ബോഡി ബില്‍ഡിംഗിലൂടെ സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. പോക്കിരി രാജ, പാസഞ്ചർ, അണ്ണൻ തമ്പി, ആക്ഷൻ ഹീറോ ബിജു, ഡബിള്‍ ബാരല്‍, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ്, കാട്ടുമാക്കാൻ തുടങ്ങിയ സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. സ്റ്റാർ മാജിക് ടെലിവിഷൻ പരിപാടിയിലൂടെയാണ് ബിനീഷ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ തന്റെ മനസമ്മതത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം പള്ളിയില്‍ ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്. അടൂർ സ്വദേശിനിയായ താരയാണ് വധു. ചടങ്ങിന്റെ ചിത്രങ്ങള്‍ താരം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. തനതായ ശൈലിയില്‍ ഇൻസ്റ്റാഗ്രാമിലൂടെയാണ് ബിനീഷ് സന്തോഷവാർത്ത അറിയിച്ചത് ‘ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ.. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം’ ബിനീഷ് കുറിച്ചു. പ്രണയസാഫല്യത്തിലേക്ക് കടക്കുന്ന ഇരുവരുടെയും വിവാഹം 2026 ഫെബ്രുവരിയിലായിരിക്കും നടക്കുക.





