PRAVASI

മാര്‍ക്ക് സംഘടിപ്പിക്കുന്ന തുടര്‍വിദ്യാഭ്യാസ സെമിനാര്‍ ഓഗസ്റ്റ് 16-ന്

Blog Image

ചിക്കാഗോ: ചിക്കാഗോയിലും അമേരിക്കയിലെ ഇതര നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക, സാംസ്കാരിക സംഘടനകള്‍ വിഭവസമൃദ്ധമായൊരു സദ്യയൊരുക്കി ഓണാഘോഷം മോടി പിടിപ്പിക്കുവാന്‍ മത്സരിക്കുമ്പോള്‍ സമൃദ്ധമായൊരു വിജ്ഞാനസദ്യയൊരുക്കി വ്യത്യസ്തമാവുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍. ഓഗസ്റ്റ് 16-ന് ശനിയാഴ്ച സ്കോക്കിയിലെ 9599 സ്കോക്കി ബുള്‍വാഡില്‍ സ്ഥിതി ചെയ്യുന്ന ഡബിള്‍ട്രീ ഹില്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിട്ടുള്ള മാര്‍ക്ക് സെമിനാര്‍ അത്തരത്തിലൊരു അനുഭവമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് മാര്‍ക്ക് പ്രസിഡണ്ട് ജോര്‍ജ് മത്തായിയും അദ്ദേഹത്തിന്‍റെ എക്സിക്യൂട്ടീവിലെ ഇതര അംഗങ്ങളും. പ്രഗത്ഭരായ പ്രഭാഷകരെ അണിനിരത്തി സംഘടനയുടെ ആരംഭം മുതല്‍ തുടര്‍ച്ചയായി വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിച്ച് അമേരിക്കയിലെ മലയാളി പ്രഫഷണല്‍ സംഘടനാരംഗത്ത് വേറിട്ടൊരു പന്ഥാവ് വെട്ടിയിട്ടുള്ളതാണ് മാര്‍ക്ക്. രജതജൂബിലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്ന സംഘടനയുടെ തൊപ്പിയില്‍ മറ്റൊരു മറ്റൊരു പൊന്‍തൂവലായി പ്രശോഭിക്കും ഓഗസ്റ്റ് 16-ലെ സെമിനാര്‍.
രാവിലെ കൃത്യം 8 മണിക്ക് ആരംഭിക്കുന്ന സെമിനാര്‍ ഉച്ചയ്ക്ക് 3.30 വരെ തുടരും. റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകളുടെ ലൈസന്‍സ് പുതുക്കാന്‍ വേണ്ടിയ 6 സിഇയു ഈ സെമിനാറിലെ സാന്നിദ്ധ്യം വഴി ലഭ്യമാകും. ഒക്ടോബര്‍ 31-ന് മുമ്പ് ലൈസന്‍സ് പുതുക്കേണ്ടതിനാല്‍ ഈ സെമിനാര്‍ നിരവധി റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകള്‍ക്ക് അനുഗ്രഹമായി ഭവിക്കും. സെമിനാറിലെ പ്രവേശനം മാര്‍ക്ക് അംഗങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. അംഗത്വമില്ലാത്തവര്‍ക്ക് പ്രവേശനഫീസ് 40 ഡോളര്‍. റെസ്പിരേറ്ററി കെയറില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനഫീസ് 10 ഡോളര്‍ മാത്രം. പ്രഭാതഭക്ഷണവും ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന് ംംം.ാമൃരാശറംലെേ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. തത്സമയ രജിസ്ട്രേഷന്‍ സെമിനാര്‍ദിനം രാവിലെ 7.15 മുതല്‍ ലഭ്യമാണ്.
റെസ്പിരേറ്ററി കെയറില്‍ ബിരുദാനന്തര ബിരുദവും എ.പി.ആര്‍.റ്റി പോലുള്ള ഉന്നത ബിരുദവും നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടുന്നതാണ് മാര്‍ക്ക് സെമിനാറിലെ പ്രഭാഷകര്‍. മിന്‍ഡി കോണ്‍ക്ലിന്‍, ആഷ്ന മോഡി, ആഷ്ലി ഫെയ്ഗെറി, ആഷ്ലി മില്ലര്‍, കോറി ഏലിയറ്റ് എന്നിവര്‍ യഥാക്രമം 'ദ ഇന്നവേഷന്‍ ഓഫ് എ.പി.ആര്‍.റ്റി, ആര്‍ടിസ് ക്രിട്ടിക്കല്‍ റോള്‍ ഇന്‍ എ.എല്‍.എസ് ട്രീറ്റ്മെന്‍റ്, എ.ബി. സീസ് ഓഫ് ബ്രോങ്കൈക്ടാസിസ്, അഡോപ്റ്റീവ് സപ്പോര്‍ട്ട് വെന്‍റിലേഷന്‍, ഹിസ്റ്ററി ആന്‍ഡ് എവലൂഷന്‍ ഓഫ് നെഗറ്റീവ് പ്രഷര്‍ വെന്‍റിലേഷന്‍' എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നയിക്കും.
ഫിസിഷ്യന്‍ അസിസ്റ്റന്‍റ്, നേഴ്സ് പ്രാക്ടീഷണര്‍ എന്നീ പ്രഫഷണലുകള്‍ക്ക് ഏതാണ്ട് തുല്യമായി റെസ്പിരേറ്ററി രോഗബാധിതരുടെ ചികിത്സയില്‍ പള്‍മണോളജിസ്റ്റുകളുടെ അറിവോടെ റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകള്‍ക്ക് വര്‍ദ്ധിച്ച പങ്കാളിത്തം നല്കുന്ന ബിരുദമാണ് അഡ്വാന്‍സ്ഡ് പ്രാക്ടീസ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ്. ഹൈസ്കൂള്‍ ഡിപ്ലോമയ്ക്കൊപ്പം രണ്ട് വര്‍ഷത്തെ കോളജ് അസോസിയേറ്റ് ഡിഗ്രിയും ആര്‍.ആര്‍.റ്റി സര്‍ട്ടിഫിക്കേഷനുമുള്ള ഒരു വ്യക്തിക്ക് ഏതാണ്ട് 80000 ഡോളര്‍ വാര്‍ഷിക വരുമാനം ലഭിക്കുന്ന റെസ്പിരേറ്ററി കെയര്‍ പ്രഫഷനില്‍ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ഡോക്ടറേറ്റ് എന്നീ ബിരുദങ്ങളുടെ ആവിര്‍ഭാവം പ്രഫഷണലുകള്‍ക്ക് അവസരങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിച്ചേക്കാം. ഇത്തരം സാദ്ധ്യതകള്‍ കരഗതമാക്കുവാന്‍ മലയാളി റെസ്പിരേറ്ററി പ്രഫഷണലുകളേയും സമൂഹത്തേയും അര്‍ഹരാക്കുവാനുള്ള വലിയൊരു ദൗത്യം കൂടിയാണ് മാര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്.
എം.ജി.സി ഡയഗണോസ്റ്റിക്സ്, പെല്‍ വി.ഐ.പി സ്റ്റാഫിംഗ് ഏജന്‍സി, ഹയക്ക് മെഡിക്കല്‍, വാല്യു മെഡ്, സ്മാര്‍ട്ട് വെസ്റ്റ്, വൈറ്റല്‍ കണക്ട് എന്നീ സ്ഥാപനങ്ങള്‍ സെമിനാര്‍ സ്പോണ്‍സര്‍ ചെയ്യാന്‍ സന്മനസ്സ് പ്രകടിപ്പിച്ചു. ഇല്ലിനോയിലെ മുഴുവന്‍ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകളും തങ്ങളുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം സെമിനാറില്‍ പങ്കെടുത്ത് സംരംഭം വന്‍ വിജയമാക്കി മാറ്റണമെന്ന് മാര്‍ക്ക് പ്രസിഡണ്ട് ജോര്‍ജ് മത്തായി, വൈസ് പ്രസിഡണ്ട് സണ്ണി ജോര്‍ജ്, സെക്രട്ടറി ടോം ജോസ്, ജോ, സെക്രട്ടറി ഷൈനി ഹരിദാസ്, ട്രഷറര്‍ ബെന്‍സി ബെനഡിക്ട്, ജോ. ട്രഷറര്‍ സണ്ണി സ്കറിയാ, ഓര്‍ഗനൈസര്‍ ജോര്‍ജ് വയനാടന്‍, എഡ്യൂക്കേഷന്‍ കോ-ഓര്‍ഡിനേറ്റേഴ്സ് സനീഷ് ജോര്‍ജ്, എല്‍സാ വീട്ടില്‍ എന്നിവര്‍ താല്പര്യപ്പെട്ടു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.