ജീവിതപ്പൊരുൾ തേടിയലയുമേകാന്ത പഥികാ
ദീർഘം, ദുർഘടം, വന്യം, മുന്നിലെ കാനനപ്പാതകൾ
കഠിനമാം വനവീഥികളിലൂടെയല്ലയോ നിൻ യാത്ര
ആരും കാണാസത്യപ്പൊരുൾ തേടിയല്ലയോ നിൻ യാത്ര
ആരും കാണാവീഥികളിലൂടെയല്ലയോ നിൻ യാത്ര
കാമ ക്രോധ മദ മാത്സര്യങ്ങളാം
വന്യജീവിപ്പാതയിലൂടല്ലയോ നിൻയാത്ര
ഹേ പഥികാ
ഈ വിജന സത്രത്തിലൽപ്പം വിശ്രമിച്ചീടുക
ഈ ലതാനികുഞ്ജങ്ങളിലൽപ്പനേരം കാറ്റേറ്റിരിക്കുക
പോകും മുമ്പേ പാഥേയവും കൂടെക്കരുതാം
പോകും വഴിയിൽ നിൻ
കർമ്മ കാണ്ഡക്കെട്ടുകൾ പൊട്ടിച്ചെറിയുക
കാണാബന്ധ ചരടുകളറുത്തെറിയുക
ജീവിതാർജ്ജിത ദുർമേദസ്സുകളൊക്കെയും വെടിയുക
അഹംബോധത്തെ കാട്ടിലുപേക്ഷിക്കുക.
ഘനമേതുമില്ലാ മേഘലാഘവത്വം
കൈവരും വരെയും
കാനനപ്പാതകളിലലയുക.
അതിനു ശേഷം,
ആരും കാണാഗുഹയിലൊളിക്കുക
മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം സ്വന്തമാക്കുക.
പ്രാകൃത ശിലകളിൽ, ആരുമെഴുതാത്ത ലിപികളിൽ
ആരും തൊടാത്ത എഴുത്താണികളാൽ
ചിന്തകൾ കുറിച്ചിടുക
പുത്തനാമിതിഹാസം രചിക്കുക.
ആ ലിപി പഠിച്ചവൻ, ആ ഇതിഹാസം
വായിക്കാൻ വരുംവരെയും സമാധിയിലാകുക.

ജോസഫ് നമ്പിമഠം

