ആദ്യമായാണ് സര്‍ഗ്ഗവേദിയില്‍ ഒരു ഇംഗ്ലീഷ് പുസ്തകത്തിന്‍റെ പ്രകാശനം നടക്കുന്നത്."The girl in Scarlet Hijab'സുരേഷ് കുമാര്‍ എഴുതിയ അതീവ ഹൃദ്യമായ ഇംഗ്ലീഷ് നോവലാണിത്. സത്യത്തില്‍ ഇതിനെ ഒരു നോവലിന് അതീതമായി ചരിത്രാഖ്യായിക ആയി അവലോകനം ചെയ്യുന്നതായിരിക്കും ഉചിതം. ചരിത്രം ഈ നോവലില്‍ ഊടും പാവും പോലെ ഇഴപിരിഞ്ഞു കിടക്കുന്നു.
ജയപ്രകാശ് നാരായണ്‍ ഈ നോവലിലെ ഒരു ശില്പം പോലെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഗാന്ധിജി, ഇ.എം.എസ്, എ.കെ. ഗോപാലന്‍, സുഭാഷ് ചന്ദ്രബോസ്, ആര്‍. ശങ്കര്‍ ഇവരെല്ലാവരും പലപ്പോഴായി നോവലില്‍ പ്രത്യക്ഷപ്പെടുന്നു. വൈക്കത്ത് ജനിച്ച്, ഐഎംഎയില്‍ പ്രവര്‍ത്തിച്ച് ഗാന്ധിജിയുടെ അനുയായി ആയി ഇംഗ്ലീഷുകാര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു. സംഹിതകളില്‍ അടിയുറച്ചു നിന്ന് മുന്നോട്ടു നീങ്ങിയ നേതാവാണ് കര്‍ണ്ണന്‍. അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി കാലാകാലമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്തുകൊണ്ട് ചുവടുമാറി പ്രവര്‍ത്തിക്കുന്നു എന്നത് ന്യായമായി ഉയര്‍ന്നുവരാവുന്ന ചോദ്യമാണ്. പുതുതലമുറ മലയാള ഭാഷയില്‍ നിന്നും കുറച്ചൊക്കെ അകലുകയും കുടിയേറി വരുന്നവരില്‍ ഭൂരിഭാഗവും ഇംഗ്ലീഷില്‍ പ്രാവീണ്യം ഉള്ളവരും ആകുമ്പോള്‍ ഇംഗ്ലീഷ് ഭാഷയിലുള്ള സൃഷ്ടികള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. അതിന് ആദ്യപടിയായി ആണ് സുരേഷ് കുമാറിന്‍റെ പുസ്തകം പ്രസാധനം ചെയ്യുകയും വിലയിരുത്തുകയും ചെയ്തത്.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സിനു മുമ്പുള്ള കാലം. പിന്നെ ആയിരത്തി എണ്‍പത്തൊന്നു കാലം. ഈ രണ്ട് കാലങ്ങളിലായി കഥ നടക്കുന്നു. ചുമന്ന തട്ടം ധരിച്ച ഒരു മുസ്ലിം പെണ്‍കുട്ടി അബുദാബിയില്‍ നിന്ന് പഠിക്കാനായി കേരളത്തില്‍ എത്തുമ്പോള്‍ അവള്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഒരാളുമായി പ്രണയത്തിലാകുമ്പോള്‍ കഥ കുറച്ചുകൂടി ജാതി വിഭാഗീയത്തിലേക്ക് കടക്കുന്നു. രാഷ്ട്രീയവും ജാതിയും കുടുംബബന്ധങ്ങളും കൂടിക്കുഴഞ്ഞ ഒരു വലിയ നോവലിന്‍റെ ക്യാന്‍വാസിലേക്ക് ചാലിച്ചു ചേര്‍ക്കുമ്പോള്‍ ഹൃദ്യമായ നോവല്‍ പിറക്കുന്നു.
ജൂലൈ ഇരുപതാം തീയതി വൈകുന്നേരം കേരള സെന്‍ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പല പ്രമുഖരും പുസ്തകത്തെ വിലയിരുത്തി സംസാരിക്കുകയുണ്ടായി. സര്‍ഗ്ഗവേദിയെ പ്രതിനിധീകരിച്ച് മനോഹര്‍ തോമസ് പുസ്തകത്തെപ്പറ്റിയും അതിന്‍റെ ഭാഷയെപ്പറ്റിയും രചനാരീതിയെ വിലയിരുത്തിയും സംസാരിച്ചു.
പുസ്തകത്തെപ്പറ്റിയുള്ള സമഗ്രമായ പഠനമാണ് രാജു തോമസ് കാഴ്ചവെച്ചത്. ഡോ. തോമസ് ഏബ്രഹാം, പ്രഫ. അമ്മിണി, സ്റ്റീഫന്‍, അലക്സ് എസ്തപ്പാന്‍, ജോസ് ചെരുപുറം, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ശ്രീ ആലത്തൂര്‍, ഡോ. സയ്യദ് അഹമ്മദ് എന്നിവര്‍ പുസ്തകത്തെ ആസ്പദമാക്കി പ്രസംഗിക്കുകയുണ്ടായി.
മറുപടിയായി ഇങ്ങനെ ഒരു പുസ്തകം എഴുതുവാനുണ്ടായ സാഹചര്യത്തെപ്പറ്റിയും എഡിറ്റിംഗിന്‍റെ കാര്യത്തില്‍ ഉണ്ടായ ശ്രദ്ധയെപ്പറ്റിയും തന്‍റെ ജീവിതം നോവലിന്‍റെ ഇടവഴികളില്‍ എത്രമാത്രം താദാത്മ്യം പ്രാപിച്ചുകിടക്കുന്നുണ്ട് എന്നതിനെപ്പറ്റിയും ഹൃദ്യമായ ഭാഷയില്‍ സുരേഷ് കുമാര്‍ മറുപടിപ്രസംഗം നടത്തി. മാത്രമല്ല അദ്ദേഹത്തിന്‍റെ സര്‍ഗ്ഗചേതനയില്‍ നിന്നും ഇനിയും പല സൃഷ്ടികളും വരാനുണ്ടെന്നും താന്‍ അതിന്‍റെ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു.





