താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് തന്റെ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് കാട്ടി നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണമെന്ന ആവശ്യമാണ് ദുൽഖര്‍ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.
നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ഹര്‍ജിയിൽ വ്യക്തമാക്കുന്നു. ദുൽഖറിന്റെ രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ വാഹനങ്ങളുമാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളത്. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൻ്റെ ഭാഗമെന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ്റെ തമിഴ്‌നാട് റജിസ്ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്‌റ്റംസ് പിടിച്ചെടുത്തത്.
കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എല്ലാ രേഖകളും കൈമാറിയെങ്കിലും അതൊന്നു നോക്കുക കൂടി ചെയ്യാതെ അവ കൊണ്ടുപോവുകയായിരുന്നു എന്നും ഹർജിയിൽ പറയുന്നു. ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്ന് ദുൽഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.

