ചിക്കാഗോ: കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും മുന്‍മന്ത്രി പി.ജെ. ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചിക്കാഗോ പൗരാവലിയുടെ വകയായി ഉജ്വല സ്വീകരണം നല്കി. മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പള്ളി വക ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടത്തപ്പെട്ടത്. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് അപു ജോണ്‍ ജോസഫ് വിശദമായി സംസാരിച്ചു. കാര്‍ഷിക, വിദ്യാഭ്യാസ, റോഡ് വികസന മേഖലകളില്‍ കേരളാ കോണ്‍ഗ്രസും മുന്‍മന്ത്രി പി.ജെ. ജോസഫും ചെയ്ത സേവനങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. കേരളത്തില്‍ പല രംഗങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കേരളാ
കോ
ണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ ഘോഷയാത്രയും ഇലക്ഷന്‍ കഴിയുമ്പോള്‍ അതൊക്കെ മറക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാരിന്‍റെ പ്രവണതകളെ അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്കുന്ന രീതിയാണ് ഇന്നു കണ്ടുവരുന്നത്. കാര്‍ഷിക മേഖലയില്‍ വിജയം കൈവരിച്ചിട്ടുള്ള നിരവധി കര്‍ഷകരും കര്‍ഷക സംരംഭങ്ങളുമുണ്ട്. അതിനൊന്നും കാര്യമായ പ്രചാരണം ഇന്ന് ലഭിക്കുന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പല രംഗങ്ങളിലും വികസനോന്മുഖമായ മാറ്റങ്ങള്‍ കേരള ജനതയ്ക്കു കാണുവാന്‍ കഴിയും. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അപു ജോണ്‍ ജോസഫ് വിശദമായ മറുപടി നല്കി.
പ്രവാസി കേരളാ കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വടക്കെ അമേരിക്കയിലെ കേരളാ കോണ്‍ഗ്രസിന്‍റെ വിപുലീകരണം കേരളാ കോണ്‍ഗ്രസിന്‍റെ സംസ്കാരത്തില്‍ ജനിച്ചുവളരുകയും പിന്നീട് പ്രവാസികളായി മാറുകയും ചെയ്ത എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് സണ്ണി വള്ളിക്കളം പ്രസ്താവിച്ചു. ലോകമെമ്പാടുമുള്ള പ്രവാസി കേരളാ കോണ്‍ഗ്രസുകാരെ സംഘടിപ്പിച്ചുകൊണ്ട് 2026 ജനുവരി മാസത്തില്‍ കോട്ടയത്തു വെച്ച് പ്രവാസി കേരളാ കോണ്‍ഗ്രസ് സംഗമം സംഘടിപ്പിക്കുവാന്‍ താല്പര്യമുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ സണ്ണി വള്ളിക്കളം ചൂണ്ടിക്കാട്ടി.
മാത്യു തട്ടാമറ്റം, സൂസന്‍ ഡാനിയല്‍, ജെയ്ബു മാത്യു കുളങ്ങര, പ്രവീണ്‍ തോമസ്, സജി പൂതൃക്കയില്‍, പ്രിയ ജോസഫ്, ബിജു കിഴക്കേക്കുറ്റ്, ബിനു കൈതക്കതൊട്ടിയില്‍, സോയി കുഴിപ്പറമ്പില്‍, ബെന്നി കോട്ടപ്പുറം, ജോര്‍ജ് പണിക്കര്‍, ജോഷി വള്ളിക്കളം, ജിനോ മഠത്തില്‍, പോള്‍ പറമ്പി, അഡ്വ. പോള്‍ പീറ്റര്‍, ഷിനു ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഷിബു മുളയാനിക്കുന്നേല്‍ സ്വാഗതവും രാജു മാനുങ്കല്‍ കൃതജ്ഞതയും പറഞ്ഞു.
പ്രവാസി കേരളാ കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം, മാത്യു തട്ടാമറ്റം, ഷിബു മുളയാനിക്കുന്നേല്‍, അഗസ്റ്റിന്‍ ആലപ്പാട്ട്, വിന്‍സന്‍റ് ജോസഫ്, ഷിബു അഗസ്റ്റിന്‍, സാജന്‍ പച്ചിലമാക്കീല്‍ തുടങ്ങിയവര്‍ സ്വീകരണ സമ്മേളനത്തിനു നേതൃത്വം നല്കി.
ഫോട്ടോ: മോനു വര്‍ഗീസ്

































