നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കും. 19 വയസുകാരനായ സുഹൈലിന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം. ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് മന്ത്രി ലിജു നിർദേശം നൽകി.
കേരളത്തിൽ മദ്യം വാങ്ങുന്നതിനുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസാണ്. ഈ നിയമം ലംഘിച്ച് പ്രായപൂർത്തിയായിട്ടില്ലാത്ത യുവാവിന് മദ്യം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ബാറുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചത്.
അപകടത്തിന് മുമ്പ് സുഹൈൽ സജീവ് മൂന്ന് ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് ചോദ്യംചെയ്യലിൽ ഒരു ബിയർ മാത്രമാണ് കഴിച്ചതെന്നായിരുന്നു സുഹൈലിന്റെ മൊഴി. എന്നാൽ, മൊബൈൽഫോൺ പരിശോധിച്ചതോടെ മൂന്ന് ബാറുകളിൽ നിന്ന് മദ്യപിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓരോ ബാറിൽനിന്നും മദ്യപിക്കുന്ന ദൃശ്യങ്ങളും ഇയാൾ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളാണ് അന്വേഷണത്തിൽ നിർണായക തെളിവായത്.അമിതവേഗതയിലെത്തിയ ആഢംബര കാറിടിച്ച് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളായ പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.

