PRAVASI

ലഹരി കച്ചവടം ഏറ്റവും കൂടുതൽ ജയിലിൽ..! കാപ്പ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി സുഗതൻ

Blog Image

തിരുവനന്തപുരം: കാപ്പ ചുമത്തി നാല് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ, തനിക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു. കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സുഗതൻ ജയിൽ മോചിതനായത്. തനിക്കെതിരായ നടപടികൾ രാഷ്ട്രീയ വേട്ടയാടലാണെന്നും ജനകീയ ആവശ്യങ്ങൾക്കും നാടിന്റെ വികസനത്തിനുമായി ഇനിയും ജയിലിൽ പോകാൻ തയ്യാറാണെന്നും സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് എട്ട് വർഷം മുമ്പ് ആരംഭിച്ച ജനകീയ സമരത്തിൽ സജീവമായതോടെയാണ് തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ തുടങ്ങിയതെന്നാണ് സുഗതന്റെ ആരോപണം. ഫണ്ട് അനുവദിച്ചിട്ടും റോഡ് വികസനം നടപ്പാക്കാത്തതിനെതിരെയായിരുന്നു സമരം. പ്രദേശത്തെ ജനമൈത്രി അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും പിന്തുണയോടെ സമരത്തിൽ പങ്കെടുത്ത തന്നെ ഗുണ്ടാ ആക്ട് ചുമത്തി ജയിലിലടച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഒരു വർഷം മുമ്പ് സമരത്തിനിടെ തന്നെ ആക്രമിക്കുകയും, താൻ ആശുപത്രിയിലെ ഐസിയുവിൽ കഴിയുമ്പോൾ സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തതായും സുഗതൻ ആരോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി പ്രവർത്തകരും വാർഡിലെ ജനങ്ങളും അഭിഭാഷകരായ സുബിനും രഞ്ജു ഭാസ്‌കറും മാധ്യമങ്ങളും പിന്തുണച്ചതിന് അദ്ദേഹം നന്ദി അറിയിച്ചു.

കൗൺസിലർ സ്ഥാനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അവധി അപേക്ഷയിൽ തനിക്ക് അനുകൂലമായി നിയമപരമായ കുറിപ്പെഴുതിയ അണ്ടർ സെക്രട്ടറിയെ മാറ്റിയതും രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണെന്ന് സുഗതൻ ആരോപിച്ചു. അതേസമയം, സുഗതന്റെ അവധി അപേക്ഷ നേരത്തെ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ 51 വോട്ടുകൾക്ക് അംഗീകരിച്ചിരുന്നു. ജയിലിൽ കഴിയുന്നതിനാൽ തുടർച്ചയായ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാകാത്ത സാഹചര്യത്തിലാണ് ആറുമാസത്തെ അവധി അനുവദിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷും മറ്റ് കൗൺസിലർമാരും തനിക്കൊപ്പം ഉറച്ചുനിന്നതായും സുഗതൻ പറഞ്ഞു.

ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചും സുഗതൻ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. 19, 20 വയസ്സുള്ള ചെറുപ്പക്കാരെ പ്രായമേറിയവരും വലിയ കുറ്റകൃത്യങ്ങളിൽ പ്രതികളുമായവർക്കൊപ്പമാണ് പാർപ്പിക്കുന്നതെന്നും ഇത് തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താനുള്ള അവസരം കുറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ തിരുത്തൽ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും തെറ്റുപറ്റിയവർക്ക് മാറാനുള്ള അവസരം നൽകണമെന്നും സുഗതൻ ആവശ്യപ്പെട്ടു. ജയിലിനുള്ളിൽ വലിയ തോതിൽ ലഹരിമരുന്ന് ഉപയോഗവും കച്ചവടവും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. “പുറത്ത് ഓപ്പറേഷൻ തകൃതിയായി നടക്കുമ്പോൾ ജയിലിനുള്ളിലാണ് ഏറ്റവും കൂടുതൽ ലഹരി കച്ചവടവും ഉപഭോഗവും നടക്കുന്നത്” എന്നായിരുന്നു സുഗതന്റെ ആരോപണം. അതേസമയം, കാപ്പ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവാണ് സുഗതന്റെ മോചനത്തിന് വഴിയൊരുക്കിയത്; തടങ്കലിന് ആധാരമായ രേഖകളുടെ പൂർണത ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.