ചിക്കാഗോ: പിറവം നിവാസികളുടെ ആദ്യസംഗമം മാര്‍ച്ച് 21-ാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് എല്‍മസ്റ്റണിലുള്ള സല്‍ക്കാര റസ്റ്റോറന്‍റില്‍ വെച്ച് ആവേശഭരിതമായി നടന്നു. പിറവത്തിന്‍റെ സമ്പന്നമായ പാരമ്പര്യവും നാടിനോടുള്ള ആത്മബന്ധവും പങ്കുവെക്കാന്‍ ചിക്കാഗോയില്‍ താമസിക്കുന്ന പിറവം സ്വദേശികള്‍ ഒത്തുകൂടിയ ഈ സംഗമം ഏറെ നിറഞ്ഞുനിന്നു.
പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ മാര്‍ച്ച് മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്ന ലിനു റെക്സ് പടിക്കപറമ്പില്‍, ഡെയ്സി മൂത്താനിച്ചിറ, ഫെബിന്‍ തെക്കനാട്ട് എന്നിവര്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ പിക്നിക് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സംഗമത്തിന്‍റെ രക്ഷാധികാരിയായി ബിനോയി സ്റ്റീഫന്‍ കിഴക്കനടിയിലിനെ തെരഞ്ഞെടുത്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായി ആനന്ദ് ആകശാല, സാബു കട്ടപ്പുറം, ഡെയ്സി മൂത്താനിച്ചിറ, സഞ്ജു തേക്കനാട്ട്, സിന്ധു ഈന്തുംകാട്ടില്‍ എന്നിവരെയും ഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററായി സണ്ണി മുള്ളന്‍കുഴിയെയും നിയോഗിച്ചു.
മൂത്താനിച്ചിറ ഫാമിലി ഡ്രിങ്ക്സ് സ്പോണ്‍സര്‍ ചെയ്തതും സല്‍ക്കാര റെസ്റ്റോറന്‍റ് കേക്ക് സ്പോണ്‍സര്‍ ചെയ്തതും സംഗമത്തിനു കൂടുതല്‍ നിറം പകര്‍ന്നു. സൗഹൃദവും സ്നേഹവിരുന്നും നിറഞ്ഞ ഈ വര്‍ഷത്തെ പിറവം സംഗമം വര്‍ണാഭമായി സമാപിച്ചു.


