വൈകിയെത്തുന്ന മകനും കൂട്ടുകാർക്കുമായി ശബ്ദമില്ലാതെ വാതിൽ തുറന്ന്, കരുതി വെച്ച ഭക്ഷണം വിളമ്പി ക്കൊടുത്ത് എല്ലാർക്കും ഉറങ്ങാൻ ഇടം നൽകുന്ന ഒരമ്മ.
അന്നത്തെ കാലത്തെ ശരാശരി മിഡിൽ ക്ലാസ് കുടുംബങ്ങളിലെ പോലെ മകൻ പഠിച്ച് ഡോക്ടറാകണം എന്നായിരുന്നു അച്ഛൻ്റെ ആഗ്രഹം. നീലക്കൊടിയിൽ പ്രചോദിതനായി മുദ്രാവാക്യം വിളിച്ച് വഴിമാറി നടന്ന മകനെ അതു കൊണ്ടു തന്നെ പല സന്ദർഭങ്ങളിലും അംഗീകരിക്കാൻ അദ്ദേഹത്തിനായില്ല.
രാഷ്ട്രീയ പ്രവർത്തനത്തിനു പോയി താമസിച്ചു വന്നാൽ വീട്ടിൽ കയറ്റണ്ടാ എന്നും ഭക്ഷണം കൊടുക്കണ്ട എന്നുമായിരുന്നു അച്ഛൻ്റെ ഉഗ്രശാസനം.
അച്ഛനും മകനും ഇടയിൽ ഒരു വലിയ പ്രതിസന്ധിയിൽ പെട്ടുപോയത് ദേവകിയമ്മയായിരുന്നു. അധ്യാപകനായ ഭർത്താവിൻ്റെ കാർക്കശ്യവും വിദ്യാർഥി നേതാവായ മകൻ്റെ ആവേശവും രണ്ട് ധ്രുവങ്ങളിലായിരുന്നു. ഇതിനിടയിൽ പെട്ടു നട്ടം തിരിയാനായിരുന്നു ദേവകിയമ്മയുടെ നിയോഗം.
പക്ഷേ ഭർത്താവിൻ്റെ കാർക്കശ്യത്തിനപ്പുറം അമ്മയുടെ വാൽസല്യം വിജയിച്ചു.
അമ്മ പാതിരാക്കണ്ണുമായി കാത്തിരുന്നു. ഞാൻ മാത്രമല്ല ഒപ്പം സഹപ്രവർത്തകരും ഉണ്ടാകും എന്ന് അമ്മയ്ക്കറിയാവുന്നതു കൊണ്ട് മൂന്നും നാലും പേർക്കുള്ള ഭക്ഷണം കരുതി. അത് കഴിച്ചുറങ്ങി വെളുപ്പാൻ കാലത്ത് അച്ഛനുണരും മുമ്പ് സ്ഥലം വിടുമായിരുന്നു ഞങ്ങൾ.
ഇന്ന് അമ്മയ്ക്ക് 90 വയസായി. പ്രായാധിക്യത്തിൻ്റെ തെല്ല് അവശതകൾ ബാക്കിയുണ്ടെങ്കിലും ഓർമ്മയ്ക്കും കാരുണ്യത്തിനും ഉടവ് തട്ടാതെ അമ്മ പ്രസന്നവതിയായിരിക്കുന്നു.
എൻറെ വളർച്ചയ്ക്ക് ഞാൻ ഏറ്റവും കടപ്പെട്ടത് ആരോട് എന്ന് ചോദിച്ചാൽ അമ്മയല്ലാതെ മറ്റൊരു ഉത്തരമില്ല. അന്ന് അച്ഛൻറെ വഴിയെ അമ്മയും നടന്നിരുന്നെങ്കിൽ രമേശ് ചെന്നിത്തല എന്ന പൊതുപ്രവർത്തകൻ ഉണ്ടാവില്ലായിരുന്നു.
അമ്മയുടെ കാരുണ്യവും പിന്തുണയുമാണ് ഞാൻ.


