സൈബര്‍ സുരക്ഷയും ഡിജിറ്റൽ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ‘സൈബര്‍ ജാഗ്രത സേഫ്‌ടെക്’ ക്യാമ്പയിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ, ഐ.ടി., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ദുരുപയോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സൈബര്‍ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിലാണ് ഈ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട അക്കാദമിക്, കമ്മ്യൂണിറ്റി അംബാസഡർമാർക്ക് പ്രത്യേക പരിശീലനം നൽകും. ഇവരിലൂടെ സംസ്ഥാനത്തെ ഒരു ലക്ഷം വിദ്യാര്‍ഥികളിലേക്കും ഒരു ലക്ഷം പൊതുപൗരന്മാരിലേക്കും സൈബര്‍ സുരക്ഷാ സന്ദേശങ്ങളും അറിവുകളും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
സേഫ്‌ടെക് ക്ലബുകൾ, കമ്മ്യൂണിറ്റി അംബാസഡർമാരുടെ സേവനം, പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നിവയിലൂടെ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാനും, ഡിജിറ്റൽ സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനും, സൈബർ ഭീഷണികളെ പ്രതിരോധിക്കാനും പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു.
ക്യാമ്പയിന്റെ ഭാഗ്യചിഹ്നമായ ‘കിയോ’ ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പോർട്ടൽ ഉദ്ഘാടനം ചെയ്തപ്പോൾ, പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ലോഗോ പ്രകാശനം നിർവഹിച്ചു. വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സൈബര്‍ സുരക്ഷാ പ്രതിജ്ഞയും എടുത്തു.

