കലഹാരി: ഫൊക്കാന കലഹാരി കണ്‍വന്‍ഷനില്‍ അരങ്ങേറിയ 'ചിരിയരങ്ങ്' നിറഞ്ഞ സദസ്സിന് ചിരിയുടെ വിരുന്നൊരുക്കി.
ഫൊക്കാന കണ്‍വന്‍ഷനുകളുടെ അവിഭാജ്യ ഘടകമായി മാറിയ ചിരിയരങ്ങ് ഇത്തവണയും നിറഞ്ഞ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് ശ്രദ്ധേയമായി.
അമേരിക്കന്‍ മലയാളികളുടെ ജീവിതാനുഭവങ്ങളും സാമൂഹിക സംഭവവികാസങ്ങളും നിത്യജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ച പരിപാടി പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
പ്രശസ്ത ഹാസ്യസാഹിത്യകാരനും അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനുമായ രാജു മൈലപ്ര ഏകോപിപ്പിച്ച 'ചിരിയരങ്ങ്' വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് പ്രേക്ഷകരുടെ കൈയടി നേടിയത്.
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നടനും ഗായകനും ഹാസ്യകലാകാരനുമായ നാദിര്‍ഷാ പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ചിരിയരങ്ങിന് കൂടുതല്‍ ആവേശം പകര്‍ന്നു.
പരമ്പരാഗത കലാപരിപാടികളില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടു കൂടി നടത്തിയ ചിരിയരങ്ങ് ഈ കണ്‍വന്‍ഷനെ ഏറ്റവും ശ്രദ്ധേയമായ വിനോദപരിപാടികളിലൊന്നായി മാറ്റി.
മലയാളി സമൂഹത്തിന്‍റെ ഹാസ്യബോധത്തെയും സാമൂഹിക വിഷയങ്ങളേയും ഒരുപോലെ സ്പര്‍ശിക്കുന്ന ചിരിയരങ്ങ് ഓരോ ഫൊക്കാന കണ്‍വന്‍ഷനിലും കൂടുതല്‍ ജനപ്രിയ പരിപാടിയായി മാറിയിട്ടുണ്ട്. പതിവുപോലെ നിറഞ്ഞ സദസ്സിനു മുന്നില്‍ അരങ്ങേറിയ പരിപാടി പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയും പൊട്ടിച്ചിരിയും ഏറ്റുവാങ്ങി.
ഫൊക്കാന കണ്‍വന്‍ഷനുകളില്‍ തുടര്‍ച്ചയായി പതിനഞ്ചു തവണ ഒരു ഹാസ്യവേദിക്ക്, ഓരോ തവണയും കാലത്തിനനുസരിച്ച് വിഷയങ്ങളും അവതരണ രീതികളും നവീകരിച്ചുകൊണ്ട് ചിരിയരങ്ങിനെ ജനകീയമാക്കുവാന്‍ രാജു മൈലപ്രയ്ക്ക് കഴിയുന്നത് ഒരു അപൂര്‍വ നേട്ടമാണ്.
ഫൊക്കാന ഭാരവാഹികളുടെ അഭ്യര്‍ത്ഥന മാനിച്ച് ചിരിയരങ്ങിന്‍റെ നേതൃത്വം ഏറ്റെടുത്ത്, മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്ത രാജു മൈലപ്രയുടെ സേവനത്തെ ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്‍റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.


