PRAVASI

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ഫിലാഡല്‍ഫിയായില്‍

Blog Image

ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്സ് സഭ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ ആസ്ഥാനത്തു വെച്ച് ജൂലൈമാസം 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ നടക്കുന്ന 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിന്‍റെ കിക്കോഫ് മെയ്മാസം മൂന്നാം തീയതി വിശുദ്ധ കുര്‍ബാനാനന്തരം ഫിലാഡല്‍ഫിയ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലില്‍ വെച്ചു നടന്നു. ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികരിലൊരാളായ വന്ദ്യ ജോസ് ദാനിയേല്‍ പയറ്റേല്‍ കോര്‍ എപ്പിസ്കോപ്പയില്‍ നിന്നും പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോം സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തദവസരത്തില്‍ അമേരിക്കന്‍ അതിഭദ്രാസനം ജോയിന്‍റ് ട്രഷറര്‍ ബോബി കുര്യാക്കോസ് (ന്യൂജേഴ്സി), കൗണ്‍സില്‍ അംഗങ്ങളായ റോയി മാത്യു (ന്യൂയോര്‍ക്ക്), സാബു സ്കറിയ (ഫിലാഡല്‍ഫിയ) എന്നിവര്‍ സന്നിഹിതരായിരുന്നു.
യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ നവാഭിഷിക്തനായ ആബൂര്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
"യഹോവയെ കണ്ടെത്താനാകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍. അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍" (യേശയ്യ 55: 6) എന്നുള്ളതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്‍റെ ചിന്താവിഷയം.
കോണ്‍ഫറന്‍സിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ആദ്യമായി അമേരിക്കയിലെത്തുന്ന ബാവ തിരുമനസ്സിന് നല്കപ്പെടുന്ന വമ്പിച്ച വരവേല്പിന്‍റെ ക്രമീകരണങ്ങളെക്കുറിച്ചും തദവസരത്തില്‍ കൗണ്‍സില്‍ അംഗം ബോബി കുര്യാക്കോസ് വിശദീകരിച്ചു. കത്തീഡ്രല്‍ ദേവാലയത്തിന്‍റെ സമ്പൂര്‍ണ്ണ സഹകരണവും പ്രാതിനിധ്യവും മുന്‍വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും ഉണ്ടാകണമെന്ന് തദവസരത്തില്‍ ഭദ്രാസന ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു. നിരവധി കുടുംബങ്ങള്‍ തദവസരത്തില്‍ രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ചു നല്കി.
മെയ് മാസം 16-ാം തീയതി ഭദ്രാസന ആസ്ഥാനത്ത് (236 Old Tappan Rd, Old Tappan,NJ)  വെച്ച് നടക്കുന്ന ഫുഡ്ഫെസ്റ്റിവലിന്‍റെ ക്രമീകരണങ്ങളെക്കുറിച്ചും ഭദ്രാസനത്തിന്‍റെ ഫണ്ട് റെയ്സിങ്ങിനു വേണ്ടി നടത്തുന്ന ഫുഡ്ഫെസ്റ്റിവല്‍ വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ന്യൂജേഴ്സിയിലെ ഓള്‍ഡ് താപ്പാന്‍ ടൗണ്‍ഷിപ്പിന്‍റെ ഒരു ഉത്സവമായാണ് ഈ ഫുഡ്ഫെസ്റ്റിവല്‍ എല്ലാവര്‍ഷവും നടത്തിവരുന്നത്. ന്യൂജേഴ്സിയിലെയും ഓള്‍ഡ് താപ്പാന്‍ ടൗണ്‍ഷിപ്പിലെയും ഔദ്യോഗിക ഭാരവാഹികള്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വലിയ ജനപങ്കാളിത്തം ഈ വര്‍ഷവും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
കിക്കോഫ് പരിപാടികള്‍ക്ക് സെന്‍റ് പീറ്റേഴ്സ് കത്തീഡ്രല്‍ വൈസ് പ്രസിഡണ്ട് ഏലിയാസ് പോള്‍, സെക്രട്ടറി ജെഫ് ജോര്‍ജ്, ട്രഷറര്‍ റ്റാനിയ തമ്പി, കൗണ്‍സില്‍ അംഗം സാബു സ്കറിയ, ഷാന ജോഷ്വ, റീബ ജേക്കബ്, ലിസ്സി തോമസ്, റോളി എല്‍ദോ, എല്‍ദോസ് വര്‍ഗീസ്, ഡോ. മാത്യു ഇടിച്ചാണ്ടി, മാത്യൂസ് മഞ്ച, ജിമ്മി ജേക്കബ് ജോര്‍ജ്, ബാബു തോമസ്, വര്‍ഗീസ് പട്ടമ്മാടി, ജാന്‍സി പൗമാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.