PRAVASI

ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് — സിൽവർ ജൂബിലി നിറവിൽ

Blog Image

ബാൾട്ടിമൂർ:1972-ൽ സ്ഥാപിതമായ ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ദേവാലയ പ്രതിഷ്ഠയുടെ 25-ാം വാർഷിക ആഘോഷങ്ങൾ മെയ് 16-ന് വിപുലമായ പരിപാടികളോടെ നടക്കും. 

2025 ഡിസംബർ 31-ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് തിരുമേനി, ജൂബിലി ലോഗോ പ്രകാശനം ചെയ്ത് ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു. തുടർന്ന് 2026 മെയ് 2-ന് “ജൂബിലി നൈറ്റ്” സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ, മാജിക് ഷോ, ഗാനമേള, സന്ധ്യാ നമസ്കാരം, ധ്യാനം, ഡിന്നർ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റവ. ഫാ. ഡോ. ബോബി വർഗീസ് മുഖ്യാതിഥിയായിരുന്നു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം മെയ് 16 ശനിയാഴ്ച വൈകുന്നേരം 3:30-ന് നടക്കും. അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ എംബസി കൗൺസിലർ (കമ്മ്യൂണിറ്റി അഫയേഴ്സ്) ദെബേഷ് കുമാർ ബെഹ്‌റ മുഖ്യപ്രഭാഷണം നടത്തും. മുൻ വികാരിമാർ, വൈദികർ, സാംസ്കാരിക-ആത്മീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുക്കും.

ജൂബിലിയുടെ ഭാഗമായി കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ICON Charities-നൊപ്പം ചേർന്ന് ഒരു നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകും. ഇടവകയുടെ ചരിത്രപഥങ്ങൾ ഓർമ്മിപ്പിക്കുന്ന സ്മരണികയുടെ പ്രകാശനവും, ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. സന്ധ്യാ നമസ്കാരത്തിന് ശേഷം ഡിന്നറോടുകൂടി സമ്മേളനം സമാപിക്കും.

മെയ് 17 ഞായറാഴ്ച അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉച്ചഭക്ഷണത്തോടുകൂടി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപ്തിയാകും.

ഇടവക വികാരി ബഹു. ടോബിൻ മാത്യു അച്ചന്റെ നേതൃത്വത്തിൽ വിവിധ സിൽവർ ജൂബിലി കമ്മിറ്റികൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ജനറൽ കൺവീനർമാരായ ശ്രീ. സാബു കുര്യൻ, ശ്രീമതി ഗീതാ സുസൈ, പ്രോഗ്രാം കൺവീനർ ശ്രീ. ജോൺ മാത്യു, ഫിനാൻസ് കൺവീനർ ശ്രീ. എ.വി. വർഗീസ്, ഫണ്ട് റൈസിങ് കൺവീനർ ശ്രീമതി ജയ്മി ജോഷ്വാ, സുവനിർ കൺവീനർ ശ്രീമതി ഷെറീൻ മാത്യൂസ്, ഫുഡ് കൺവീനർ ശ്രീ. റോണി മാത്യൂസ്, ഇടവക ട്രഷറർ ശ്രീ. അജിത് മാത്യു, സെക്രട്ടറി ശ്രീമതി റെജീനാ ജോർജ് എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകുന്നു.

*ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് — ചരിത്ര വഴികളിലൂടെ*

അമേരിക്കയിലെ മലങ്കര ഓർത്തഡോക്സ് സഭകളുടെ വളർച്ചയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിനുള്ളത്. 1960-കളുടെ തുടക്കത്തിൽ സർവകലാശാലകളിൽ ഉപരിപഠനത്തിനായി എത്തിയ വൈദികരുടെ നേതൃത്വത്തിൽ ആരംഭിച്ച സഭാശുശ്രൂഷകളുടെ തുടർച്ചയായാണ് ഈ ഇടവക രൂപംകൊണ്ടത്.

1972-ൽ വാഷിംഗ്ടൺ ഡി.സി.-യിൽ താമസിച്ചിരുന്ന റവ. ഫാ. എം. ടി. കുര്യന്റെ നേതൃത്വത്തിൽ ബാൾട്ടിമൂറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആദ്യ മലയാളം വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ സ്ഥാപക വികാരിയാണ് ബഹു. എം. ടി. കുര്യൻ അച്ചൻ.

സ്വന്തമായി ഒരു ദേവാലയം സ്വന്തമാക്കുകയോ സ്ഥലം വാങ്ങി ദേവാലയം പണിയുകയോ ചെയ്യണമെന്ന ചരിത്രപരമായ തീരുമാനം 1986-ലെ ഇടവക പൊതുയോഗത്തിൽ എം. ടി. കുര്യൻ അച്ചന്റെ അധ്യക്ഷതയിൽ കൈക്കൊണ്ടു. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ 1995-ൽ സ്ഥലം വാങ്ങി; 2000-ൽ ദേവാലയ നിർമാണം ആരംഭിച്ചു. 2001 മെയ് 13-ന് അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് തിരുമേനി നിർമാണം പൂർത്തിയായ ദേവാലയം ആശീർവദിച്ച് സമർപ്പിച്ചു. തുടർന്ന് 2017-ൽ ദേവാലയം പുനർനവീകരിക്കുകയും അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി കൂദാശ നിർവഹിക്കുകയും ചെയ്തു.

ഇന്ന് 62 കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ ഇടവക, വിവിധ വികാരിമാരുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ, മാർത്തമറിയം സമാജം, സൺഡേ സ്കൂൾ, എം.ജി.ഒ.സി.എസ്.എം., FOCUS തുടങ്ങിയ ആത്മീയ സംഘടനകളിലൂടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിരിക്കുകയാണ്.

2022-ൽ ആറാമത് വികാരിയായി നിയമിതനായ റവ. ഫാ. ടോബിൻ മാത്യു അച്ചൻ തലമുറകളെ കോർത്തിണക്കി ഇടവകയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതൃത്വം നൽകി വരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.