കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഥാർ ജീപ്പിൽ നിന്ന് എയർ ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ 28 ന് വൈകിട്ട് ഏഴോടെ എരഞ്ഞിപ്പാലത്താണ് അപകടമുണ്ടായത്.
അശ്വന്ത് ഓടിച്ച ഥാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയെന്നാണ് പരാതി.മനുഷ്യജീവന് അപകടമുണ്ടാകുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

