PRAVASI

അപസ്മാരത്തെ ഭയക്കേണ്ട, മെച്ചപ്പെട്ട ജീവിതം നേടാം ഒക്യുപേഷണൽ തെറാപ്പിയിലൂടെ

Blog Image

ഇന്ന് അപസ്മാര ബോധവത്കരണ ദിനം (നവംബർ 17). ലോകാരോഗ്യസംഘടനയുടെ ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ 50 മില്യൻ അപസ്മാര രോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ നടത്തിയ മറ്റൊരു പഠനത്തിൽ 12 മില്യൻ രോഗികൾ രാജ്യത്തുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് അപസ്മാരം. തലച്ചോറിലെ കോശങ്ങൾ പ്രവർത്തിക്കുമ്പോൾ വിദ്യുത്‍തരംഗ പ്രവർത്തനമുണ്ടാകും. ആ വൈദ്യുതിതരംഗങ്ങളിലുണ്ടാകുന്ന വ്യത്യാസമാണ് പ്രായലിംഗ ഭേദമില്ലാതെ ഉണ്ടാകുന്ന അപസ്മാരമെന്ന രോഗം. തലച്ചോറിന്റെ ഭാഗങ്ങളിൽ ബാധിക്കുന്നതിലെ വ്യത്യാസം കൊണ്ടുതന്നെ ഫോക്കൽ ഓൺസെറ്റ് എപിലപ്സി, ജനറലൈസ്ഡ് ഓൺസെറ്റ് എപിലപ്സി, അൺനോൺ ഓൺസെറ്റ് എപിലപ്സി എന്നിങ്ങനെ വ്യത്യസ്ത തരം അപസ്മാരമുണ്ട്. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ കണ്ടുപിടിക്കുന്നത് തൊട്ട്, വള‌ർച്ചയുടെ ഒരു ഘട്ടത്തിലോ, മുതിർന്നതിന് ശേഷമോ അപസ്മാരം വരാൻ സാദ്ധ്യതയുണ്ട്. മരുന്നുമുതൽ ശസ്ത്രക്രിയ വരെ അപസ്മാര ചികിത്സയ്ക്കായി നിലവിലുണ്ട്. എന്നാൽ, രോഗം മാറുംവരെയുള്ള ഘട്ടങ്ങളിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഒക്യുപേഷണൽ തെറാപ്പി രോഗികളെ സഹായിക്കും.

നേരത്തെ കണ്ടെത്താം, അപകടം കുറയ്ക്കാം
ആഗോളതലത്തിൽ നിലവിലുള്ള അപസ്മാരരോഗികളിൽ 50 ശതമാനം പേരിലും രോഗമുണ്ടാകാനുള്ള കാരണം കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ളവരിൽ പലവിധ കാരണങ്ങളുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ, അതികഠിനമായ പനി, മുഖത്തേക്ക് കാഠിന്യമേറിയ വെളിച്ചം പെട്ടെന്നടിക്കുന്നത്, ഭക്ഷണം ശരിയായില്ലെങ്കിൽ, ചില മരുന്നുകളുടെ പാ‌ർശ്വഫലം എന്നിവയൊക്കെ പെട്ടെന്ന് അപസ്മാര രോഗത്തിന് തുടക്കമിട്ടേക്കാം. ഏതൊക്കെ സാഹചര്യങ്ങളിൽ, എന്തൊക്കെ ലക്ഷണങ്ങളോടെ രോഗം വരുന്നുവെന്നത് കുറിച്ച് വച്ച് രോഗിയോ ബന്ധുക്കളോ തെറാപ്പിസ്റ്റിനെ അറിയിക്കേണ്ടതാണ്. അപസ്മാരരോഗികളുടെ ദൈനംദിന ചര്യകൾ കൃത്യമായി പരസഹായമില്ലാതെ ചെയ്യാൻ ഒക്യുപേഷണൽ തെറാപ്പിയിലൂടെ സാദ്ധ്യമാകും.

പ്രധാന കാരണങ്ങൾ
തലച്ചോറിലെ ഘടനയിലുണ്ടാകുന്ന തകരാർ
പാരമ്പര്യം
തലച്ചോറിലുണ്ടാകുന്ന അണുബാധ
ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനം

പ്രധാന ലക്ഷണങ്ങൾ
ശൂന്യമായ നോട്ടം
ആശയക്കുഴപ്പം
കൈകാലുകളിൽ വിറ
ബോധം നഷ്ടപ്പെടുക
ശരീരം കോച്ചിവലിയ്ക്കുക
വായിൽ നിന്ന് നുരയും പതയും വരിക
പഠനവൈകല്യം
ഓർമ്മക്കുറവ്
ശ്രദ്ധക്കുറവ്
സ്വഭാവത്തിലെ മാറ്റങ്ങൾ
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ചെയ്യുന്നത്
ഫൈൻ മോട്ടാർ സ്കിൽ മെച്ചപ്പെടുത്തുന്നു
സെൻസറി പ്രശ്നങ്ങൾ ഭേദപ്പെടുത്തുന്നു
സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ സഹായിക്കുന്നു അപസ്മാര ബാധിതരായ കുട്ടികളെ സമപ്രായക്കാരുമായി കളിക്കാനും അവരുമായുള്ള ഇടപെടൽ മെച്ചപ്പെടുത്താനും സഹായിക്കുന്നു മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നു

ജനിച്ച് 24 മണിക്കൂറിനകം കണ്ടെത്തുന്ന അപസ്മാരബാധ ചില കുഞ്ഞുങ്ങളിൽ കാണാറുണ്ട്. ആ സമയം മുതൽ ഒക്യുപേഷണൽ തെറാപ്പി നൽകിത്തുടങ്ങാം. വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും മുതിർന്നതിന് ശേഷവും ഒക്യുപേഷണൽ തെറാപ്പി നൽകാവുന്നതാണ്. രോഗം എത്രയും നേരത്തെ കണ്ടെത്തുന്നതും ഇടപെടലുകൾ നടത്തുന്നതും പ്രധാനമാണ്. ചികിത്സിക്കുന്ന ഡോക്ടറുമായി ചർച്ച ചെയ്ത് തെറാപ്പി എടുക്കുന്നതാണ് അഭികാമ്യം.

ഡോ.ജോസഫ്  സണ്ണി കുന്നശേരി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.