PRAVASI

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് സംവിധായകൻ എം. പത്മകുമാർ; നായകനായി സണ്ണി ഡിയോൾ

Blog Image

മലയാള സിനിമയിൽ ഒട്ടനവധി ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്. ബോളിവുഡ് താരം സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ വ്യത്യസ്തമായ പ്രമേയങ്ങളിലൂടെയും മേക്കിങ് ശൈലിയിലൂടെയും കയ്യടി നേടിയ എം. പത്മകുമാറിന്റെ ബോളിവുഡ് പ്രവേശനം ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ജോസഫ്, ഓഫീസർ ഓൺ ഡ്യൂട്ടി, നായാട്ട് തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് തിരക്കഥ രചിച്ച പ്രശസ്തനായ ഷാഹി കബീറാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ജോജു ജോർജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ‘ജോസഫ്’, പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘വാസ്തവം’, മോഹൻലാലിന്റെ ‘ശിക്കാർ’, റോഷൻ മാത്യുവിന്റെ ‘ഉയിര്’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച പ്രതിഭയാണ് എം. പത്മകുമാർ. ഇപ്പോൾ സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ജിഷു സെൻഗുപ്ത, ടിനു ആനന്ദ്, മനേഷ് വാദ്വ, രോഹിത് തിവാരി, അനൂപ് ത്രിവേദി, പ്രഗ്യ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി തുടങ്ങി മലയാളികൾക്കും ഹിന്ദി പ്രേക്ഷകർക്കും ഒരുപോലെ പരിചിതരായ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് നിർമ്മിക്കുന്ന ചിത്രം സീ സിനിമാസ് ആണ് തിയേറ്ററുകളിലെത്തിക്കുന്നത്. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും ബല്ലു സലൂജ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കരൺ റസ്ദാൻ, നീരജ് പഥക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. ഉത്തം സിങ്ങും രഞ്ജിൻ രാജും ചേർന്ന് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഉത്തം സിങ്ങാണ്. എം. പത്മകുമാറിന്റെ സംവിധാന പാടവവും ബോളിവുഡിലെ വമ്പൻ താരനിരയും ഒന്നിക്കുമ്പോൾ ‘സൂര്യ’ എന്ന ചിത്രത്തിന്മേലുള്ള പ്രതീക്ഷകളും വാനോളമാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടും.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.