ ഒറ്റമോളാണ്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അമ്മ വൃദ്ധസദനത്തിൽ പോയിക്കിടക്കാനൊന്നും ഞാൻ സമ്മതിക്കില്ല. അമ്മയ്ക്ക് സമ്മതമെങ്കിൽ എൻ്റെ കൂടെ വരാം, ഇനി അതല്ല, വീട്ടിൽ  ഒറ്റയ്ക്ക് താമസിക്കാൻ ആണ് തീരുമാനമെങ്കിൽ  സമീപത്തുള്ള ഏതെങ്കിലും സ്ത്രീകൾ രാത്രിയിൽ കൂട്ട് കിടക്കാൻ വരുമോ എന്ന് നമുക്ക് തിരക്കി നോക്കാം. ഏതായാലും ഇതിന് ഞാൻ സമ്മതം മൂളില്ല. "
" ഇതിൽ നിൻ്റെ സമ്മതം എനിക്ക് ആവശ്യമില്ല. എൻ്റെ ഭർത്താവും മകളും ആയിരുന്നു എൻ്റെ ജീവിതം... ഭർത്താവ് പോയി... മകൾ ഒരു കുടുംബജീവിതം നയിച്ച് കാണാൻ, എല്ലാ അമ്മമാരെയും പോലെ ഞാനും ആഗ്രഹിച്ചു. പക്ഷേ നിങ്ങളുടെ ജനറേഷനിൽ കുടുംബം, കുട്ടികൾ, എന്നതൊക്കെ ഒരു ബാധ്യത ആണല്ലോ . പണ്ട് ഞങ്ങളും ഇത് പോലെ ചിന്തിച്ചിരുന്നെങ്കിലോ. ഇപ്പൊ നിങ്ങളൊക്കെ ചെയ്യുന്നത് പോലെ, കൈയിൽ കിട്ടുന്നതൊക്കെ ചെലവാക്കി അടിച്ചു പൊളിച്ചു ജീവിച്ചിരുന്നു, എങ്കിലോ. കേറിക്കിടക്കാൻ 
ഒരു വീട് പോലും ഉണ്ടാവുമായിരുന്നില്ല. നിനക്ക് ഇത്രയും നല്ല ജോലി കിട്ടുമായിരുന്നില്ല." 
" അമ്മേ, ഞാൻ പറയുന്നത് ഒന്നു കേൾക്കൂ.. എന്നിട്ട് അമ്മ ശാന്തമായി ആലോചിച്ച് നോക്കൂ .. "
" അതു തന്നെയാണ് മോളേ ഞാനും നിന്നോട് പറയുന്നത്. നീ ഒന്ന് ശാന്തമായി ഇതെല്ലാം ആലോചിക്കൂ. അങ്ങനെ ചിന്തിച്ചാൽ, വർഷങ്ങൾക്ക് മുമ്പുള്ള എന്നെയും നിൻ്റെ അച്ഛനെയും നിനക്ക് കാണാൻ കഴിയും."
ഇത്രയും പറഞ്ഞിട്ട് ഒരു  മറുപടിക്ക് കാക്കാതെ, സുഭദ്ര മെല്ലെ എഴുന്നേറ്റ് തിരിച്ച് നടന്നു തുടങ്ങി.
സേതുലക്ഷ്മി അമ്മയുടെ പിന്നാലെയും.
തിരിച്ച് കാറിൽ രണ്ടുപേരും നിശബ്ദരായിരുന്നു.
വീട്ടിൽ ചെന്നപ്പോഴും അവർ ഒന്നും ഉരിയാടിയില്ല. 
ആഹാരം കുറച്ചെന്തോ കഴിച്ചിട്ട് സുഭദ്ര കിടപ്പു മുറിയിലേക്ക് പോയി.
സേതു ഒന്നും കഴിച്ചുമില്ല.
രണ്ടു പേരും അവരവരുടെ ഓർമ്മകൾ അയവിറക്കുക ആയിരുന്നു. 
മകളുടെ ജനനം.. അതായിരുന്നു, സേതുവിൻ്റെ അമ്മയുടെയും അച്ഛൻ്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം. അവളുടെ ചിരിയും കളിയുമായിരുന്നു മറ്റെല്ലാ ജീവിതപ്രാരബ്ധങ്ങളും മറക്കുവാൻ അവരെ പ്രേരിപ്പിച്ചത്.
അച്ഛൻ.. 
കുഞ്ഞിലേ തനിക്ക് ഒരിക്കൽ അസുഖം കൂടിയപ്പോൾ, തന്നെ വാരിയെടുത്ത് ആശുപത്രിയിലേയ്ക്ക് പായുന്ന അച്ഛൻ്റെ കണ്ണുനീർ തൻ്റെ കവിളിൽ പതിച്ചത്, സേതുലക്ഷ്മി 
ഇനിയും മറന്നിട്ടില്ല. മരിക്കുന്നത് വരെ അച്ഛൻ, തൻ്റെ താങ്ങും തണലും ആയിരുന്നു.  അച്ഛൻ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ...
സ്കൂളിൽ നിന്ന് താൻ തിരിച്ച് വരുന്നതും നോക്കി, എന്നും വൈകിട്ട് അമ്മ, റോഡിൽ ... വീട്ടിലേയ്ക്കുള്ള വഴി തുടങ്ങുന്നയിടത്ത് നിൽക്കുന്ന ചിത്രവും അവൾ മറന്നിട്ടില്ല. ദൂരെ നിന്ന് തന്നെ കാണുമ്പോൾ അമ്മയുടെ മുഖത്ത് ഉണ്ടാകുന്ന ആ സന്തോഷവും ആശ്വാസവും താൻ
എങ്ങനെ മറക്കാനാണ്?
അച്ഛൻ തനിക്ക് ചുറ്റും ഒരു സംരക്ഷണ വലയം ആയിരുന്നു എങ്കിൽ അമ്മ ഒരു സ്നേഹ വലയം ആയിരുന്നു.
താൻ അതിൽ നിന്നും പുറത്തു കടന്നത് എന്നാണ്?.. ജോലി കിട്ടിയപ്പോഴോ.. അതോ..അതിന് മുമ്പോ.. 
ആ അമ്മയെ അല്ലേ താൻ ഇനി വൃദ്ധസദനത്തിൽ 
പോയി കാണേണ്ടത്?  
അത് ആലോചിച്ചപ്പോൾ സേതുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങി..
സ്നേഹത്തിൻ്റെ കുഞ്ഞിതളുകൾ വിടർത്തി നിൽക്കുന്ന,  ഒരായിരം ഓർമ്മപ്പൂക്കളുടെ 
ഒരു പൂന്തോട്ടം ആണ് ഇപ്പോൾ സേതുലക്ഷ്മിയുടെ മനസ്സ്.
അമ്മ ഉറങ്ങിക്കാണുമോ.  അവൾ അമ്മ കിടക്കുന്ന
മുറിയുടെ വാതിൽക്കൽ എത്തി. വാതിൽ ചാരിയിട്ടേ ഉള്ളൂ. പുറത്തെ നിലാവിൻ്റെ വെട്ടം മുറിയുടെ ജനാലയുടെ ചില്ലു പാളികളിൽ 
കൂടി അകത്തു കടക്കുന്നുണ്ട്. 
സേതു വാതിൽ പതിയെ തുറന്ന് അകത്തു കടന്നു.  അമ്മ ഉറങ്ങിയിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി.
അവൾ കട്ടിലിൻ്റെ കാൽക്കൽ ഇരുന്ന്,  തൻ്റെ ഇരുകൈത്തലങ്ങളും കൊണ്ട് അമ്മയുടെ കാൽപ്പാദങ്ങളിൽ 
തൊട്ടു. ഒരു മാപ്പപേക്ഷ പോലെ. 
അമ്മ വേഗം എഴുന്നേറ്റ് ലൈറ്റ് ഇട്ടു. തൻ്റെ മകൾ ഒരു  കരച്ചിലിൻ്റെ വക്കത്താണ് എന്നവർക്ക് മനസ്സിലായി.
മകളുടെ ഈ ഭാവമാറ്റം കണ്ടിട്ട്   ആ അമ്മയ്ക്ക് വിഷമം തോന്നി. 
അവർ അവളെ എഴുന്നേൽപ്പിച്ച് തൻ്റെ മാറോട്
ചേർത്തു.
അതും കൂടെയായപ്പോൾ, 
സേതു വിലപിക്കാൻ തുടങ്ങി.
" എൻ്റെ തെറ്റ് എനിക്ക് മനസ്സിലായി അമ്മേ. അമ്മയും അച്ഛനും എന്നെ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത്.  നിങ്ങളുടെ ഇഷ്ടങ്ങളും ചോയ്സുകളും മാറ്റി വെച്ചിട്ടാണ് എനിക്ക് നിങ്ങൾ ഏറ്റവും നല്ല വിദ്യാഭ്യാസം തന്നത്. ഞാൻ ചോദിച്ചതെല്ലാം ഒരു മടിയും കൂടാതെ നിങ്ങൾ എനിക്ക് വാങ്ങിത്തന്നു. നിങ്ങളുടെ എല്ലാം ഞാനായിരുന്നു. എനിക്ക് എല്ലാം നല്ല ഓർമ്മയുണ്ട്. എന്നിട്ടും ഞാൻ ഇങ്ങനെ ഒരു സ്വാർത്ഥയായിപ്പോയി. അമ്മ എന്നോട് ക്ഷമിക്കണം. ഇനി അമ്മയുടെ ഇഷ്ടം പോലെ, ഞാൻ ഒരു വിവാഹത്തിന് തയ്യാറാണ്. എനിക്ക് അതിന് പൂർണ്ണസമ്മതമാണ്. എനിക്ക് വേണ്ടി ഒരു പയ്യനെ അമ്മ കണ്ടെത്തിക്കോളൂ. വൃദ്ധസദനത്തിൽ അമ്മയെ കൊണ്ടാക്കുന്ന കാര്യമൊന്നും ചിന്തിക്കാൻ പോലും എനിക്ക് പറ്റില്ല അമ്മേ. അത്തരം ചിന്തകൾ  ദയവു ചെയ്ത് അമ്മയും ഉപേക്ഷിക്കണം.."
മനസ്സിലുള്ളത് പറഞ്ഞു കഴിഞ്ഞപ്പോൾ സേതുവിന് അൽപ്പം ആശ്വാസം തോന്നി. കരച്ചിലും പറച്ചിലും ഒന്നിച്ചായിരുന്നു.
മകളുടെ വാശിയേറിയ തീരുമാനം അവൾ തന്നെ മാറ്റിയതിലെ ആശ്വാസം സുഭദ്രാമ്മയുടെ മുഖത്ത് 
തെളിഞ്ഞു കാണാനുണ്ടായിരുന്നു.
" മോളേ. നിനക്ക് കുടുംബം ഉണ്ടാവുമ്പോൾ, നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ കൂടെ വന്ന് താമസിക്കാൻ എനിക്കും സന്തോഷമേ ഉള്ളൂ. നീ ഒരു കുടുംബിനി ആയിക്കാണാൻ 
വേണ്ടിയാണ് ഞാൻ വൃദ്ധസദനത്തിൽ പോകുന്ന കാര്യം പറഞ്ഞത്. അക്കാര്യം ഞാനും ഇവിടെ ഉപേക്ഷിക്കുന്നു. "
" അമ്മേ..ഉമ്മ."
സുഭദ്ര മകളെ സ്നേഹത്തോടെ തന്നോട് കൂടുതൽ ചേർത്തു പിടിച്ച് ഏറെ നേരം കട്ടിലിൽ ഇരുന്നു. മകൾക്ക് അമ്മയുടെ ആലിംഗനം ഒരു സാന്ത്വനമായിരുന്നു. 
അത് വിടുവിച്ചാൽ കിട്ടുന്ന സ്വാതന്ത്ര്യം, അത് തനിക്ക് വേണ്ടെന്ന് അവൾ അപ്പോഴേക്കും തീരുമാനിച്ചിരുന്നു.  ഒരിക്കലും ഇനി താൻ അതിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യില്ല എന്ന ഉറച്ച തീരുമാനം ആയിരുന്നു അത്.
 

സുജിത് ബി വാര്യർ, ആലപ്പുഴ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.