PRAVASI

എക്കോ ഫാമിലി നൈറ്റ് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു; ഡോ. ബേബി സാം ശാമുവേലിന് ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു

Blog Image

ന്യൂയോർക്ക്:  ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന  എക്കോ (ECHO - Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടനയുടെ 2025-ലെ വാർഷിക ഫാമിലി ഡിന്നർ ആൻഡ് അവാർഡ് നൈറ്റ് ബെത്‌പേജിൽ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. സമൂഹത്തിലെ ക്ഷണിക്കപ്പെട്ട സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും വിശിഷ്ട വ്യക്തികളുടെയും എക്കോ കുടുംബാംഗങ്ങളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ 2025-ലെ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്  (ECHO Humanitarian Award) എക്കോ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. തോമസ് മാത്യു അവാർഡ് ജേതാവ് ഡോ. ബേബി സാം ശാമുവേലിന് സമ്മാനിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരക്കണക്കിന് നിർധനർക്ക് ദിവസവും ഒരുനേരത്തെ ഭക്ഷണം നൽകുന്ന "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്" പ്രസിഡന്റും പ്രശസ്‌ത പ്രഭാഷകനും കോർപ്പറേറ്റ് പരിശീലകനും മനുഷ്യസ്നേഹിയും ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെൻറ് ഓഫ് സിറ്റിവൈഡ് അഡ്മിനിസ്ട്രേഷൻ സർവ്വീസസ് (NYC DCAS) ഡയറക്ടറുമായ വ്യക്തിയാണ് അവാർഡ് ജേതാവായ ഡോ. ബേബി സാം ശാമുവേൽ. 2,500 ഡോളറും പ്രശംസാഫലകവുമാണ് അവാർഡായി എക്കോ നൽകിയത്. ഇതിൽ പ്രശംസാഫലകം എക്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. തോമസ് മാത്യുവും ക്യാഷ് അവാർഡ് 2,500 ഡോളർ എക്കോ പ്രോഗ്രാം ഡയറക്ടർ സാബു ലൂക്കോസും സഹധർമ്മിണി ജയയും ചേർന്ന് ഡോ. ബേബി സാമിന് നൽകുകയും ചെയ്തു. 

മായാജാലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ലോകപ്രശസ്‌ത മാന്ത്രികൻ പ്രൊഫ. ഗോപിനാഥ് മുതുകാട് ചടങ്ങിൽ മുഖ്യാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി.  "എക്കോ എന്ന വാക്കിന്റെ മലയാള പദം പ്രതിധ്വനി എന്നാണ്. നാം എന്ത് കൊടുക്കുന്നുവോ അത് തിരികെ പ്രതിധ്വനിയായി നമുക്ക് ലഭിക്കുന്നു. ഒരു പൂവ് മുകളിലേക്കെറിഞ്ഞാൽ പൂവ് താഴേക്ക് പതിക്കുന്നു. ഒരു കല്ല് നാം മുകളിലേക്കെറിഞ്ഞാൽ കല്ല് താഴേക്ക് പതിക്കുന്നു. അതാണ് എക്കോ എന്ന സംഘടനയും ചെയ്യുന്നത്. എക്കോ കാരുണ്യം പകർന്ന് നൽകുന്നു. എക്കോയിലേക്ക് കാരുണ്യം ഒഴുകിയെത്തുന്നു. എക്കോയുടെ പ്രവർത്തനങ്ങൾക്കെല്ലാവിധ ആശംസകളും നേരുന്നു." പ്രൊഫ. മുതുകാട് തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

എക്കോയുടെ അഭ്യുദയകാംക്ഷികളായ നൂറുകണക്കിന് സുഹൃത്തുക്കളാണ് ഡിന്നർ മീറ്റിംഗിൽ പങ്കെടുത്തത്. ECHO-യുടെ സ്വപ്ന പദ്ധതിയായ സീനിയർ ഡേ കെയറിന് ആവശ്യമായ ഫണ്ട് ശേഖരിക്കുന്നതിനുകൂടിയാണ് ഡിന്നർ മീറ്റിംഗ് സംഘടിപ്പിച്ചത്. ലോങ്ങ് ഐലൻഡ് ഭാഗത്തെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ  ജനപ്രതിനിധികൾ പലരും  ചടങ്ങിൽ പങ്കെടുത്തു. നോർത്ത് ഹെംപ്സ്റ്റഡ് ടൗൺ സൂപ്പർവൈസർ ജെന്നിഫർ ഡിസേന, ടൗൺ ക്ലാർക്ക് രാഗിണി ശ്രീവാസ്തവ, മുൻ സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ കാത്തി ഹോക്കിളിന്റെ  നസ്സോ  കൗണ്ടി പ്രതിനിധി ജോയി റെമറീസ്‌, കൗണ്ടി ലെജിസ്ളേറ്റർമാർ  തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഡയറക്ടർ സാബു ലൂക്കോസ് പങ്കെടുത്ത ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. തോമസ് മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി. ഒപ്പേറഷൻസ് ഡയക്ടർ ബിജു ചാക്കോ അവാർഡ് ജേതാവ് ഡോ. ബേബി സാം ശാമുവേലിനെ സദസ്സിന് പരിചയപ്പെടുത്തി.    

ബെത്‌പേജിലെ സ്റ്റെർലിങ് ബാങ്ക്വറ്റ് ഹോളിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ സീനിയർ വെൽനെസ്സ് പ്രോഗ്രാമിന് നേതൃത്വം  നൽകുന്നവരെ ആദരിച്ചു. പങ്കെടുത്ത ഏവർക്കും വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനൊപ്പം  കലാവേദി പ്രസിഡൻറ് സിബി ഡേവിഡിന്റെ നേതൃത്വത്തിൽ വിവിധ ഗായകർ നയിച്ച  മനോഹര ഗാനസന്ധ്യയും  സമർപ്പിച്ചു. എക്കോ ഡയറക്ടർ ബോർഡ് അംഗമായിരുന്ന അകാലത്തിൽ പൊലിഞ്ഞു പോയ സോളമൻ മാത്യുവിൻറെ  പേരിലുള്ള സംഭാവന മുഖ്യാതിഥി പ്രൊഫ. ഗോപിനാഥ് മുതുകാടിൻറെ ഭിന്നശേഷിക്കാർക്കായുള്ള ഡിഫറൻറ് ആർട്സ് സെന്ററിന്  സോളമൻറെ മകൾ നൽകി. എക്കോയുടെ പേരിലുള്ള ഗ്ലോബൽ  എക്സല്ലെൻസ് അവാർഡും മുതുകാടിന്‌ സമ്മാനിച്ചു. എക്കോ സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ തോമസ് എം. ജോർജ് പങ്കെടുത്ത ഏവർക്കും കൃതജ്ഞത അർപ്പിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.