PRAVASI

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷം "കേരളീയം" ജൂൺ 21-ന്

Blog Image

മിഷിഗൺ: 1975-ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷം "കേരളീയം" ജൂൺ 21-ന് സൗത്ഫീൽഡ് പവലിയനിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 8 വരെ നടത്തപ്പെടും. അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഈ പ്രസ്‌ഥാനം കേരളീയം എന്ന  മെഗാ ഷോയിലൂടെ കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യവും വിശ്വാസാചാര മൂല്യങ്ങളും വിളിച്ചോതുന്ന വർണ്ണാഭമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്.

കേരളത്തിന്റെ തനതായ കലകളുടെ നേർക്കാഴ്ച്ചയാണ് സൗത്ഫീൽഡ് പവലിയനിൽ വിപുലമായി ഒരുക്കിയിട്ടുള്ള ആറ് എക്സിബിഷൻ സെന്ററുകൾ. കേരളത്തിന്റെ മണ്ണിൽ നേരിട്ടെത്തിയ ഒരനുഭവം തന്നെ ഇത് കാണികൾക്ക് സമ്മാനിക്കും.  അതോടൊപ്പം കഥകളി, കളരിപ്പയറ്റ്, മോഹിനിയാട്ടം തുടങ്ങി നിരവധി കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടും.  പ്രശസ്ത ഗായകർ ഫ്രാങ്കോയും ലക്ഷ്മി നായരും നയിക്കുന്ന ബാക്ക് വാട്ടേഴ്സ് ബീറ്റ്‌സിന്റെ ഗാനമേള, വർണ്ണാഭമായ ഫാഷൻ ഷോ, വെർച്യുൽ റിയാലിറ്റി ഷോ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തനിമയാർന്ന ഭക്ഷണങ്ങളുടേയും വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും വിപുലമായ ശേഖരവുമായി നിരവധി സ്റ്റാളുകൾ   ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമങ്ങളുടെ മുഖമുദ്രയായി മാറിയ ചായക്കടയും അതിലെ വേറിട്ട നാടൻ വിഭങ്ങളും ആസ്വദിക്കുവാൻ ഈ പവലിയനിൽ ഒരുക്കിയിരിക്കുന്ന കേരളക്ലബ് ചായക്കട ഒരു വ്യത്യസ്ത അനുഭവമാകും.

ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷം “പരമ്പര -2025” ന്റെ   ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും  കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ  ഉൾപ്പെടുത്തിയുള്ള  മെഗാ ഷോയും നടത്തി കഴിഞ്ഞു. ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, വോളി ബോൾ, സോക്കർ എന്നിവ ഉൾപ്പെടുത്തി സ്പോർട്സ് ഫെസ്റ്റിവലും നടത്തുന്നു. പുതിയ തലമുറയിലെ യുവജനങ്ങളെ ഉൾപ്പെടുത്തി കേരള ക്ലബ്ബ് യൂത്ത് ലീഡർഷിപ്പ് ഫോറത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും നടപ്പാക്കി. മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ നവ്യാനുഭാവം സമ്മാനിക്കുന്ന കേരളീയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.