തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം.മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പില്‍ എം പി എന്നിവര്‍ നയിച്ച മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.കത്തുന്ന പന്തങ്ങള്‍ ഹോസ്റ്റല്‍ വളപ്പിലേക്ക് വീണത് അന്തരീക്ഷം ഭീതിജനകമാക്കി. പന്തത്തില്‍ നിന്നുള്ള തീ പടര്‍ന്നു പിടിച്ചതോടെ രംഗം വഷളായി. കൂടുതല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ റോഡ് തടയുകയും ഫയര്‍ഫോഴ്സിനെ തടയുകയും ചെയ്തു. സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസ് ലാത്തിച്ചാർജും ഗ്രനേഡ്, കണ്ണീർവാതക പ്രയോഗവും നടത്തി.മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

മാർച്ച് തുടങ്ങുന്നതിന് മുന്നോടിയായി കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിനിൽക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർക്കുനേരെ കോളേജ് ഹോസ്റ്റൽ കോമ്പൗണ്ടിൽനിന്ന് കല്ലും ബിയർ കുപ്പികളും ഉൾപ്പെടെയുള്ളവ എറിഞ്ഞു. കല്ലേറുണ്ടായതോടെ മാർച്ചിനായി കരുതിയിരുന്ന പന്തം ഹോസ്റ്റലിനുള്ളിലേക്ക് എറിഞ്ഞ് യൂത്ത് കോൺഗ്രസും പ്രത്യാക്രമണം നടത്തി. സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാർജും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു.ഹോസ്റ്റലിനകത്തേക്ക് എറിഞ്ഞ പന്തം നിർത്തിയിട്ട കാറിനു മുകളിലും മരത്തിലുമൊക്കെയാണ് പതിച്ചത്. ഇതിനിടെ സംഘർഷം തടയാൻ ശ്രമിച്ച പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.
എസ്എഫ്ഐയും യൂത്ത് കോൺഗ്രസും ആക്രമണ പ്രത്യാക്രമണവുമായി മുന്നോട്ടുപോയതോടെ സംഘർഷം രൂക്ഷമായി. ഇത് പലയിടങ്ങളിലെയും ഫ്‌ളക്‌സ് വലിച്ചുകീറുന്നതിലേക്കും കൈയാങ്കളിയിലേക്കും എത്തി. പോലീസ് ഇടപെട്ടിട്ടും സ്ഥിതി നിയന്ത്രിക്കാനായിട്ടില്ല. പോലീസ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് കയറി ലാത്തിച്ചാർജ് പ്രയോഗിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി ആരോപണമുണ്ട്.

