മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും തങ്ങളെ വഞ്ചിച്ചതായി കേരള മുസ്‌ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. വഖഫ് ബോർഡിൽ സുന്നികൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുനൽകിയ മുഖ്യമന്ത്രി ആ വാക്ക് പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ടീം യു.ഡി.എഫ്’ എന്നാണ് തുടക്കത്തിൽ വി.ഡി. സതീശൻ പറഞ്ഞിരുന്നതെങ്കിലും ഒടുവിൽ പറഞ്ഞു വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി വിഭാഗങ്ങൾക്ക് കനത്ത നീതിനിഷേധമാണ് ഉണ്ടായിരിക്കുന്നത്. നാമമാത്രമായ വഖഫ് സ്വത്തുക്കൾ മാത്രം കൈകാര്യം ചെയ്യുന്നവർക്ക് ബോർഡിൽ പ്രാതിനിധ്യം നൽകിയപ്പോൾ മുഖ്യധാരാ സുന്നികളെ നോക്കുകുത്തിയാക്കി മാറ്റിയെന്ന് വടശ്ശേരി ഹസൻ മുസ്‌ലിയാർ കുറ്റപ്പെടുത്തി. സമസ്ത ഇ.കെ. വിഭാഗത്തെയും പൂർണ്ണമായി അവഗണിച്ചു. സമസ്തയിലെ രണ്ട് വിഭാഗവും ഒരേപോലെ തഴയപ്പെട്ടുവെന്നും ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തിയത് മുസ്ലിം ലീഗ് നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ചർച്ചകളോട് ഒരിക്കലും മുഖം തിരിച്ചു നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുപുറമെ, വഖഫ് ബോർഡ് പുനഃസംഘടനയിലെ അവഗണനയ്ക്കെതിരെ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും കടുത്ത വിമർശനവുമായി രംഗത്തെത്തി. സമസ്ത ഇ.കെ. വിഭാഗം മുശാവറ പുറത്താക്കിയ ഒരാളെ സമസ്തയുടെ പ്രതിനിധിയായി അവതരിപ്പിക്കുന്നത് അവഗണന മാത്രമല്ല, കടുത്ത പരിഹാസം കൂടിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലീഗ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാനായപ്പോൾ, അദ്ദേഹം ലീഗ് പ്രതിനിധിയാണെന്ന് അന്നത്തെ സർക്കാർ അവകാശപ്പെട്ടാൽ എങ്ങനെയുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.
ഇരു സമസ്തകളുടെയും സാന്നിധ്യം ബോർഡിൽ ഒഴിവാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റഹ്മത്തുള്ള സഖാഫി ആരോപിച്ചു. നിയമപ്രകാരമുള്ള സ്ത്രീ പ്രാതിനിധ്യത്തേക്കാൾ കൂടുതൽ ഉൾപ്പെടുത്തിയാണ് അംഗബലം ഒമ്പതിൽ എത്തിച്ചത്. മുസ്ലിം ലീഗുമായി സുന്നികൾ എപ്പോഴും കലഹിച്ചുകൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന ചില അസുന്നികൾ ലീഗ് നേതൃത്വത്തിൽ തന്നെയുണ്ടെന്നും, ലീഗ് നേതൃത്വം വീണ്ടും അവർക്ക് വഴങ്ങിക്കൊടുക്കരുതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

