ശബരിമല: പുതിയ മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് പുതിയ ശബരിമല മേൽശാന്തി. നിലവിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായ ഇദ്ദേഹം തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലെ അരീക്കര ഇല്ലം അംഗമാണ്.മണിയൂർ പാലയാട് നട ആയടത്തില്ലം എ. ദാമോദരൻ നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേൽശാന്തി. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ ഇദ്ദേഹം പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രം മേൽശാന്തി പ്രവർത്തിക്കുകയാണ് ഇപ്പോൾ. ശബരിമല മേൽശാന്തി സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിലും ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.നവംബർ 16ന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്.

