പുഷ്പ’ എന്ന ഒറ്റ ചിത്രത്തിലൂടെ ഉത്തരേന്ത്യൻ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ അല്ലു അർജുൻ, ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര താരങ്ങളിൽ ഒരാളാണ്. ഈ ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ അല്ലുവിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന പ്രോജക്റ്റുകൾ ഒക്കെയും റെക്കോർഡ് ബജറ്റുകളിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. താരത്തിന്റെ വർദ്ധിച്ചുവരുന്ന ബോക്സ് ഓഫീസ് മൂല്യത്തിന് തെളിവാണ് വരാനിരിക്കുന്ന ചിത്രങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന വമ്പിച്ച തുകകൾ.
ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്’ ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന 700 കോടി ബജറ്റിലുള്ള ബിഗ് ബജറ്റ് ചിത്രത്തിലാണ് അല്ലു നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ തെന്നിന്ത്യൻ സെൻസേഷൻ ലോകേഷ് കനകരാജിനൊപ്പം 500 കോടി രൂപ ചിലവിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രവും, ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തിൽ മിത്തോളജി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 1000 കോടി രൂപയുടെ ബ്രഹ്മാണ്ഡ ചിത്രവും അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്. അല്ലുവിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ത്രിവിക്രം പ്രോജക്റ്റ്.
മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ബേസിൽ ജോസഫും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രത്തിനാണ്. ‘മിന്നൽ മുരളി’ക്ക് ശേഷം ബേസിൽ ഒരുക്കുന്ന ഈ ചിത്രം അല്ലുവിന്റെ 25-ാം സിനിമയായിരിക്കും. അല്ലു അരവിന്ദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് 300 കോടി രൂപയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് അറ്റ്ലി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് നടക്കും എന്നതും ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.

