കോട്ടയം: ഗാനരചയിതാവും കവിയും മജീഷ്യനുമായ ജെയിംസ് ചെട്ടിയാത്തിൻ്റെ കവിതാ സമാഹരമായ " ആത്മസഖി " യുടെ കവർ പേജ് പ്രകാശനം കുമരകം ഗോകുലം ഗ്രാൻ്റ് റിസോർട്ടിൽ കവി എൻ. എസ് സുമേഷ് കൃഷ്ണൻ അമേരിക്കൻ മലയാളി കവി സന്തോഷ് പാലായ്ക്കും, എഴുത്തുകാരൻ കോരസൺ വർഗീസിനും നൽകി പ്രകാശനം ചെയ്തു. മുഖം ബുക്സ് മലപ്പുറമാണ് പ്രസാധകർ. ചടങ്ങിൽ മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര , അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം എന്നിവർ പങ്കെടുത്തു.
എൺപതിലധികം കവിതകൾ ഉൾപ്പെടുത്തിയ ആത്മസഖി കവിതാ സമാഹാരം ജെയിംസ് ചെട്ടിയാത്തിൻ്റെ സാഹിത്യ ജീവിതത്തിൻ്റെ സാക്ഷ്യപത്രമാണ്. കേരളാ എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ച എല്ലാ കവിതകളും ഈ കവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വ്യക്തിഗത അനുഭവത്തിൻ്റെ പ്രതിബിംബമാണ് ആത്മസഖിയിലെ കവിതകൾ എല്ലാം തന്നെ. കോട്ടയം കൂടല്ലൂർ സ്വദേശിയായ ജെയിംസ് ചെട്ടിയാത്ത് കാലിഫോർണിയിലാണ് താമസം. ആത്മസഖിയുടെ പ്രകാശനം ആഗസ്റ്റ് ഒൻപതിന് കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷനിൽ നടക്കുമെന്ന് മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര അറിയിച്ചു.


