ഒരു രോഗത്തെ ചികിത്സിക്കുക എന്നതിനപ്പുറം, രോഗിയുടെ ഭയത്തെയും ആശങ്കകളെയും അതിജീവനത്തിന്റെ പ്രതീക്ഷകളെയും ചേർത്തുപിടിക്കുക എന്നതാണ് ആധുനിക ആരോഗ്യപരിചരണത്തിന്റെ ഏറ്റവും വലിയ ദൗത്യം. പ്രത്യേകിച്ച് സ്തനാർബുദം പോലൊരു രോഗത്തിന്റെ കാര്യത്തിൽ രോഗനിർണയം മുതൽ ചികിത്സയും തുടർപരിചരണവും വരെ ഓരോ ഘട്ടത്തിലും രോഗിക്കൊപ്പം നിൽക്കുന്ന ഒരു സമഗ്ര സംവിധാനത്തിന്റെ ആവശ്യകത ഏറെയാണ്. ഈ ആവശ്യത്തിന് പുതിയൊരു മറുപടിയുമായി ഡോ. കെ. എം. ചെറിയാൻ ഹോസ്പിറ്റൽ ചെങ്ങന്നൂരിൽ 'കോംപ്രിഹെൻസീവ് ബ്രെസ്റ്റ് കെയർ സെന്റർ ആരംഭിച്ചു.
ചെങ്ങന്നൂരിലെ ഡോ. കെ എം സി ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായിക കെ. എസ്. ചിത്ര ഉദ്ഘാടനം നിർവഹിച്ചു.കെ. എസ്. ചിത്രയും നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം ഓർമിപ്പിച്ചു. കാൻസറുമായി തനിക്കുള്ള കുടുംബാനുഭവം പങ്കുവച്ച അവർ, അമ്മയ്ക്ക് ബ്രെസ്റ്റ് കാൻസർ ഉണ്ടായിരുന്ന കാര്യം പറഞ്ഞു. കുടുംബത്തിൽ രോഗചരിത്രമുള്ളതിനാൽ താനും കുടുംബാംഗങ്ങളും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താറുണ്ടെന്നും അവർ പറഞ്ഞു. രോഗത്തെ ഭയന്ന് പരിശോധന ഒഴിവാക്കാതെ കൃത്യസമയത്ത് പരിശോധന നടത്തുകയാണ് വേണ്ടതെന്നും പ്രത്യേകിച്ച് സ്ത്രീകൾ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും കെ എസ് ചിത്ര ഓർമിപ്പിച്ചു. വൈദ്യശാസ്ത്രം ഏറെ മുന്നേറിയതിനാൽ നേരത്തെ കണ്ടെത്തിയാൽ പലതരം കാൻസറുകളും ഫലപ്രദമായി ചികിത്സിക്കാനാകുമെന്നും അവർ പറഞ്ഞു.
റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ അധ്യക്ഷത വഹിച്ചു. റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പുതിയ സംരംഭത്തെ ഈശ്വരന്റെ കൃപയായി വിശേഷിപ്പിച്ചു. സ്ത്രീകൾ നേരിടുന്ന വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ബ്രെസ്റ്റ് കാൻസറെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അമ്മയുടെ മുലപ്പാലിനെ ജീവാമൃതത്തോട് ഉപമിച്ചു. അമ്മയുടെ സ്നേഹവും ഭക്ഷണവും സംസ്കാരവും കുഞ്ഞിലേക്ക് പകരുന്ന മാതൃത്വത്തിന്റെ മഹത്വം ഓർമിപ്പിച്ചുകൊണ്ട്, അതേ സ്ത്രീകൾ ബ്രെസ്റ്റ് കാൻസർ പോലുള്ള രോഗം മൂലം അനുഭവിക്കുന്ന വേദനയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. എം. വി. പിള്ളയുടെയും ഡോ. സാറാ ജെ. ഈശോയുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന സംരംഭത്തിന് അദ്ദേഹം ആശംസകൾ നേർന്നു.ഓങ്കോളജി സെന്റർ അഡ്വൈസറി ബോർഡ് ചെയർമാനും അമേരിക്കയിലെ തോമസ് ജെഫഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറുമായ ഡോ. എം. വി. പിള്ളയായിരുന്നു മുഖ്യപ്രഭാഷകൻ. കെ. എസ്. ചിത്രയുമായുള്ള അരനൂറ്റാണ്ടോളം നീളുന്ന ബന്ധവും അദ്ദേഹം അനുസ്മരിച്ചുകൊണ്ടാണ് ഡോ. എംവി പിള്ള തന്റെ പ്രഭാഷണം ആരംഭിച്ചത്. മലയാളികളുടെ മനസ്സിൽ എപ്പോഴും പുഞ്ചിരിക്കുന്ന വ്യക്തിത്വമായി നിറഞ്ഞുനിൽക്കുന്ന ചിത്ര, ബ്രെസ്റ്റ് കാൻസർ അവബോധം, നേരത്തെയുള്ള കണ്ടെത്തൽ, സമഗ്ര ചികിത്സ എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ ഒരു വർഷം മുഴുവൻ പറയുന്ന സന്ദേശത്തേക്കാൾ, ചിത്രയെപ്പോലുള്ള പ്രശസ്ത വ്യക്തികൾ സ്വന്തം അനുഭവങ്ങളിലൂടെ ഏതാനും മിനിറ്റുകളിൽ നൽകുന്ന സന്ദേശത്തിന് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓങ്കോളജി സെന്റർ മെഡിക്കൽ ഡയറക്ടർ ആൻഡ് കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. സാറാ ജെ. ഈശോ സെന്ററിന്റെ പ്രവർത്തനരീതി വിശദീകരിച്ചു. ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന "One Stop Shop for All Aspects of Breast Cancer" എന്ന ആശയമാണ് കേന്ദ്രത്തിലൂടെ നടപ്പാക്കുന്നതെന്ന് അവർ പറഞ്ഞു. രോഗനിർണയം, ശസ്ത്രക്രിയ, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, തുടർപരിചരണം തുടങ്ങിയ വിവിധ ഘട്ടങ്ങൾ ഏകോപിപ്പിച്ച് രോഗിയുടെ ചികിത്സാ യാത്ര കൂടുതൽ ലളിതവും സുഗമവുമാക്കുകയാണ് ലക്ഷ്യം. ഒരു ഫോൺ കോളിലൂടെ തന്നെ ആവശ്യമായ സേവനങ്ങളിലേക്ക് രോഗിയെ എത്തിക്കാൻ കഴിയുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. ആശുപത്രിയുടെ ചികിത്സാ സംവിധാനങ്ങൾക്കൊപ്പം സമൂഹത്തിലേക്കും ആരോഗ്യപരിചരണത്തിന്റെ കരുതൽ എത്തിക്കണമെന്ന ആശയവും ഡോ. സാറാ ജെ. ഈശോ മുന്നോട്ടുവച്ചു. വിവിധ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും എത്തി കാൻസർ ബോധവത്കരണം നടത്താനും രോഗസാധ്യത കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ജനങ്ങളിലെത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും പദ്ധതിയുണ്ട്.
സ്തനാർബുദത്തെ ഭയത്തോടെ കാണുന്നതിനുപകരം നേരത്തെയുള്ള കണ്ടെത്തലിലൂടെയും കൃത്യമായ ചികിത്സയിലൂടെയും അതിനെ അതിജീവിക്കാമെന്ന സന്ദേശമാണ് സെന്റർ മുന്നോട്ടുവയ്ക്കുന്നത്. ബ്രെസ്റ്റ് ഹെൽത്ത്, ഏർലി ഡീറ്റെക്ഷൻ, അവെയർനെസ്സ്, കോംപ്രിഹെൻസീവ് കെയർ, ഔട്ട്‌റീച്ച്, നർചറിങ് എന്നീ ആശയങ്ങളെ ഏകോപിപ്പിച്ചാണ് സെന്ററിന്റെ പ്രവർത്തനം. രോഗനിർണയം മുതൽ ചികിത്സയും തുടർപരിചരണവും വരെ രോഗിയുടെ മുഴുവൻ യാത്രയും ഒരൊറ്റ സംവിധാനത്തിന് കീഴിൽ ഏകോപിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കൺസൾട്ടന്റ് മൈക്രോബയോളജിസ്റ്റും ഡെപ്യൂട്ടി മെഡിക്കൽ സൂപ്പറിന്റൻഡന്റ് മായ ഡോ. പൂജാ രഘുനാഥ് പ്രാർഥന ആലപിച്ചു. കൺസൾടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ബോസ് വിൻസെന്റ് സ്വാഗതം പറഞ്ഞു. കെ. എസ്. ചിത്രയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് ദീപം തെളിയിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് സെന്ററിന്റെ ലോഗോ പ്രകാശനവും നടന്നു. മെഡിക്കൽ സൂപ്പർഇന്റൻഡന്റ് ആൻഡ് കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്ക്കുലർ സർജൻ ഡോ. ഗീവർഗീസ് കെ. മാത്യു ആശംസകൾ നേർന്നു. കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോൺ തോമസ് നന്ദി രേഖപ്പെടുത്തി. ആശുപത്രിയിൽ നിന്ന് സമൂഹത്തിലേക്കും രോഗിയിൽ നിന്ന് കുടുംബത്തിലേക്കും നീളുന്ന സമഗ്രമായ കരുതലിന്റെ പുതിയ അധ്യായമായാണ് ചെങ്ങന്നൂരിലെ കോംപ്രിഹെൻസിവ് ബ്രെസ്റ്റ് കെയർ സെന്റർ ലക്ഷ്യമിടുന്നത്.
.jpeg)

.jpeg)



.jpeg)


.jpeg)
.jpeg)

.jpeg)






.jpeg)

